ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായുള്ള യു.എസ്. ഗവൺമെന്റ് സ്ഥാപനം ആയ നാസ (നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ:National Aeronautics and Space Administration), 2011 നവംബർ 26ന് ചൊവ്വയിലേക്ക് ചൊവ്വ ശാസ്ത്ര പരീക്ഷണശാല (Mars Science Laboratory :MSL) എന്ന ബഹിരാകാശ പേടകം അറ്റ്ലസ് V 541 റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ചു.[1][3] ഇതിലുള്ള ക്യൂരിയോസിറ്റി എന്ന വാഹനം ചൊവ്വയിൽ സഞ്ചരിച്ച് ജീവന്റെ സാധ്യതകൾ തേടിയുള്ള പര്യവേഷണമാണ് പരീക്ഷണശാല ലക്ഷ്യമിട്ടത്[11][12][1][3]. 2012 ആഗസ്റ്റ് 6 ന് ഇത് ചൊവ്വയിലെ 'ഗേൽ ക്രേറ്റർ' എന്ന പടുകൂറ്റൻ കുഴിയുടെ അടിത്തട്ടിൽ വിജയകരമായി ഇറങ്ങി.[1][13] ചൊവ്വയിൽ ജീവൻ ഉണ്ടായിരുന്നോ, അല്ലെങ്കിൽ ജീവൻ നിലനിൽക്കാനുള്ള പരിതഃസ്ഥിതി ഉണ്ടോ എന്ന കാര്യങ്ങൾ വിലയിരുത്താനായി പാറകൾ തുരന്ന് വരെ സാമ്പിളുകൾ കോരിഎടുക്കുവാൻ ക്യൂരിയോസിറ്റി വണ്ടിക്ക് കഴിയും. ചൊവ്വ ശാസ്ത്ര പരീക്ഷണശാല വിക്ഷേപിച്ചത് ആട്ലുസ് -5 -541 റോക്കെറ്റ് ഉപയോഗിച്ചാണ്. ഈ പരീക്ഷണങ്ങൾക്ക് പ്രതീക്ഷിക്കുന്ന ആകെ ചെലവ് 2.5 ബില്ല്യൻ ഡോളർ.[14][15][16]
ചൊവ്വയിലെ ജൈവസാന്നിദ്ധ്യത്തെ കുറിച്ചു പഠിക്കലാണ് ക്യൂരിയോസിറ്റി റോവറിന്റെ പരധാന ദൗത്യം എന്നതു കൊണ്ട് ഇത് മുൻദൗത്യങ്ങളെക്കാൾ പ്രാധാന്യമർഹിക്കുന്നുണ്ട്. ചൊവ്വയിലെ മണ്ണിനെയും തുരന്നെടുത്ത പാറപ്പൊടിയെയും വിശകലനം ചെയ്യുന്നതും ഇതിന്റെ ദൗത്യത്തിൽ പെടും.[15]
സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി എന്നീ റോവറുകളെക്കാൾ അഞ്ചു മടങ്ങ് വലിപ്പമുള്ള ക്യൂരിയോസിറ്റി അവയിലുള്ളതിനേക്കാൾ പത്തു മടങ്ങു ഭാരമുള്ള ഉപകരണങ്ങൾ വഹിക്കുന്നുണ്ട്.[17]
നാസയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമാണ് MSL ദൗത്യവും. ഇത് നാസക്കു വേണ്ടി ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയാണ് നടത്തുന്നത്. 250 കോടി US ഡോളറാണ് ഇതിന്റെ ചെലവായി കണക്കാക്കിയിട്ടുള്ളത്.[18]
ലാൻഡിങ്
ഗാൽ ക്രേറ്ററിൽ ക്യൂരിയോസിറ്റി ഇറങ്ങിയപ്പോൾ
'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകൾ അതീവനിർണായകമാണ്. അതുകൊണ്ടുതന്നെ 'ഏഴു സംഭ്രമനിമിഷങ്ങൾ' (സെവൻ മിനിറ്റ്‌സ് ഓഫ് ടെറർ) എന്നാണതിനെ 'നാസ' വിശേഷിപ്പിക്കുന്നത്.[19]
സ്പിരിറ്റ്, ഓപർച്യുണിറ്റി തുടങ്ങിയ മുൻ പേടകങ്ങൾ 'എയർ ബാഗു'കളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയത്, പക്ഷെ 'ആകാശ ക്രെയിൻ' സംവിധാനമാണ് 'ക്യൂരിയോസിറ്റി'ക്കായി ഉപയോഗിക്കുന്നത്. 'ലാൻഡിങ്ങി'ന് ഏഴു മിനിറ്റു മുമ്പ് വിക്ഷേപണവാഹനത്തിൽനിന്ന് വേർപെടുന്ന പേടകം ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. 'ആകാശ ക്രെയിനാ'ണ് പിന്നീട് പേടകത്തെ താങ്ങുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ അതിവേഗമാർജിക്കുന്ന പേടകം പിന്നീട് ക്രമാനുഗതമായി വേഗം കുറച്ച് വളഞ്ഞും പുളഞ്ഞുമിറങ്ങും. പേടകത്തിന്റെ ആറു ചക്രങ്ങളും ചൊവ്വയുടെ പ്രതലത്തിൽ മുട്ടുന്നതോടെ 'ആകാശ ക്രെയിനു'മായി അതിനെ ബന്ധിപ്പിച്ചിരുന്ന നൈലോൺ ചരടുകൾ വിച്ഛേദിക്കപ്പെടും. 'ക്രെയിൻ' പറന്നകലുകയും സുരക്ഷിതമായ ദുരത്തെത്തിയശേഷം തകർന്നുവീഴുകയും ചെയ്യും. [19]
ആകാശക്രെയിൻ. ആർട്ടിസ്റ്റിന്റെ ഭാവനയിൽ
ഗ്രഹമധ്യരേഖയോടു ചേർന്നുള്ള 'ഗേൽ ക്രേറ്റർ' എന്ന പടുകൂറ്റൻ കുഴിയുടെ അടിത്തട്ടിലാണു പേടകം ഇറങ്ങുക. 154 കിലോമീറ്റർ വീതിയുള്ള ഈ കുഴിയിൽ അഞ്ചു കിലോമീറ്റർ ഉയരമുള്ളൊരു പർവതമുണ്ട്- മൗണ്ട് ഷാർപ്. കുഴിയിൽനിന്ന് മുകളിലേക്കുയർന്നാണതിന്റെ നിൽപ്പ്. [19]
ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും
പ്രധാനമായും നാലു ലക്ഷ്യങ്ങളാണ് MSL ദൗത്യത്തിനുള്ളത്:
ജീവന്റെ നിലനില്പിനെ സഹായിക്കുന്ന എന്തെങ്കിലും ഘടകങ്ങളുണ്ടോ എന്ന അന്വേഷണം.
ചൊവ്വയിലെ കാലാവസ്ഥയെ കുറിച്ചുള്ള പഠനം
ചൊവ്വയുടെ ഭൂമിശാസ്ത്ര പഠനം
മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ചൊവ്വാദൗത്യത്തിന് സാഹചര്യമൊരുക്കൽ.
ഇവ കൂടാതെ താഴെ പറയുന്ന ഉദ്ദേശ്യങ്ങൾ കൂടി ഈ ദൗത്യത്തിനുണ്ട്.[20][21]
ചൊവ്വയുടെ പ്രതലത്തിലെ ധാതുദ്രവ്യങ്ങളുടെ ഘടന മനസ്സിലാക്കൽ
ജീവനു കാരണമാകുന്ന അടിസ്ഥാന രാസപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം അന്വേഷിക്കൽ
ചൊവ്വയിലെ പാറകളുടെയും മണ്ണിന്റെയും രൂപീകരണത്തെയും പരിവർത്തനത്തെയും കുറിച്ച് പഠിക്കൽ
ചൊവ്വയുടെ കാലാവസ്ഥയിൽ ദീർഘകാലാടിസ്ഥാനത്തിൽ(400 കോടി വർഷം) ഉണ്ടായിട്ടുള്ള മാറ്റങ്ങളെ കുറിച്ചുള്ള പഠനം
ജലം, കാർബ്ബൺ ഡൈ ഓക്സൈഡ് എന്നിവയുടെ ഇപ്പോഴുള്ള അവസ്ഥ, വിതരണം, ചാക്രികത എന്നിവ പഠിക്കൽ
ചൊവ്വയിലെ വികിരണങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം
Schematic diagram of the planned rover components.