ചാരനിറപ്പാത്ര സംസ്കാരം![]() ക്രി.മു. 1100 മുതൽ ക്രി.മു. 350 വരെ ഗംഗാതടത്തിൽ നിലനിന്ന ഒരു അയോയുഗ പുരാവസ്തു സംസ്കാരമാണ് ചാരനിറപ്പാത്ര സംസ്കാരം (Painted Grey Ware culture, അഥവാ PGW). ഇത് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിന് സമകാലികമായും അതിന് ശേഷവും നിലനിന്നു. ഈ സംസ്കാരത്തിന്റെ കാലഘട്ടം പിൽക്കാല വേദ കാലഘട്ടം ആണെന്ന് കരുതപ്പെടുന്നു. ഈ സംസ്കാരത്തിനു പിന്നാലെ ക്രി.മു. 500-ഓടെ വടക്കൻ മിനുസപ്പെടുത്തിയ കറുപ്പ് മൺപാത്ര സംസ്കാരം നിലവിൽ വന്നു. കറുപ്പിൽ ജ്യാമിതീയരൂപങ്ങൾ വരച്ച, ചാരനിറത്തിലുള്ള മൺപാത്രങ്ങളാണ് ഈ ശൈലിയുടെ സവിശേഷത.[1] ചാരനിറപ്പാത്ര സംസ്കാരം ഗ്രാമ-പട്ടണ വാസസ്ഥലങ്ങൾ, വളർത്തു കുതിരകൾ, ആനക്കൊമ്പ് കൊണ്ടുള്ള ശില്പങ്ങൾ, ഇരുമ്പിന്റെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[2] 2018-ലെ കണക്കനുസരിച്ച് 1,576 ചാരനിറപ്പാത്രസംസ്കാര ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മിക്ക ചാരനിറപ്പാത്രസൈറ്റുകളും ചെറിയ കാർഷിക ഗ്രാമങ്ങളായിരുന്നുവെങ്കിലും, നിരവധി ചാരനിറപ്പാത്രസൈറ്റുകൾ താരതമ്യേന വലിയ വാസസ്ഥലങ്ങളായി ഉയർന്നുവന്നു. അവയെ പട്ടണങ്ങളായി കരുതിപ്പോരുന്നു. ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്ര ശൈലി ഇറാനിയൻ പീഠഭൂമിയിലെയും അഫ്ഗാനിസ്ഥാനിലെയും മൺപാത്ര ശൈലിയിൽ നിന്നും വ്യത്യസ്തമാണ് (ബ്രയന്റ് 2001). ചില സ്ഥലങ്ങളിൽ (ഖനന സ്ഥലങ്ങളിൽ), ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്രങ്ങളും പിൽക്കാല ഹാരപ്പൻ മൺപാത്രങ്ങളും ഒരേ കാലത്ത് നിർമ്മിച്ചവയാണ്. [3] പുരാവസ്തു ശാസ്ത്രജ്ഞനായ ജിം ഷാഫറിന്റെ അഭിപ്രായത്തിൽ (1984:84-85) "ഇന്നത്തെ നിലയിൽ, പുരാവസ്തു ഖനനഫലങ്ങൾ ചാരനിറപ്പാത്ര സംസ്കാരവും തദ്ദേശീയമായ ചരിത്രാതീത സംസ്കാരങ്ങളും തമ്മിലുള്ള തുടർച്ചയിൽ ഒരു വിടവും കാണിക്കുന്നില്ല." ചക്രബർത്തിയുടെയും (1968) മറ്റ് വിചക്ഷണന്മാരുടെയും അഭിപ്രായത്തിൽ, ഭക്ഷ്യവസ്തുക്കളുടെ ക്രമമായ ഉപയോഗവും (ഉദാ: അരിയുടെ ഉപയോഗം), ചാരനിറപ്പാത്ര സംസ്കാരത്തിന്റെ മറ്റ് മിക്ക സ്വഭാവവിശേഷങ്ങളും കിഴക്കേ ഇന്ത്യയിലും തെക്ക് കിഴക്കേ ഇന്ത്യയിലുമാണ് കാണപ്പെട്ടത്. അവലംബം
ഇതും കാണുകപുറത്തുനിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia