ജഹാംഗീറിന്റെ ശവകുടീരം
മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീറിനായി പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഒരു ശവകുടീരമാണ് ജഹാംഗീറിന്റെ ശവകുടീരം (ഉർദു: مقبرہُ جہانگیر). 1637 ൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരം പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയിൽ രവി നദിയുടെ തീരത്തുള്ള ഷഹ്‍ദാര ബാഗിലാണ് സ്ഥിതി ചെയ്യുന്നത്.[1] ആധുനിക ചുവർചിത്രങ്ങളും മാർബിളുകളും കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്ന ശവകുടീരത്തിൻറെ അകത്തളത്തിൻറെ രൂപകല്പനയാണ് ഈ എടുപ്പിനെ ഏറെ പ്രശസ്തമാക്കുന്നത്. ഇതിന്റെ പുറംഭാഗം അമൂല്യമായ മിനുസപ്പെടുത്തിയ കല്ലുകൾ ഉപയോഗിച്ചുള്ള ചിത്രകലയാൽ (pietra dura) അത്യധികമായും മോടി കൂട്ടിയിരിക്കുന്നു. ശവകുടീരത്തോടൊപ്പം അതിൻറെ പാർശ്വസ്ഥമായ അൿബറി സരായി, ആസിഫ് ഖാന്റെ ശവകുടീരം എന്നിവ ഒന്നാകെ നിലവിൽ യുനെസ്കോയുടെ ലോകപൈതൃക പദവിയുടെ താൽക്കാലിക പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.[2] സ്ഥാനംകോട്ടകൊത്തളങ്ങളാൽ വലയം ചെയ്യപ്പെട്ട ലാഹോർ നഗരത്തിന്റെ വടക്കു പടിഞ്ഞാറൻ ദിക്കിൽ ഷഹ്‍ദാര ബാഗിലാണ് ശവകുടീരം സ്ഥിതിചെയ്യുന്നത്. ലാഹോറിൽ നിന്നു അകലെ രവി നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ ശവകുടീരം ഒരു ഗ്രാമീണ മേഖലയിൽ, അതിലെ അനേകം ഉദ്യാനങ്ങളുടെ പേരിൽ അറിയപ്പെടുന്നു.[3] 1557 ൽ സ്ഥാപിതമായ നൂർജഹാൻ ഉദ്യാനത്തിലെ ദിൽകുഷ് ഗാർഡനിലാണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്.[4] 1645 ൽ നിർമിച്ച ആസിഫ് ഖാന്റെ ശവകുടീരം, 1637 ൽ നിർമിച്ച അക്ബറി സാറായ് എന്നിവ ജഹാംഗീറിന്റെ ശവകുടീര സമുച്ചയത്തിന്റെ തൊട്ടു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് നിർമ്മിതികളും ഒരു കിഴക്ക്-പടിഞ്ഞാറ് അക്ഷത്തിൽ അധിഷ്ഠിതമായ ഒറ്റ ഘടകമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഷഹ്‍ദാരബാഗ് സ്മാരകങ്ങളിൽ അവസാനത്തേതായ ജഹാംഗീറിന്റെ പത്നി നൂർജഹാന്റെ ശവകുടീരം ആസിഫ് ഖാന്റെ ശവകുടീരത്തിന് അൽപ്പം തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പശ്ചാത്തലം1605 മുതൽ 1627 വരെ മുഗൾ സാമ്രാജ്യം ഭരിച്ചിരുന്ന ജഹാംഗീർ ചക്രവർത്തിക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ് ഈ ശവകുടീരം. കശ്മീരിന്റെ താഴ്വരയിലുള്ള രാജൗറി പട്ടണത്തിനടുത്തുവച്ചാണ് ചക്രവർത്തി അന്തരിച്ചത്. ശവസംസ്കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ മൃതശരീരം കാശ്മീരിൽനിന്നു ലോഹോറിലേയ്ക്ക് കൊണ്ടുവരികയും 1627 നവംബർ 12 വെള്ളിയാഴ്ച സംസ്കരിക്കുകയും ചെയ്തു.[5] അദ്ദേഹത്തെ സംസ്കരിച്ച ദിൽക്കുഷ് ഉദ്യാനം, ജഹാംഗീറും, പത്നി നൂർജഹാനും ലാഹോറിൽ താമസിച്ചിരുന്ന കാലത്ത് അവർക്ക് ഒരു പ്രിയപ്പെട്ട സ്ഥലമായിരുന്നു.[6][7] അദ്ദേഹത്തിന്റെ പുത്രനും പുതിയ മുഗൾ ചക്രവർത്തിയുമായിരുന്ന ഷാജഹാൻ തന്റെ പിതാവിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ഭൌതിക ശരീരം ഉൾക്കൊള്ളുന്ന സ്ഥലത്ത് ഒരു ചക്രവർത്തിയ്ക്ക് ഏറ്റവു അനുയോജ്യമായ രീതിയിൽ ഒരു ശവകുടീരം നിർമ്മിക്കണമെന്നു നിർദ്ദേശിച്ചിരുന്നു.[8] ചരിത്രംസമകാലീനചരിത്രകാരന്മാർ, ജഹാംഗീറിന്റെ പുത്രനായ ഷാജഹാനാണ് ശവകുടീരത്തിന്റെ നിർമ്മാണം ആസൂത്രണം ചെയ്തതെങ്കിലും അദ്ദേഹത്തിന്റെ പത്നിയായിരുന്ന നൂർജഹാൻ ദർശനങ്ങളുടെ ഫലമായിരുന്നു ഇതെന്നു സമർത്ഥിക്കുന്നു.[9] പിതാവിന്റെ ശവകുടീരത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് 1627 ൽ[10] നൂർജഹാൻ ഈ ശവകുടീരം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അതിന്റെ നിർമ്മാണച്ചിലവിനു സഹായിക്കുകയും ചെയ്തുവെന്നു കരുതപ്പെടുന്നു.[11] 1627 ൽ[12] നിർമ്മാണം ആരംഭിക്കുകയും ഇത് പൂർത്തിയാക്കാൻ പത്തുവർഷവും[13] നിർമ്മാണച്ചെലവായി അക്കാലത്തെ പത്തുലക്ഷം രൂപയും വേണ്ടിവന്നുവെന്നു കണക്കാക്കപ്പെടുന്നു.[14] സിഖ് ദർബാർ രേഖകൾ പ്രകാരം 1814 ൽ ഈ ശവകുടീരത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. എന്നിരുന്നാലും, സിഖ് ഭരണത്തിൻ കീഴിൽ ഈ ശവകുടീരം പങ്കിലമാക്കപ്പെടുകയും രഞ്ജിത് സിങ്ങിന്റെ സൈന്യം[15][16] ശവകുടീരം ആക്രമിച്ച് സുവർണ്ണ ക്ഷേത്രത്തിന്റെ അലങ്കാരത്തിന് ഉപയോഗിക്കുന്നതിനായി ഇവിടെ നിന്ന് കെട്ടിട സാമഗ്രികൾ കടത്തിക്കൊണ്ടുപോകുകയും ചെയ്തു.[17][18] നശിപ്പിക്കപ്പട്ട ശവകുടീരത്തിന്റെ ഭാഗം ഒരു സ്വകാര്യ ഭവനത്തിന്റെ ഉപയോഗത്തിനായി പരിവർത്തനം ചെയ്യുകയും രജ്ഞിത് സിംഗിന്റെ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂസ സാഹിബ് എന്നറിയപ്പെട്ടിരുന്നതുമായ ആളുടെ ഉപയോഗത്തിനു നൽകുകയും ചെയ്തു.[19][20] 1828 ൽ കോളറ ബാധിച്ച് മൂസാ സാഹിബ് മരണമടയുകയും അദ്ദേഹത്തെ ഈ ശവകുടീരത്തിന്റെ തറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചതിലൂടെ രഞ്ജിത് സിംഗ് ഒരിക്കൽ കൂടി ഈ ശവകുടീരത്തെ പങ്കിലമാക്കിയിരുന്നു.[21] 1880 ആയപ്പോഴേക്കും ഈ ശവകൂടീരത്തിനു മുകളിലായി രണ്ടാം നിലപോലെ നിലനിന്നിരുന്ന മറ്റൊരു രണ്ടാം താഴികക്കുടം രഞ്ജിത്ത് സിങ്ങിന്റെ സൈന്യം മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ടു.[22] എന്നാൽ ശവകുടീരത്തിൽ ഒരു രണ്ടാം താഴികക്കുടം നിലനിന്നിരുന്ന കഥയോ അതു സൂചിപ്പിക്കുന്നതായ യാതൊരു തെളിവുമില്ല.[23] ആസിഫ് ഖാൻ, നൂർജഹാൻ എന്നിവരുടെ ശവകുടീരങ്ങൾക്കിടയിൽ ഒരു റെയിൽവേപ്പാത നിർമ്മിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന ഷഹ്‍ദാര സ്മാരക സമുച്ചയങ്ങൾ വീണ്ടും നാശനഷ്ടങ്ങൾക്കു വിധേയമായി.[24] പിന്നീട് ബ്രിട്ടീഷുകാർ 1889-1890 കാലഘട്ടത്തിൽ ഈ ശവകുടീരങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്തു.[25] 1867, 1947, 1950, 1954, 1955, 1957, 1958, 1959, 1962, 1966, 1973, 1976, 1988, 2010 എന്നീ വർഷങ്ങളിൽ രാവി നദിയിലുണ്ടായ പ്രളയം ഈ ശവകുടീര സമുച്ചയങ്ങളുടെ നിലനിൽപ്പിനു ഭീഷണിയുയർത്തുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിരുന്നു.[26] വെള്ളപ്പൊക്കത്താൽ 1988 ൽ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും 5 ദിവസത്തേക്ക് ഏകദേശം 10 അടിയോളം ഉയരത്തിൽ വെള്ളത്തിലായിരുന്നു.[27] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia