ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്[4][5]. ഓസ്ടേലിയയുടെ വടക്ക് കിഴക്ക് തീരത്ത് കോറൽ സീയിൽ വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെക്വീൻസ്ലാൻഡിന്റെ തീരത്താണ് നീളത്തിൽ ഈ പ്രകൃതിവിസ്മയം വ്യാപിച്ചുകിടക്കുന്നത്. ഇതിന്റെ സ്ഥാനം. ഈ പവിഴപ്പുറ്റുസമൂഹത്തിൽ 2900 പവിഴപ്പുറ്റുകളും[6] 900 ദ്വീപുകളുമുണ്ട്. 3000 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിന്റെ വിസ്തീർണ്ണം 344,400 ചതുരശ്രകിലോമീറ്ററാണ്[7][8].
ഗ്രേറ്റ് ബാരിയർ റീഫ് ബഹിരാകാശത്തുനിന്ന് നോക്കിയാൽ കാണാൻ സാധിക്കും. ജീവജാലങ്ങൾ ചേർന്ന് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയാണിത്[9]. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗം യുനെസ്കോ 1981-ൽ ലോകപൈതൃകസ്ഥാനമായി തിരഞ്ഞെടുത്തു. സി.എൻ.എൻ. ഇതിനെ ഏഴ് പ്രകൃതിദത്തമായ ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണിയിട്ടുണ്ട്[10].
കടൽ അനിമോണുകളുടേയും ജെല്ലിമത്സ്യങ്ങളുടേയും വർഗ്ഗത്തിൽപ്പെടുന്ന പുഷ്പ സദൃശമായ സമുദ്രജീവിയാണ് പവിഴപോളിപ്പുകൾ (Coral Polyps). ഹൃദയം, തലച്ചോറ്, കണ്ണ് എന്നിവ ഒന്നുമില്ലാത്ത ഇവ ചുറ്റുമുള്ള കടൽവെള്ളത്തിലെ കാത്സ്യം ലവണം അവശോഷണം ചെയ്ത് കട്ടികൂടിയ കാത്സ്യമാക്കി മാറ്റും. ആ പുറ്റാണവയുടെ അസ്ഥിപഞ്ജരം. നിർജീവമായ പുറ്റുകളിൽ പുതിയ ലാർവകൾ സ്ഥാനമുറപ്പിച്ച് വീണ്ടും പുറ്റുണ്ടാക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണിത്. അസംഖ്യം സൂക്ഷമജീവികൾ ഈ പുറ്റുകളിൽ ജീവിക്കുന്നു. അതിസൂക്ഷ്മ ആൽഗകൾ, മീനുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. ആൽഗകളിൽ നിന്നാണ് പവിഴപോളിപ്പുകൾ പോഷകാഹാരം സ്വീകരിക്കുന്നത്. മീനുകളുടെ വിസർജ്യവും പോളിപ്പുകൾക്ക് ആഹാരമാവുന്നു. വമ്പൻ കോളനികളായാണ് പവിഴപ്പോളിപ്പുകൾ വളരുന്നത്. മൂന്നു തരമുണ്ട് ഇവ. തീരപ്പുറ്റ് (frigging reef),പവിഴരോധിക (Barrier Reef), പവിഴദ്വീപവലയം (Atol). കരയിൽ നിന്നും അകലെയായി ഉണ്ടാകുന്നതാണ് ബാരിയർ റീഫ്. ഇതിനും കരയ്ക്കുമിടയിൽ ആഴമേറിയ ജലപ്പരപ്പുണ്ടാകും. നടുക്കടലിൽ ഉണ്ടാകുന്ന ആറ്റോളുകൾക്കു മധ്യത്തിൽ നീലിമയാർന്ന ജലാശയം ഉണ്ടായിരിക്കും.[11].
ഗ്രേറ്റ് ബാരിയർ റീഫാൺ ഈ തരത്തിൽപ്പെട്ട പവിഴദ്വീപുകളിൽ ഏറ്റവും പ്രശസ്തം. 3000 കിലോമീറ്ററിലധികം നീളമുള്ള ഈ പവിഴരോധികയ്ക്ക് 20,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 50 കോടി ടൺ കാത്സ്യമാണ് ഇത് ഓരോ വർഷവും ഉത്പാദിച്ചു കൂട്ടുന്നത്. ബാരിയർ റീഫുകൾ ജീവികളുടെ മഹാസത്രമാണെന്ന് പറയാം. 1997-ൽ ഇത്തരം ജീവികളുടെ 93,000 ഇനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ലോകത്തെ സമുദ്രജീവികളിൽ മൂന്നിലൊന്നും റീഫുകളിലാണ് കഴിയുന്നത്. ഗ്രേറ്റ് ബാരിയർ റീഫ് ടൂറിസ്റ്റുകളുടെ പ്രത്യേകിച്ചും സ്കൂബാ ഡൈവർമാരുടെ പ്രിയസങ്കേതമാണ്.
റീഫിലെ വിനോദസഞ്ചാരം വഴി ഓസ്ട്രേലിയയ്ക്ക് ധാരാളം വരുമാനം ലഭിക്കുന്നു. മീൻപിടുത്തവും ഇവിടെ ധാരാളമായി നടക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകൾ മൂലം റീഫിന് നാശം സംഭവിക്കാതിരിക്കാൻ ഗ്രേറ്റ് ബാരിയർ റീഫ് മറീൻ പാർക്ക് അതോറിറ്റി ഇതിന്റെ വലിയൊരു ഭാഗം സരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഓരോ വർഷവും 20 ലക്ഷം സന്ദർശകരാൺ` ഇവിടെ എത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യനും പരിസ്ഥിതിയിലെ മാറ്റങ്ങളും റീഫിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തുന്നു.[11]
↑The Great Barrier Reef World Heritage Area, which is 348,000 km squared, has 2900 reefs. However, this does not include the reefs found in the Torres Strait, which is estimated at an area of 37,000 km squared and with a possible 750 reefs and shoals. (Hopley et al., 2007, p.1)