ചാരത്തലയൻ പാറ്റപിടിയൻ
മസികാപിഡേ (Musicapidae) പക്ഷി കുടുംബത്തിൽപ്പെടുന്ന പാറ്റപിടിയൻ പക്ഷിയാണ് ചാരത്തലയൻ പാറ്റപിടിയൻ.[1] [2][3][4] ഇതിന്റെ ശാസ്ത്രനാമം കുലിസികാപാ സിലൊണെൻസിസ് സിലോണെൻസിസ് (Culicicapa ceylonensis ceylonensis), പ്ലാറ്റിറിങ്കസ് സിലോണെൻസിസ് (Platyrhynchus ceylonensis) എന്നാണ്. ചൈന, ശ്രീലങ്ക, ഇന്ത്യയിലെ കർണാടക, നീലഗിരി, പഴനി എന്നിവിടങ്ങളിൽ കണ്ടുവരുന്നു. സമുദ്രനിരപ്പിൽ നിന്ന് 450-2150 മീറ്റർ വരെ ഉയരമുള്ള ആനമുടി പോലെയുള്ള പ്രദേശങ്ങളിൽ ഇലകൊഴിയും വനങ്ങളിലും നിത്യഹരിതവനങ്ങളിലുമായാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. മുളങ്കൂട്ടങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. 13 സെന്റിമീറ്റർ. മാത്രം നീളമുള്ള വലിപ്പം കുറഞ്ഞ പക്ഷിയാണ് നരയൻ പക്ഷി. തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങൾക്ക് ചാരമിറമാണ്. അടിവയർ കടുംമഞ്ഞയും. ആൺ പെൺ പക്ഷികൾ രൂപത്തിൽ സദൃശ്യരാണ്. വളരെ ഉത്സാഹപൂർവം സദാസമയവും ചലിച്ചുകൊണ്ടിരിക്കുന്ന ചാരത്തലയൻ പാറ്റപിടിയൻ പക്ഷികൾ അടിക്കാടുകളിലെ കുറ്റിച്ചെടികൾക്കിടയിൽ ഒറ്റയ്ക്ക് കാണപ്പെടുന്നു. മരച്ചില്ലകളിൽ ഇരുന്ന് ചിക്-വിച്ച്വി-വിച്ച്വി എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. കേരളത്തിൽ ഇവ വ്യാപകമായി കൂടുകെട്ടുന്നതായി കണ്ടെത്തിയിട്ടില്ല. നീലഗിരിയിൽ ഏപ്രിൽ-ജൂൺ മാസക്കാലങ്ങളിൽ ഇവ കൂടുകെട്ടാറുണ്ട്. ഒരു പ്രജനനകാലത്ത് മൂന്നോ നാലോ മുട്ടകളിടും. മുട്ടകൾക്ക് മഞ്ഞകലർന്ന വെള്ളയോ ചാരമോ നിറമായിരിക്കും. മുട്ടകളിൽ മങ്ങിയ മഞ്ഞകലർന്ന ചാരനിറത്തിലുള്ള അടയാളങ്ങളുണ്ട്. മുട്ടയ്ക്ക് 15.1 x 12 മില്ലിമീറ്റർ വലിപ്പമുണ്ടായിരിക്കും.
|
Portal di Ensiklopedia Dunia