ചഗതായ് സാമ്രാജ്യം
മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായ് ഖാൻ, മദ്ധ്യേഷ്യയിൽ സ്ഥാപിച്ച സാമ്രാജ്യമാണ് ചഗതായ് സാമ്രാജ്യം അഥവാ ചഗതായ് ഖാനേറ്റ് എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് മംഗോളിയൻ സാമ്രാജ്യത്തിന്റെ ഉപസാമ്രാജ്യമായിരുന്നെങ്കിലും പിന്നീട് സ്വതന്ത്രമായി നിലകൊണ്ടു. സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ, അതായത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം, ഇത് അഫ്ഗാനിസ്താന്റെ വടക്കുള്ള അമു ദാര്യ നദി മുതൽ കിഴക്ക് ചൈനയുടേയും, മംഗോളിയയുടേയും അതിർത്തിയായ അൾതായ് പർവതനിര വരെ വിസ്തൃതമായിരുന്നു[1]. 1360-കളിൽ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ തിമൂർ പിടിച്ചെടുത്തെങ്കിലും, 1220-കളുടെ അവസാനം മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു. സ്വാതന്ത്ര്യം1227-ൽ ചെങ്കിസ് ഖാൻ മരണമടഞ്ഞതിനുശേഷമുള്ള സാമ്രാജ്യവിഭജനത്തിലാണ് ചഗതായ് ഖാന് ട്രാൻസോക്ഷ്യാന പ്രദേശത്തിന്റെ ആധിപത്യം സിദ്ധിച്ചത്. ഇക്കാലത്ത് മംഗോളിയൻ മഹാഖാനായിരുന്ന ഒഗതായ് ഖാന്റെ കീഴിലുള്ള വിശാല മംഗോൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്. പിന്നീടുള്ള മഹാഖാന്മാരായിരുന്ന ഗൂയൂക്ക്, മോങ്‌കെ എന്നിവരുടെ കാലത്തും ഇതേ നില തുടർന്നു. 1259-ൽ മോങ്‌കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഖ്വിബിലായ്, അരീഖ്-ബോഖ്വെ എന്നിവർ മംഗോൾ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടർന്ന് ഖ്വിബിലായ്, സ്വയം മഹാഖാൻ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം ചഗതായ്‌കൾ അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് ചഗതായ് സാമ്രാജ്യം സ്വതന്ത്രമായി[2]. ഇൽഖാനികളുമായുള്ള മത്സരംഇക്കാലത്ത് ഖ്വിബിലായ് ഖാനെ അംഗീകരിച്ചിരുന്ന ഇറാനിലെ മറ്റൊരു മംഗോളിയൻ സാമ്രാജ്യമായിരുന്ന ഇൽഖാനികളുമായി ചഗതായ്കൾ നിരന്തരം പോരടിച്ചുകൊണ്ടിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവും 14-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ട്രാൻസോക്ഷ്യാനയിലെ ചഗതായ് ഭരണാധികാരികൾ അമു ദാര്യക്ക് തെക്കോട്ട് അവരുടെ നിയന്ത്രണം വ്യാപിപ്പിച്ചു. 1318 മുതൽ 1326 വരെ ഭരണത്തിലിരുന്ന കെബെഗ് ഖാൻ ആയിരുന്നു ഈ നടപടികൾക്ക് നേതൃത്വം നൽകിയിരുന്നത്. ചെങ്കിസ് ഖാന്റെ കാലത്ത് തകർക്കപ്പെട്ട ബാൾഖ്, കെബെഗ് ഖാൻ പുനർനിർമ്മിച്ചു. താമസിയാതെ ഖുണ്ടുസ്, ബാഘ്ലാൻ, ബദാഖ്ശാൻ, കാബൂൾ, ഗസ്നി, കന്ദഹാർ എന്നീപ്രദേശങ്ങളടങ്ങുന്ന ഇന്നത്തെ അഫ്ഘാനിസ്താന്റെ ഭൂരിഭാഗവും ചഗതായികളുടെ നിയന്ത്രണത്തിൽ വന്നു. 1333-ൽ കിഴക്കൻ അഫ്ഘാനിസ്താനിലൂടെ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത, ഇവിടത്തെ എല്ലാ പ്രദേശങ്ങളിലേയും ചഗതായ് ഭരണകർത്താക്കളുടെ സാന്നിധ്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സമയത്തും, സിസ്താൻ തദ്ദേശീയഭരണാധികാരികളാണ് നിയന്ത്രിച്ചിരുന്നത്. ഇൽഖാനികളെ അപേക്ഷിച്ച് ചഗതായികൾക്കിടയിൽ ഇസ്ലാമികവൽക്കരണം സാവധാനത്തിലായിരുന്നു നടന്നത്. 1326-34 കാലത്ത് തർമഷിറിൻ ഖാന്റെ ഭരണകാലത്ത്, ചഗതായികൾ ഇസ്ലാം മതം സ്വീകരിച്ചു എങ്കിലും ഇറാനിലെ ഇൽഖാനികളൊടുള്ള ശത്രുത അതുപോലെ തുടർന്നിരുന്നു. ചഗതായ് ഖാന്റെ നേരിട്ടുള്ള വംശപരമ്പര താർമാഷിറിൻ ഖാന്റെ ഭരണത്തോടെ അവസാനിച്ചു. 1334-ൽ ഇദ്ദേഹം കിഴക്കൻ തുർക്കിസ്താനിൽ നിന്നുള്ള് സ്വന്തം അനുചരന്മാരാൽ അധികാരഭ്രഷ്ടനാക്കപ്പെടുകയായിരുന്നു. പിൽക്കാലത്ത് ട്രാൻസോക്ഷ്യാനയിലെ സാമ്രാജ്യം തദ്ദേശീയ തുർക്കോമംഗോളിയൻ വംശനേതാക്കളുടെ നിയന്ത്രണത്തിലായി[2]. ചഗതായ് ഉലുട്രാൻസോക്ഷ്യാനയിലും അഫ്ഗാനിസ്താനിലും ചഗതായി ഖാന്മാർ നേരത്തേ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിൽ ഭരിച്ചിരുന്ന പിന്മുറക്കാരെ ചഗതായ് ഉലുക്കൾ എന്ന് അറിയപ്പെടുന്നു. രാഷ്ട്രീയനിയന്ത്രണത്തിനായി ഒന്നു ചേർന്ന തുർക്കോമംഗോളിയൻ വംശജരുടേയും മറ്റുവിഭാഗങ്ങളുടേയും പൊതുസംഘമാണ് ഉലു എന്നറിയപ്പെട്ടിരുന്നത്. ബൽഖ് പ്രദേശവും അമു ദാര്യക്ക് തൊട്ട് വടക്കുഭാഗവും കേന്ദ്രീകരിച്ച സുലുഭു വംശം, ഇന്നത്തെ വടക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താനിൽ നിന്നുള്ള അർലാട്ട് വംശം, ഖുണ്ടുസ്, ബാഘ്ലാൻ മുതൽ ഹിന്ദുകുഷിന് തെക്ക് ഗസ്നി വരെയുള്ള പ്രദേശത്തു നിന്നുള്ള ഖ്വാരാവ്നകൾ, കന്ദഹാറിൽ നിന്നുള്ള നെഗുദേരി തുടങ്ങിയ മംഗോളിയൻ വംശജർ ഉലുക്കളിൽ ഉൾപ്പെടുന്നു. പതിനാലാം നൂറ്റാണ്ട് പുരോഗമിച്ചതോടെ ഹിന്ദുകുഷിന് തെക്കുവശത്ത് ഖ്വാറവ്നാകളും അവരുടെ സഖ്യവും ചഘതായ് ഉലുക്കളുടെയിടയിലെ ശക്തികേന്ദ്രമായി പരിണമിച്ചു. 1346/47 കാലത്ത് ഖ്വാറവ്നാകളുടെ നേതാവായിരുന്ന ഖ്വാജാഘാൻ, അന്നത്തെ ചഘതായ് ഖാൻ ആയിരുന്ന ഖജാനെ (Qazan) പുറത്താക്കി, മരൊരാളെ ഖാൻ ആയി വാഴിച്ചു. തുടർന്ന് അധികാരം കൈക്കലാക്കിയ അദ്ദേഹം ബെഗ് എന്നും ആമിർ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. 1357/58 കാലത്ത് അദ്ദേഹത്തിന്റെ മരണം വരെ ഖാജാഘാൻ അധികാരത്തിലിരുന്നു. തുടർന്ന് അധികാരത്തിലേറാൻ ശ്രമിച്ച അദ്ദേഹത്തിന്റെ മകൻ കൊല്ലപ്പെട്ടു. തുടർന്ന് ഖാജാഘാന്റെ മരുമകനും മറ്റൊരു ഖ്വാറാവ്ന നേതാവുമായ ആമിർ ഹുസൈനാണ് ഘാജാഘാന്റെ പിൻഗാമിയായത്[2]. തിമൂർ1369-ൽ ബാൾഖിനടുത്ത് വച്ച് തിമൂർ, ആമിർ ഹുസൈനെ പരാജയപ്പെടുത്തി. ഇതിനു പിന്നാലെ തന്നെ ആമിർ ഹുസൈൻ കൊല്ലപ്പെട്ടു. തുടർന്ന് ചഘതായിദ് നിയന്ത്രണത്തിലായിരുന്ന പടിഞ്ഞാറൻ പ്രദേശങ്ങൾ മുഴുവൻ തിമൂറിന്റെ അധീനതയിലാകുകയും 1370 ഏപ്രിൽ 9-ന് തിമൂർ, സ്വയം അമീർ ആയി പ്രഖ്യാപിക്കുകയും ചെയ്തു[2]. അവലംബം
|
Portal di Ensiklopedia Dunia