ഗോൽറ ഷെരീഫ് റെയിൽവേ മ്യൂസിയം![]() പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമബാദിലെ ഇ-11 സെക്ടറിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു റെയിൽവേ മ്യൂസിയമാണ് ഗോൽറ ഷെരീഫ് റെയിൽവേ മ്യൂസിയം. ഇതിനെ പാകിസ്താൻ റെയിൽവേ പൈതൃക മ്യൂസിയം എന്നും വിളിക്കാറുണ്ട്. പാകിസ്താൻ റെയിൽവേയുടെ റാവൽപിണ്ടി ഡിവിഷനു കീഴിലുള്ള ഗോൽറ ഷെരീഫ് ജംഗ്ഷൻ തീവണ്ടിനിലയത്തിനു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1994 അടി ഉയരത്തിലാണ് ഗോൽറ ഷെരീഫ് റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 'ഗാന്ധാര നാഗരികതയുടെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന തക്ഷശിലയുടെ കിഴക്കായിട്ടും മാർഗല്ല കുന്നുകളുടെ തെക്കുകിഴക്കായിട്ടുമാണ് മ്യൂസിയത്തിന്റെ സ്ഥാനം.[1] ഗോൽറ ഷെരീഫ് റെയിൽവേ ജംഗ്ഷനോടു ചേർന്നുള്ള ഈ മ്യൂസിയം ധാരാളം വിനോദസഞ്ചാരികളെയും തീവണ്ടി ഗതാഗതം ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്നു.[1] ![]() ഗോൽറ ഷെരീഫ് ജംഗ്ഷൻ റെയിൽവേപാകിസ്താൻ റെയിൽവേയുടെ റാവൽപിണ്ടി ഡിവിഷനിലുൾപ്പെടുന്ന ഒരു പ്രധാന ജംഗ്ഷനാണ് ഗോൽറാ ഷെരീഫ്. ഇത് പാകിസ്താന്റെ തെക്കൻ പ്രദേശങ്ങളെയും വടക്ക് പെഷവാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ദിവസവും ഇരുപതിലധികം തീവണ്ടികൾ ഈ ജംഗ്ഷൻ വഴി കടന്നുപോകാറുണ്ട്. പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമബാദിന്റെ തെക്കുപടിഞ്ഞാറായിട്ട് ഏകദേശം 1994 അടി ഉയരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണത്തിന് വിക്ടോറിയൻ വാസ്തുവിദ്യാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കെട്ടിടത്തിലെ മുറികളിൽ മഞ്ഞ നിറത്തിലുള്ള കല്ലു പാകിയിരിക്കുന്നു. പെഷവാർ, കോഹട്ട്, ഹവേലിയൻ, മുൽത്താൻ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഈ സ്റ്റേഷന്റെ പ്രധാന്യം റെയിൽവേ മ്യൂസിയം വന്നതോടെ ഇരട്ടിച്ചു.[2] 1882-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഗോൽറ ഷെരീഫ് റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത്. 1912-ഓടു കൂടി ഇതിനെ ഒരു ജംഗ്ഷനാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിൽ അഫ്ഗാൻ സൈനിക സമര കാലഘട്ടത്തിൽ ബ്രിട്ടീഷുകാരുടെ സൈനികോപകരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന ഒരു താവളമായിരുന്നു ഈ സ്റ്റേഷൻ. ഖൈബർ ചുരം വഴി അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വ്യാപാര മാർഗ്ഗം കൂടിയാണ് ഈ സ്റ്റേഷൻ. മ്യൂസിയം![]() ഗോൽറ ഷരീഫ് റെയിൽവേ മ്യൂസിയം 2003 ഒക്ടോബറിലാണ് നിലവിൽ വന്നത്. ഏകദേശം 150 വർഷത്തോളം പഴക്കമുള്ള റെയിൽവേയുടെ ചരിത്രം കുറിക്കുന്ന സാമഗ്രികൾ ഈ മ്യൂസിയത്തിലെ മൂന്നു മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. തീവണ്ടികളും ട്രോളികളും സലൂൺസും ബോഗികളുമൊക്കെ കൂട്ടിയിട്ടിരിക്കുന്ന ഒരു വിശാലമായ അങ്കണവും ഈ മ്യൂസിയത്തിന്റെ ഭാഗമായുണ്ട്. റാവൽപിണ്ടി ഡിവിഷന്റെ ഡി.എസ്. ആയിരുന്ന ഇഷ്ഫാക്ക് ഘട്ടക് ആണ് മ്യൂസിയം തുടങ്ങണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 2002-ന്റെ അവസാനത്തോടുകൂടി നാരോഗേജ് ലൈൻ ഉണ്ടാക്കാൻ വേണ്ടി സലൂണുകളും അകസാമാനങ്ങളും വീട്ടാവശ്യത്തിനുള്ള മൺപാത്രങ്ങൾ എന്നിവയുടെയൊക്കെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പാക് റെയിൽവേ എല്ലാ ഡിവിഷനുകൾക്കും നിർദ്ദേശം നൽകി. ഉദ്ഘാടനവും പ്രശസ്തിയും2007 മാർച്ച് 5-ന് ഗോൽറ ഷെരീഫ് മ്യൂസിയം അനൗപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2003 സെപ്റ്റംബർ 26-ന് ജനങ്ങൾക്കുവേണ്ടി തുറന്നുകൊടുത്തു. വർഷംതോറും വിനോദസഞ്ചാരികളുടെ ഇങ്ങോട്ടേക്കുള്ള ഒഴുക്ക് വർദ്ധിച്ചുവരികയാണ്. ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് ഗാന്ധാര നാഗരികതയുടെ ചരിത്രം പറയുന്ന തക്ഷശിലയിലേക്കും പോകാൻ സാധിക്കും. ടെലിവിഷൻ പോലുള്ള മാധ്യമങ്ങളിലൊക്കെ മ്യൂസിയത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള പരിപാടികൾ കാണിക്കാറുണ്ട്. മ്യൂസിയത്തിനായി ധാരാളം പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇസ്ലാമബാദിലെത്തുന്ന വിനോദസഞ്ചാരികളെ ഒരുപാട് ഉല്ലസിക്കുവാനൊക്കെ അനുവദിക്കുന്ന ഒരിടമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ റെയിൽവേ മ്യൂസിയം. അവലംബം
പുറംകണ്ണികൾGolra Sharif Railway Museum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia