ഗോവയിലെ മതദ്രോഹവിചാരണകൾ
പോർച്ചുഗീസ് മതദ്രോഹവിചാരണകളുടെ ഭാഗമായി പോർച്ചുഗീസ് ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു പോർച്ചുഗീസ് സാമ്രാജ്യങ്ങളിലെയും മതദ്രോഹവിചാരണകൾ നടത്തിയിരുന്നത് ഗോവയിലാണ്. ഇവയെ ആകെക്കൂടി ഗോവയിലെ മതദ്രോഹവിചാരണകൾ(Goa Inquisition) എന്ന് വിളിക്കുന്നു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി, 1774 മുതൽ 1778 വരെ മുടങ്ങിയതൊഴിച്ചാൽ, 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു.[1] ഇതേപ്പറ്റി ലഭ്യമായ രേഖകൾ പരിശോധിച്ച എച്.പി.സലോമോനും യഹൂദപണ്ഡിതനായ ഇസ്‌ഹാക് എസ്. ഡി. സാസ്സൂണും പറയുന്നത് 1561 മുതൽ 1774 വരെ 16,202 ആൾക്കാരെ മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തു എന്നാണ്. ഇതിൽ 57 പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരുടെ കോലം കെട്ടി കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട മറ്റു പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല.[2] പുതുതായി ക്രിസ്ത്യാനിയായ ശേഷം മതം ഉപേക്ഷിച്ച ജൂതന്മാരെയും മുസ്ലീമുകളെയും അവരുടെ പിന്മുറക്കാരെയും അവരുടെ മുൻഗാമികൾ ശീലിച്ചുവന്ന മതം രഹസ്യമായി പിന്തുടരുന്നുണ്ടെന്ന് സംശയം തോന്നിയവരെയും വിചാരണ ചെയ്യുന്നതിനാണ് ഈ പരിപാടി ആരംഭിച്ചത്.[2] ഇതിൽ ഇന്ത്യക്കാരിൽ ഹിന്ദുമതത്തിൽ നിന്നും ഇസ്ലാം മതത്തിൽ നിന്നും ക്രിസ്തീയമതത്തിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടശേഷം സ്വമതത്തിലേക്ക് മടങ്ങിയെന്ന് സംശയം തോന്നിയവരെയും ഗോവയിൽ വിചാരണ ചെയ്യുകയുണ്ടായി. കൂടാതെ ഹിന്ദുമതാചാരങ്ങളും ഇസ്ലാം മതാചാരങ്ങളും പിന്തുടരരുതെന്ന് ഏർപ്പെടുത്തിയ വിലക്ക് മറികടന്നവരെയും പോർച്ചുഗീസുകാർ അന്യമതസ്ഥരെ ക്രിസ്തീയമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് എതിരുനിന്നവരെയും മതദ്രോഹവിചാരണ ചെയ്യുകയുണ്ടായി.[2] ക്രിസ്തീയവിശ്വാസം നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് മതദ്രോഹവിചാരണകൾ ആരംഭിച്ചതെങ്കിലും അത് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും യൂറോപ്പിൽ നിന്നും വന്ന പുതുതായി മതം മാറ്റപ്പെട്ട ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും എതിരെ ഉപയോഗിക്കുകയും അവരെ സാമൂഹ്യമായി നിയന്ത്രിക്കാനും അവരുടെ സ്വത്തുകണ്ടുകെട്ടാനും വിചാരണാധികാരികളെ സമ്പന്നരാക്കാനുമെല്ലാം ഉപയോഗിക്കപ്പെട്ടു.[3] ഗോവയിലെ മതദ്രോഹവിചാരണകളെപ്പറ്റിയുള്ള മിക്ക രേഖകളും 1812 -ൽ മതദ്രോഹവിചാരണകൾ നിരോധിച്ചതോടെ നശിപ്പിക്കപ്പെട്ടതിനാൽ എത്രത്തോളം ആൾക്കാർ ഈ പീഡനങ്ങൾക്ക് ഇരയായെന്നും എന്തെല്ലാം ശിക്ഷാവിധികളാണ് അവർക്കെതിരെ നടപ്പാക്കിയതെന്നും കൃത്യമായി അറിവില്ല.[2] പശ്ചാത്തലംപോർചുഗീസിലെ മതദ്രോഹവിചാരണകൾപ്രധാനലേഖനം പോർചുഗീസിലെ മതദ്രോഹവിചാരണകൾ ഐബീരിയൻ രാജ്യങ്ങളായ കാസിലെയും അരഗോണിലെയും ഫെർഡിനാന്റും ഇസബെല്ലയും 1469 -ൽ വിവാഹിതരായപ്പോൾ ഉണ്ടായ ഐക്യ സ്പെയിൻ എന്ന ക്രൈസ്തവസാമ്രാജ്യത്തിൽ നിന്നും പോർച്ചുഗലിലും മതദ്രോഹവിചാരണ വേണമെന്ന സമ്മർദ്ദത്തെ ആദ്യമാദ്യം പോർച്ചുഗൽ പ്രതിരോധിച്ചിരുന്നു. 1492 -ഓടെ സ്പെയിൻ മൂറുകളെയും ജൂതന്മാരെയും പുറത്താക്കുകയോ, നിർബന്ധിച്ച് മതംമാറ്റുകയോ കൊന്നുതീർക്കുകയോ ചെയ്തിരുന്നു.[4][5] 1497 -ൽ പോർച്ചുഗൽ രാജാവായ മാനുവൽ സ്പാനിഷ് ചക്രവർത്തിമാരുടെ മൂത്തപുത്രിയായ ഇസബെല്ലയെ വിവാഹം കഴിച്ചു. (ഇസബെല്ലയുടെ മരണശേഷം അദ്ദേഹം അവളുടെ ഇളയ പെങ്ങളായ മരിയയെയും വിവാഹം കഴിച്ചു). ഈ വിവാഹം നടക്കുന്നതിന് സ്പാനിഷ് ചക്രവർത്തിമാർ വച്ച നിബന്ധനകളിൽ ഒന്ന് മതദ്രോഹവിചാരണ പോർച്ചുഗലിൽ നടപ്പാക്കണം എന്നതായിരുന്നു. സ്പെയിനിൽ വിചാരണ നേരിടുന്നതിൽ നിന്നും രക്ഷപ്പെട്ട് പോർച്ചുഗലിലേക്ക് നാടുവിട്ടവരടക്കം എല്ലാ ജൂതന്മാരെയും ഒന്നുകിൽ നിർബന്ധിച്ച് മതംമാറ്റുകയോ അല്ലെങ്കിൽ നാടുകടത്തുകയോ ചെയ്യണമെന്നും വ്യവസ്ഥ വച്ചു.[4][5] പോർച്ചുഗൽ സമൂഹത്തോട് നല്ലവണ്ണം ഇഴുകിച്ചേർന്ന ഡോക്ടർമാരും പ്രിന്റർമാരും ബാങ്കുകാരും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുമെല്ലാമുള്ള ഒരു വലിയ സമ്പന്നജൂതസമൂഹം അവിടെ ഉണ്ടായിരുന്നു.[4] (1497 -ൽ ഹീബ്രുവിൽ പ്രിന്റ് ചെയ്ത പെന്ററ്റ്യൂക് ആണ് പോർച്ചുഗലിൽ ആദ്യമായി അച്ചടിച്ച പുസ്തകം). ഇക്കാരണങ്ങളാൽ വിചാരണകൾക്കായി സ്പെയിനിൽനിന്നുമുണ്ടായ സമ്മർദ്ദങ്ങൾക്ക് അനുകൂലമായി പോർച്ചുഗീസ് രാജാവ് ഏതാനും വർഷങ്ങൾ കാര്യമായി പ്രതികരിച്ചില്ല.[5] സ്പെയിനിൽ നിന്നും സമ്മർദ്ദമേറിയപ്പോൾ പോർച്ചുഗീസ് രാജാവ് ജൂതന്മാരോട് നിർബന്ധിതമതപരിവർത്തനം ചെയ്യാൻ ആജ്ഞാപിച്ചു. ഇത്തരം പരിവർത്തനങ്ങളെ രണ്ടു വ്യാഴവട്ടത്തേക്ക് ചോദ്യം ചെയ്യാൻ പാടില്ലെന്നും നിയമം വച്ചു.[6] 1506 -ൽ രണ്ടു സ്പാനിഷ് ഡൊമിനിക്കന്മാരുടെ മതപ്രസംഗത്താൽ ഉണ്ടായ കലാപത്തിൽ ജൂതന്മാരിൽ നിന്നും പുതുതായി ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട നൂറുകണക്കിനു ആൾക്കാർ കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. നിരവധി ജൂതന്മാർ ഇംഗ്ലണ്ടിലേക്കും ഫ്രാൻസിലേക്കും ആംസ്റ്റർഡാമിലേക്കും നാടുവിട്ടു.[6] പലരും ഏഷ്യയിലേക്ക് വ്യാപാരികളായിപ്പോയി, ഇന്ത്യയിൽ താമസമുറപ്പിച്ചു. ഒരു നൂറ്റാണ്ടിനുശേഷം, ചരിത്രകാരന്മാരുടെ കണക്കിൽ, പുതുതായി മതപരിവർത്തനം ചെയ്യപ്പെട്ട 20000ത്തോളം ജൂതന്മാർ ബാക്കിയുണ്ടായിരുന്നു, അവരിൽ മിക്കവരും പോർച്ചുഗലിന്റെ കിഴക്ക്, വടക്കുകിഴക്ക് മേഖലകളിൽ ആയിരുന്നു ഉണ്ടായിരുന്നത്.[6] മനുവൽ ഒന്നാമൻ രാജാവിന്റെ മരണം കഴിഞ്ഞുള്ള പത്തുവർഷക്കാലത്ത്, അതായത് 1536 വരെ, പോർച്ചുഗലിൽ മതദ്രോഹവിചാരണകൾ നടപ്പാക്കിയിരുന്നില്ല. [7] പുതുതായി പരിവർത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളിൽ ഏറെ ശ്രദ്ധേയനായിരുന്നു പ്രൊഫസ്സർ ഗാർസിയ ഡി ഓർട്ട. അദ്ദേഹം 1534 -ൽ ഗോവയിലേക്ക് കുടിയേറി. മരണാനന്തരം ഇദ്ദേഹത്തെ ജൂതനാണെന്നും പറഞ്ഞ് വിചാരണ നടത്തി.[6] മതദ്രോഹവിചാരണകൾ ഗോവയിലേക്ക് വരുന്നുപതിനഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കടൽമാർഗ്ഗത്തിനായി പര്യവേഷണം നടത്തിയ പോർച്ചുഗീസുകാർക്ക് ഏഷ്യയിൽ ക്രിസ്തുമതം പ്രചരിപ്പിക്കാനുള്ള അനുഗ്രഹവും രക്ഷാധികാരവും പോപ്പ് നിക്കോളാസിനാൽ ലഭിച്ചു. എന്നു മാത്രമല്ല പുതുതായി കണ്ടെത്തുന്ന നാടുകളിലെ വ്യാപാരകുത്തകയും അവർക്ക് നൽകി.[8] 1498 -ൽ വാസ്കോ ഡി ഗാമ ഇന്ത്യയിൽ വന്നതിനു ശേഷം വ്യാപാരം അഭിവൃദ്ധി പ്രാപിച്ചെങ്കിലും പോർച്ചുഗീസുകാർക്ക് നിർബന്ധിതമതംമാറ്റത്തിൽ താത്പര്യമുണ്ടായിരുന്നില്ല. നാലു പതിറ്റാണ്ടുകൾക്കുശേഷം, ഏഷ്യ എല്ലാ ക്രിസ്ത്യാനികൾക്കുമായി തുറന്നുകൊടുക്കുമെന്ന് പോപ്പ് മുന്നറിയിപ്പുനൽകി.[9] പുതുതായി രൂപം കൊണ്ട ജെസ്യൂട്ട് മതപ്രചാരകരെ ഗോവയിലേക്ക് അയച്ചു. ഗോവയിലെ കോളനി ഭരിക്കുന്ന പോർച്ചുഗീസുകാർ പുതുതായി ക്രിസ്താനികൾ ആകുന്നവർക്ക് പലവിധ പ്രോൽസാഹനങ്ങളും നൽകി. [9] പുതുതായി മതപരിവർത്തനം ചെയ്ത പലരും തന്താങ്ങളുടെ പഴയ മതം രഹസ്യമായി പിന്തുടർന്നുവന്നു. ഇത് ക്രിസ്തീയവിശ്വാസത്തിന്റെ പാവനതക്ക് ഭീഷണിയാകുമെന്ന് പുരോഹിതർ കരുതി. 1545 -ൽ പോർച്ചുഗലിലെ ജോൺ മൂന്നാമന് എഴുതിയ കത്തിൽ ഗോവയിൽ മതദ്രോഹവിചാരണ തുടങ്ങണമെന്ന് സെന്റ് ഫ്രാൻസിസ് സേവ്യർ ആവശ്യപ്പെട്ടു.[9] തുടക്കംബീജപ്പൂരിലെ അദിൽ ഷാ ഗോവയിൽ നിർമ്മിച്ചിരുന്ന കൊട്ടാരത്തിൽ താമസിച്ചിരുന്ന പോർച്ചുഗീസ് വൈസ്രോയിയെ ചെറിയൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ച് ആദ്യത്തെ വിചാരണക്കാരായ അലെക്സിയോ ഡയസ് ഫാൽകാവോയും. [10] ഫ്രാൻസിസ്കോ മാർക്വേസും അവിടെ സ്ഥാനം പിടിച്ചു.[11] ഹിന്ദുവിശ്വാസപ്രകാരം പ്രിയപ്പെട്ടവരുടെ മരണത്തിൽ പരസ്യമായി ദുഃഖം പ്രകടിപ്പിക്കുന്നത് തടയുകയായിരുന്നു വിചാരണക്കാരുടെ ആദ്യത്തെ നടപടികളിലൊന്ന്. സ്പെയിനിലെ മതദ്രോഹവിചാരണകളിൽ നിന്നും രക്ഷപ്പെട്ട് ഗോവയിൽ ജീവിക്കുന്ന ജൂതന്മാരോ - അവരുടെ മുൻഗാമികളോ - പുറത്തുകാണിക്കാൻ വേണ്ടിമാത്രമാണ് ക്രിസ്തീയമതം സ്വീകരിച്ചതെന്നു മനസ്സിലാക്കിയാൽ അവരെയാണ് ആദ്യമായി വിചാരണക്കാർ ലക്ഷ്യമിട്ടത്.[11] ഡ ഫോൻസേകയുടെ വിവരണങ്ങളിൽ നിന്നും വിചാരണയുടെ ക്രൂരതയും പൈശാചികതയും മനസ്സിലാക്കാവുന്നതാണ്. കുറ്റാരോപിതരെ പാർപ്പിക്കാൻ നൂറുകണക്കിന് ജയിലറകളാണ് വേണ്ടിവന്നതെന്ന് കണക്കുകൾ പറയുന്നു.[11] 1560 മുതൻ 1774 വരെ 16,172 ആൾക്കാരെ വിചാരണ ചെയ്തു ശിക്ഷിക്കുകയോ വിടുകയോ ചെയ്തിട്ടുണ്ട്.[12] പല ദേശക്കാരും ഇവരിൽ ഉണ്ടെങ്കിലും മുക്കാൽ ഭാഗവും നാട്ടുകാർ തന്നെയായിരുന്നു, എതാണ്ട് പകുതി വീതം ക്രിസ്ത്യാനികളും പകുതി മറ്റുള്ളവരും. ഗോവയുടെ അതിരുമുറിച്ചു കടന്ന് അവിടെ കൃഷി ചെയ്തു എന്നൊക്കെയായിരുന്നു പല വിചാരണകളുടെയും കാരണങ്ങളായി കാണിച്ചത്.[13] 71 പരസ്യ ഏറ്റുപറച്ചിലുകളും തുടർന്ന് വധിക്കലും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യവർഷങ്ങളിൽത്തന്നെ 4000 -നു മേലേ ആൾക്കാരെ തടവിലാക്കിയിട്ടുണ്ട്.[11] ആദ്യ നൂറ് വർഷങ്ങളിൽ 57 പേരെ ജീവനോടെയും 64 പേരുടെ കോലം കെട്ടിയും കത്തിച്ചിട്ടുണ്ട്, അതിൽ 105 പേർ പുരുഷന്മാരും 16 പേർ സ്ത്രീകളും ആയിരുന്നു. മറ്റു ശിക്ഷകൾ കിട്ടിയ 4046 പേരിൽ 3034 പുരുഷന്മാരും 1012 സ്ത്രീകളും ഉണ്ടായിരുന്നു.[14] ക്രോണിക്കിൾസ് ഓഫ് Tiswadi ((Chronista de Tissuary (Chronicles of Tiswadi)) പ്രകാരം ഗോവയിലെ അവസാന ഏറ്റുപറച്ചിലും വധിക്കലും നടന്നത് 1773 ഫെബ്രുവരി ഏഴാം തിയതിയാണ്. [14] ചരിത്ര പശ്ചാത്തലംആൾക്കാർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് പ്രോൽസാഹിപ്പിക്കാൻ പോർച്ചുഗീസ് അധിനിവേശ സർക്കാർ ഹിന്ദുവിരുദ്ധനിയമങ്ങൾ നടപ്പിലാക്കി. ക്രിസ്ത്യാനികൾ ഹിന്ദുക്കളെ തൊഴിലാളികളാക്കി വയ്ക്കുന്നതു വിലക്കിയതുകൂടാതെ ഹിന്ദുമതക്കാർ പരസ്യമായി പ്രാർത്ഥിക്കുന്നതു നിയമവിരുദ്ധമാക്കി.[15] പള്ളിയിൽ പോകുന്നതും മതപ്രസംഗങ്ങളും തങ്ങളുടെ മതകാര്യങ്ങൾ അബദ്ധമാണെന്നു വരുത്തുന്നതരത്തിലുള്ള പ്രഘോഷണങ്ങൾ കേൾക്കുന്നതും നിർബന്ധമാക്കി.[16][17] ഹിന്ദു പണ്ഡിതന്മാരും വൈദ്യന്മാരും കുതിരപ്പുറത്തും പല്ലക്കിലും തലസ്ഥാനത്തുപ്രവേശിക്കുന്നത് വൈസ്രോയി വിലക്കി. വിലക്കു ലംഘിച്ചാൽ ആദ്യതവണ പിഴയും പിന്നീട് തടവിലാക്കുന്നതുമായിരുന്നു ശിക്ഷ.[18] ക്രിസ്ത്യാനിമാരായ പലക്കുചുമക്കുന്നവർ ഹിന്ദുക്കളെ പല്ലക്കിൽ കയറ്റുന്നത് നിയമവിരുദ്ധമാക്കി. ക്രിസ്തീയ ജോലിക്കാർ ഹിന്ദുക്കൾക്കുവേണ്ടി ജോലിചെയ്യുന്നതു നിരോധിച്ചു. അതുപോലെ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ ജോലിക്കുനിർത്തുന്നതും നിയമവിരുദ്ധമാക്കി.[18] ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഹിന്ദുക്കൾക്ക് സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. അങ്ങനെ ക്രിസ്തുമതക്കാരല്ലാതെ ഗോവയിൽ ജീവിക്കുന്നത് പലതരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ മതംമാറ്റത്തിന്റെ ഒരു തരംഗം തന്നെ ഗോവയിൽ ഉണ്ടായി.[19] ഇതിൽ നിന്നും രക്ഷപ്പെടാൻ ഗോവയിൽ നിന്നും പലരും[20] പല മുസ്ലീം പ്രദേശങ്ങളിലേക്കുപോലും നാടുവിട്ടു.[21] മറ്റ് പോർച്ചുഗീസ് കോളനികളിൽ നിന്നും ഗോവയിലേക്ക് കുടിയേറിയ റോമൻ കത്തോലിക്കർ തന്നെയായ പലരും ഗോവയിൽ ജീവിച്ചതുകൊണ്ട് ഹിന്ദുആചാരങ്ങളുമായി പൊരുത്തം പ്രാപിച്ചിരുന്നു. അതിനാൽത്തന്നെ അവർക്കും പല നാട്ടുരാജ്യങ്ങളിലേക്കും നാടുവിടേണ്ടിവന്നു, ഇങ്ങനെയുള്ള പലരും അതത് രാജ്യങ്ങളിൽ കുതിരപ്പടയിലും തോക്ക് ഉപയോഗിക്കുന്ന കാലാൾപ്പടയിലുമൊക്കെ സേവനമനുഷ്ഠിച്ചുപോന്നു. [22] വിചാരണനടത്തി ശിക്ഷിച്ച മിക്കവരും വർഷങ്ങളോളം കപ്പലുകളിൽ തണ്ടുവലിക്കാനും വെടിമരുന്നുശാലകളിൽ പണിയെടുക്കാനും നിയോഗിക്കപ്പെട്ടു. മതനിന്ദ നടത്തിയവർക്കുള്ള ശിക്ഷ മരണമായിരുന്നു.[23] ഹൈന്ദവപീഡനംഇൻഡോ-പോർച്ചുഗീസ് ചരിത്രകാരനായ ടിയോടോണിയോ ആർ ഡിസൂസയുടെ അഭിപ്രായമനുസരിച്ച് ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണ് ഗോവയിൽ നടന്നത്.[24] പോച്ചുഗലിൽ നിന്നും ഗോവയിലേക്ക് അയയ്ക്കപ്പെട്ട ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കോടതിയിലാണ് മതദ്രോഹവിചാരണകൾ നടത്തിയത്. ലിസ്ബൺ മതദ്രോഹവിചാരണക്കോടതിയോടു മാത്രമേ അദ്ദേഹം ഉത്തരം പറയേണ്ടിയിരുന്നുള്ളൂ. അവിടുത്തെ നിയമം അനുസരിച്ചായിരുന്നു അദ്ദേഹം ഇവിടെ ശിക്ഷകൾ വിധിച്ചിരുന്നത്. വിചാരണ നടക്കുന്ന കൊട്ടാരത്തെ ഭയപ്പെടുത്തുന്ന വലിയ വീട് (fearful Big House) എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്. വിചാരണകൾ വളരെ രഹസ്യസ്വഭാവത്തോടെയാണ് നടത്തിയിരുന്നത്. ഫാ: ഡിയോഗോ ഡ ബോർബയും അവരുടെ ഉപദേശിയായ വികാർ ജനറൽ മിഗുവേൽ വാസും കൂടി ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നതിന് പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഈ പദ്ധതി പ്രകാരം വൈസ്രോയി അന്റോണിയോ ഡൊ നൊറോഞ്ഞ 1566 -ൽ പോർച്ചുഗീസ് ഭരണപ്രദേശങ്ങളിലെല്ലാം നടപ്പിൽ വരുത്തേണ്ട ഒരു ഉത്തരവ് ഇറക്കി.
1567 -ൽ ബാർഡേസിൽ അമ്പലങ്ങൾ തകർക്കാനുള്ള ശ്രമം വൻ വിജയം കണ്ടു. അത് അവസാനിക്കുമ്പോഴേക്കും 300 ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തുകഴിഞ്ഞിരുന്നു. 1567 ഡിസംബർ 4 മുതൽ ഹിന്ദു വിവാഹങ്ങൾക്കും ഉപനയനങ്ങൾക്കും ശവദാഹത്തിനും നിരോധനം ഏർപ്പെടുത്തി. 15 വയസ്സിനു മേലേയുള്ള എല്ലാവരും നിർബന്ധമായി ക്രിസ്തീയമതപ്രഘോഷണം കേട്ടിരിക്കണമെന്ന് നിയമമുണ്ടാക്കി. കേൾക്കാത്ത പക്ഷം അവരെ ശിക്ഷിച്ചിരുന്നു. 1583 -ൽ അസ്സോൾനയിലെയും കുൺകോളിമിലെയും ഹൈന്ദവക്ഷേത്രങ്ങൾ പട്ടാളത്തെ ഉപയോഗിച്ചു തകർത്തു. 1578 മുതൽ 1588 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന ഫിലിപ്പോ സസ്സേറ്റി ഇങ്ങനെ എഴുതി:
1620 -ൽ ഹിന്ദുക്കൾ വിവാഹചടങ്ങ് നടത്തുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറത്തിറക്കി.[25] കൊങ്കണി ഭാഷ ഉപയോഗിക്കുന്നത് തടയുവാനും പോർച്ചുഗീസ് ഭാഷ നിർബന്ധമായി ഉപയോഗിക്കുവാനും 1684 -ജൂണിൽ ഇറങ്ങിയ ഒരു ഉത്തരവ് പ്രകാരം നിയമം വന്നു. നാട്ടുഭാഷ ആരെങ്കിലും ഉപയോഗിച്ചാൽ കനത്ത ശിക്ഷ നൽകുന്നതായിരുന്നു ആ നിയമം. ആ നിയമത്തെ തുടർന്ന് അക്രൈസ്തവചിഹ്നങ്ങളും നാട്ടുഭാഷകളിൽ എഴുതിയ പുസ്തകങ്ങളും നശിപ്പിക്കാൻ ഉത്തരവായി.[26] മതദ്രോഹവിചാരകരുടെ ക്രൂരത നേരിട്ടുകണ്ടുബോധ്യപ്പെട്ടയാളായിരുന്നു ചാൾസ് ഡെല്ലൻ.[27] തന്റെ ഗോവയിലെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം 1687 -ൽ L'Inquisition de Goa (ഗോവയിലെ മതദ്രോഹവിചാരണകൾ) എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കി.[27] ക്രൈസ്തവപീഡനംഗോവയിലെ ക്രൈസ്തവരെ പീഡിപ്പിച്ചത്പാഷണ്ഡത ഇല്ലാതാക്കുക എന്നതായിരുന്നു മതദ്രോഹവിചാരണകളുടെ മുഖ്യമായ ലക്ഷ്യം. അതിനാൽത്തന്നെ മതംമാറ്റിയ ക്രൈസ്തവർ തങ്ങളുടെ പൂർവ്വമതത്തിലെ രീതികൾ പിന്തുടരുന്നതിനെ മിക്കപ്പോഴും ഹിന്ദുക്കളോടും മുസ്ലീമുകളോടും ചെയ്തതിലും കൂടുതൽ ക്രൂരമായിട്ടാണ് മതദ്രോഹവിചാരകർ നേരിട്ടത്. മുൻമതങ്ങളിലെ രീതി എന്തെങ്കിലും പിന്തുടരുന്നത് അക്രൈസ്തവവും നയവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു.[28] തിരിച്ച് സ്വമതത്തിലേക്ക് പോകുന്നതു തടയാനാണ് പ്രധാനമായും മതദ്രോഹവിചാരണകൾ നടത്തിയിരുന്നത്. ഇതിന് ദൂരവ്യാപകങ്ങളായ ഫലങ്ങളാണ് പലപ്പോഴും ഉണ്ടായത്. 1736 -ൽ ഉണ്ടാക്കിയ നിയമങ്ങൾ പ്രകാരം 42 -ലേറേ ഹിന്ദു മതാചാരങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അവയിൽ കുടുമ വയ്ക്കുന്നതും പൂണൂൽ ധരിക്കുന്നതും നമസ്തേ പറഞ്ഞു ഉപചാരം ചെയ്യുന്നതും, ചെരിപ്പിടുന്നതും, പള്ളിയിൽ കയറുമ്പോൾ ചെരിപ്പ് പുറത്ത് ഊരി വയ്ക്കുന്നതും വീടിന് മുൻപിൽ തുളസി നടുന്നതുമെല്ലാം ഉൾപ്പെട്ടിരുന്നു.[29] ഇത്തരം കാര്യങ്ങൾ നടപ്പിലാക്കിയിരുന്നത്, പരമ്പരാഗതമായ സാംസ്കാരികരീതികളായ വ്രതമെടുക്കുന്നത്, വീട്ടുമുറ്റത്ത് തുളസി നടുന്നത്, ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കും പൂക്കൾ ഉപയോഗിക്കുന്നത്, വിവാഹം പോലുള്ള ചടങ്ങുകളിൽ അടക്കയും വെറ്റിലയും ഉപയോഗിക്കുന്നത് എന്നിവയെല്ലാം വേരോടെ പിഴുതെറിഞ്ഞുകൊണ്ട് ആയിരുന്നു (റോബിൻസൺ, 2000). അടിച്ചൊതുക്കാനുള്ള നിയമങ്ങൾ, അമ്പലങ്ങളും മുസ്ലീം ആരാധനാലയങ്ങളും തകർക്കൽ,[30] വിശുദ്ധഗ്രന്ഥങ്ങൾ കത്തിക്കൽ, പിഴകൾ, അനാഥരെ നിർബന്ധമായി മതംമാറ്റൽ എന്നീ രീതികളെല്ലാം ഉപയോഗിച്ചിരുന്നു.[31] ![]() ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന മറ്റു ചില നിയമങ്ങൾ പാരമ്പര്യസംഗീതം നിരോധിച്ചതും ആഘോഷാവസരങ്ങളിലുള്ള സംഗീതം നിരോധിച്ചതുമൊക്കെയാണ്. പകരം അവിടെ പാശ്ചാത്യസംഗീതമേ ഉപയോഗിക്കാൻ പാടുണ്ടായിരുന്നുള്ളൂ.[32] മതംമാറ്റത്തോടെ സ്വന്തം പേരും മാറ്റപ്പെടുന്നവർക്ക് അവരുടെ പഴയ പേര് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഭക്ഷണശീലങ്ങളിലും നാടകീയമായ മാറ്റങ്ങൾ ഉണ്ടായി. ഒരു കാലത്ത് ഉപയോഗിക്കാനേ പാടില്ലാതിരുന്ന പന്നിമാംസവും പശുമാംസവും ഗോവയിലെ ഭക്ഷണശീലങ്ങളുടെ ഭാഗമായി. മദ്യവും ഭക്ഷണശീലങ്ങളിൽ എത്തി.[31] പോർച്ചുഗലിൽ നിലവിലിരുന്ന ബറോക് രീതി കെട്ടിടനിർമ്മാണത്തിലും ജനകീയരീതിയായി. അങ്ങനെ ഗോവയുടെ തനതായ രീതികളെല്ലാം മാറിമറിഞ്ഞ് ഗോവക്കാർ പാശ്ചാത്യവൽക്കരിക്കപ്പെട്ടു. ക്രിസ്താനികളിലെ വരേണ്യർ തങ്ങളെത്തന്നെ കുറെക്കൂടി സാംസ്കരികമായി ഉയർന്ന പോർച്ചുഗീസ് സംസ്കാരത്തിന്റെ ഭാഗമായി കൊണ്ടാടാൻ തുടങ്ങി.[33] എങ്കിലും പല ഗോവക്കാരും തങ്ങളുടെ പഴയ ഹൈന്ദവാചാരങ്ങളെ വിട്ടുപോവാതെ മുറുകെപ്പിടിക്കുകയുണ്ടായി,[28] അങ്ങനെയുള്ളവരെ മതംവിട്ടുപോയവരായിക്കരുതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു. അതിനാൽ ധാരാളം പേർ ഗോവ വിട്ടു പലായനം ചെയ്യുകയും അടുത്തുള്ള രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ചെറിയൊരു ഭാഗം ഡെക്കാനിലേക്കും വലിയൊരു ഭാഗം കാനറയിലേക്കും രക്ഷപ്പെട്ടു.[28] മതദ്രോഹവിചാരണകളാൽ നാടുവിട്ടവരെല്ലാം ക്രിസ്തുമതം ഉപേക്ഷിക്കുവാനല്ല അങ്ങനെ ചെയ്തത്, മറിച്ച് തങ്ങളുടെ പാരമ്പര്യരീതികളായ ഹിന്ദുമതത്തിലെ ശീലങ്ങൾ തുടരാൻ കൂടിയുള്ള അവകാശത്തിനായാണ്.[28] ഇത്തരം നാടുവിടൽ രണ്ടു വ്യത്യസ്ത ക്രിസ്ത്യൻ സമൂഹങ്ങൾക്കു രൂപം കൊടുത്തു: ഉത്തരകാനറയിൽ കർവാരി കത്തോലിക്കരും, ദക്ഷിണ കാനറയിൽ മംഗലാപുരം ക്രിസ്ത്യാനികളും. കൊങ്കണിയെ തമസ്കരിക്കൽമുൻ നൂറ്റാണ്ടിൽ കൊങ്കണി ഭാഷ പഠിച്ചെടുത്ത് അതുവഴി നാട്ടുകാരെ മതംമാറ്റാൻ ശ്രമിച്ചുപോന്ന പോർച്ചുഗീസ് പാതിരിമാരുടെ ശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായി മതദ്രോഹവിചാരണകളുടെ ഭാഗമായി, പുതുതായി മതംമാറിവരുന്നവരെ ക്രിസ്ത്യാനികളല്ലാത്ത ജനങ്ങളിൽ നിന്നും പരമാവധി വേർതിരിച്ചുനിർത്താനും തമ്മിൽ സ്പർദ്ധ വളർത്താനും പാതിരിമാർ ശ്രമിച്ചു.[34] 17 -ആം നൂറ്റാണ്ടിന്റെ അവസാനത്തിലും18 -ആം നൂറ്റാണ്ടിലും മറാത്തയിൽ നിന്നുമുള്ള നിരന്തമായ ആക്രമണം നടക്കുമ്പോഴും കൊങ്കണിഭാഷയെ അടിച്ചമർത്താൻ പാതിരിമാർ ശ്രമിച്ചു. മറാത്ത ആക്രമണങ്ങൾ ഗോവയിലെ പോർച്ചുഗീസ് നിയന്ത്രണങ്ങൾക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾക്കും വലിയ ഭീഷണിയായിമാറി.[34] മറാത്ത സാമ്രാജ്യത്തിന്റെ ഭീഷണിയെത്തുടർന്ന് ഗോവയിൽ കൊങ്കണിയെ അടിച്ചമർത്താൻ പോർച്ചുഗീസുകാർ തീരുമാനിച്ചു.[34] പോർച്ചുഗീസ് നിർബന്ധഭാഷയാക്കി അങ്ങനെ കൊങ്കണിയുടെ ഉപയോഗം തീരെ ചെറിയ ഒരുകൂട്ടം ആൾക്കാരിൽ ഒതുങ്ങി.[29] ഫ്രാൻസിസ്കന്മാരുടെ സമർദ്ദത്താൽ പോർച്ചുഗീസ് വൈസ്രോയി 1684 ജൂൺ 27 -ന് കൊങ്കണിഭാഷയുടെ ഉപയോഗം നിരോധിക്കുകയും മൂന്നു വർഷത്തിനുഌഇൽ നാട്ടുകാർ പോർച്ചുഗീസ് ഭാഷ ഉപയോഗിക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. പോർച്ചുഗീസ് അധിനിവേശപ്രദേശത്തുള്ള എല്ലാ കത്തിടപാടുകൾക്കും കരാറുകൾക്കും പോർച്ചുഗീസ് ഭാഷ നിർബന്ധമാക്കി. ഇതുപാലിക്കാത്തപക്ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. 1687 മാർച്ച് 17 -ന് രാജാവ് ഈ വിധി സ്ഥിരീകരിച്ചു.[34] 1731 -ൽ മതദ്രോഹവിചാരകനായ അന്റോണിയോ പോർച്ചുഗീസ് ചക്രവർത്തിക്ക് എഴുതിയ കത്തിൽ ഈ നിർദ്ദയമായ പരിഷ്കാരങ്ങൾ വിജയം കണ്ടില്ലെന്ന് എഴുതിയിട്ടുണ്ട്.[35] 1739 -ൽ വടക്കേ പ്രവിശ്യകളായ വാസൈയും ചൗളും സാൽസെറ്റും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മറാത്തക്കാരോടു യുദ്ധത്തിൽ നഷ്ടമായപ്പോൾ പോർച്ചുഗീസുകാർ കൊങ്കണിയോടുള്ള പരാക്രമം ഒന്നുകൂടി കർശനമാക്കി.[34] പുരോഹിതന്മാരാകാൻ താത്പര്യമുള്ളവർക്ക് നിർബന്ധമായും പോർച്ചുഗീസിൽ അറിവും സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്ന് 1745 നവമ്പർ 21 -ന് ആർച്ച്‌ബിഷപ്പ് ലൊറൻസൊ ഉത്തരവിറക്കി. അവർക്കുമാത്രമല്ല അവരുടെ അടുത്ത ബന്ധുക്കൾക്കും ആ കഴിവ് ഉണ്ടായിരിക്കണമെന്ന കാര്യം കർശനമായ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയിരുന്നു.[34] കൂടാതെ ബ്രാഹ്മണരിൽ നിന്നും ക്ഷത്രിയരിൽ നിന്നും മതംമാറ്റപ്പെട്ടവർ ആറു മാസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കാത്തപക്ഷം അവർക്ക് വിവാഹിതരാകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.[34] നാട്ടുകാരോടു സംവദിക്കാൻ കൊങ്കണി ഉപയോഗിക്കുന്നതാണ് നല്ലതെന്നു വാദിച്ചിരുന്നതിനാൽ കോളനിസർക്കാർ 1761 -ൽ ജെസ്യൂട്ടുകളെ പുറത്താക്കി. സ്കൂളിൽ കുട്ടികൾ കൊങ്കണി ഉപയോഗിക്കുന്നത് 1812 -ൽ ആർച്ച്‌ബിഷപ്പ് നിരോധിച്ചു. 1847 -ൽ ഈ നിയമം സെമിനാരികളിലേക്കുകൂടി വ്യാപിപ്പിച്ചു. 1869 -ൽ സ്കൂളുകളിൽ നിന്നും കൊങ്കണി പൂർണ്ണമായി നിരോധിച്ചു.[34] ഇക്കാരണങ്ങളാൽ ഗോവയിൽ കൊങ്കണി സാഹിത്യത്തിനു വികാസമുണ്ടായില്ല, കൊങ്കണിക്ക് ജനങ്ങളെ ഒരുമിപ്പിക്കാനുമായില്ല. കൊങ്കണി എഴുതാൻ ലത്തീൻ അക്ഷരമാല, ദേവനാഗരി, കന്നഡ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്.[29] ഹിന്ദു ആഢ്യന്മാർ മറാത്തിയിലേക്കും ക്രൈസ്തവർ പോർച്ചുഗീസിലേക്കും മാറിയപ്പോൾ കൊങ്കണി സേവകരുടെ ഭാഷ (lingua de criados)യായി മാറി.[33] 1961 -ൽ ഇന്ത്യ ഗോവ പിടിച്ചെടുത്തപ്പോൾ ഗോവക്കാരെയെല്ലാം മതത്തിനും ജാതിക്കും സമ്പന്നതയ്ക്കുമെല്ലാം അതീതമായി ഒരുമിപ്പിച്ചത് കൊങ്കണി ആയിരുന്നു, അതിനാൽ സ്നേഹത്തോടെ കൊങ്കണിയെ കൊങ്കണിയമ്മ (Konkani Mai) എന്നു വിളിക്കുന്നു.[29] 1987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടെ ഔദ്യോഗികഭാഷയാക്കി, പൂർണ്ണമായ അംഗീകാരം നൽകി.[36] സിറിയൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത്1599 -ൽ അലെക്സിയോ മെനെസെസിനു കീഴിലുള്ള ഡയമ്പർ സിനഡ് മാർ തോമാ നസ്രാണികളെ നിർബന്ധിതമായി റോമൻ കത്തോലിക് വിഭാഗക്കാരാക്കി മാറ്റി. അവർ നെസ്തോറിയൻ സിദ്ധാന്തം ആചരിച്ചുവെന്ന് ആരോപിച്ചാണ് ഇങ്ങനെ ചെയ്തത്.[3] മാർ തോമാ നസ്രാണികളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും സിറിയൻ ഭാഷ ഉപയോഗിക്കുന്നതിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പേർഷ്യയിലെ ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസ് അയച്ചിരുന്ന മെത്രാന്മാരെ തടയുകയും അവരുടെ സഭാധികാരശ്രേണി എടുത്തുകളയുന്നതടക്കമുള്ള കാര്യങ്ങളും ചെയ്തു.[3] വിശ്വാസികളെ മുഴുവൻ റോമൻ കാത്തലിക്ക് ദൈവശാസ്ത്രത്തിന്റെ കീഴിലാക്കാൻ ആർച്‌ഡീക്കൺ ഗീവർഗീസിനെ ഭീഷണിപ്പെടുത്തി. പ്രാർത്ഥനാപുസ്തകങ്ങൾ കത്തിച്ചു. അറിയപ്പെട്ട എല്ലാസാഹിത്യങ്ങളും കത്തിച്ചു, സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ എല്ലാ പുരോഹിതന്മാരെയും തുറുങ്കിലടച്ചു. റോമൻ കാത്തലിക്ക് മാനദണ്ഡങ്ങൾ അനുസരിക്കാത്ത അൾത്താരകൾ തകർത്തു.[3] ഇതിനെ എതിർത്ത് 1653-ൽ കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും ലത്തീൻ സഭയുടെ കീഴിൽ വരുത്തുവാൻ നടത്തിയ അതിക്രമങ്ങൾ കാരണമായി ഇനി മുതൽ തങ്ങളും പിൻഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇതാണ് കൂനൻ കുരിശുസത്യം. ഇങ്ങനെ ചെയ്തവരിൽ മിക്കവരും പിന്നീട് റോമിൽനിന്നും പുനരൈക്യത്തിനായി വന്ന കാർമലീറ്റ് മിഷനറിമാരുടെ പരിശ്രമത്താൽ തിരിച്ചുവന്നു. അവരും കൂനൻ കുരിശു സത്യത്തിൽ പങ്കെടുക്കാതിരുന്നവരും പഴയകൂറ്റുകാർ എന്നറിയപ്പെട്ടു. കത്തോലിക്കാവിഭാഗത്തിലേക്ക് തിരിച്ചുവരാത്തവർ പുത്തങ്കൂറ്റുകാർ എന്നറിയപ്പെട്ടു. അവർ സിറിയക് ഓർത്തോഡോക്സ് പള്ളിയുടെ സഹായവും ആവശ്യപ്പെട്ടു.[3] ജാക്കോബൈറ്റുകാർ മാർതോമ്മാ ഒന്നാമനെ തങ്ങളുടെ ബിഷപ്പായി തെരഞ്ഞെടുത്തു. അദ്ദേഹത്തെ വധിക്കുവാനും ശ്രമങ്ങളുണ്ടായി. കൊച്ചിയിലും ജൂതന്മാരെ ദ്രോഹിക്കാൻ നീക്കമുണ്ടായി. കൊച്ചിയിലെ ജൂതപ്പള്ളി തകർക്കുകയുണ്ടായി. മതദ്രോഹവിചാരണകളെപ്പറ്റിയുള്ള ചില ഉദ്ധരണികൾ
ഇവയും കാണുകഅവലംബം
ഇതെപ്പറ്റിയുള്ള അറിവു കിട്ടുന്ന മറ്റു ഇടങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia