പ്രസിദ്ധ ഇറ്റാലിയൻ ചിത്രകാരൻ. 1696-ലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രെസ്കോ പാരമ്പര്യത്തിലധിഷ്ഠിതമായ ആലങ്കാരികചിത്രരചനയ്ക്ക് ആഗോളപ്രശസ്തി നേടിയ ടിയോപോളോ ഈ പാരമ്പര്യത്തിലെ അവസാനകണ്ണിയായിട്ടാണ് കരുതപ്പെടുന്നത്. വെനീഷ്യൻ സ്കൂളിന്റെ നേട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.
ജീവിതരേഖ
പ്രസിദ്ധ ചിത്രകാരനായ ഗ്രിഗോറിയോ ലസാറിനിയുടെ ശിക്ഷണമാണ് ആദ്യകാലത്ത് ടിയോപോളോയ്ക്ക് ലഭിച്ചത്. ലസാറിനിയുടെ കർമനിഷ്ഠമായ ശൈലി ഉപേക്ഷിച്ച് കൂടുതൽ സ്വതന്ത്രവും ഊർജസ്വലവുമായ ഒരു രീതിയാണ് പിൽക്കാലത്ത് ടിയോപോളോ സ്വീകരിച്ചത്. വെനീസിൽ പ്രസിദ്ധനായശേഷം ഇദ്ദേഹം ആർച്ച് ബിഷപ്പിന്റെ കൊട്ടാരത്തിൽ ചിത്രരചന നടത്തി. ഓയിൽ പെയിന്റിങ്ങിൽ നിന്ന് ചുവർചിത്രരചനയിലേക്കുമാറിയ ടിയോപോളാ ഇരുണ്ടചിത്രങ്ങളുടെ സ്ഥാനത്ത് തെളിച്ചമേറിയ ചിത്രരചനയാണ് നടത്തിയത്.
1730-കളിൽ വിദേശങ്ങളിലും പ്രസിദ്ധി നേടിയെടുത്ത ടിയോപോളോ സ്റ്റോക്ഹോമിലെ റോയൽ പാലസ് അലങ്കരിക്കാൻ നിയോഗിക്കപ്പെട്ടു. പ്രതിഫലം കുറഞ്ഞുപോയതു കാരണം ഈ ജോലി ഇദ്ദേഹം ഏറ്റെടുത്തില്ല. 1740-കളിൽ പാലസോലാബിയ അലങ്കരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഗ്രാൻസലോണിന്റെ ചുവരുകളിൽ ഇദ്ദേഹം ക്ലിയോപാട്രയുടെ ജീവിതത്തിൽ നിന്നുള്ള രണ്ട് ഏടുകളാണ് ചിത്രീകരിച്ചത്. ആന്റണിയും ക്ലിയോപാട്രയും ജീവനോടെ മുറിയിലേക്ക് ഇറങ്ങിവരുന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു ചിത്രവും ഇവിടെ കാണാം.
1750-കളിലാണ് ടിയോപോളോയുടെ ചിത്രരചന അതിന്റെ മൂർദ്ധന്യതയിലെത്തിയത്. വൂഡ്ബർഗിലെ കൈസർസാലിന്റെയും ആർച്ച് ബിഷപ്പിന്റെ കൊട്ടാരത്തിലെ കോണിപ്പടികളുടെയും അലങ്കരണത്തിലൂടെ ഇദ്ദേഹം ജനശ്രദ്ധ ഏറെ ആകർഷിച്ചു. 1757-ൽ വില്ലാവൽമറാനയിലെ ഏതാനും മുറികൾ ടിയോപോളോ ചിത്രപ്പണികളാൽ അലങ്കരിക്കുകയുണ്ടായി. ഹോമറുടെയും വിർജിലിന്റെയും മറ്റും കൃതികളിലെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ടിയോപോളോ ചിത്രങ്ങളുടെ ഗാംഭീര്യവും വർണപ്പകിട്ടുമെല്ലാം ഇവിടെയാണ് ഏറ്റവുമധികം പ്രകടമാകുന്നത്.
ഇറ്റലിയിലെ വില്ലാവിസാനിയുടെ ബാൾറൂം ചിത്രപ്പണികളാൽ അലങ്കരിക്കുന്ന ദൗത്യവും ടിയോപോളോ ഏറ്റെടുക്കുകയുണ്ടായി. പിന്നീട് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരം മാഡ്രിഡിലെത്തിയ ടിയോപോളോ അവസാനത്തെ എട്ടുവർഷക്കാലം അവിടെയാണ് ചെലവഴിച്ചത്. രാജകൊട്ടാരത്തിലെ കിരീടമുറിയുടെ മേൽക്കൂര അലങ്കരിക്കുന്ന ജോലിയാണ് മുഖ്യമായും ഇദ്ദേഹം ഏറ്റെടുത്തത്. 1770-ൽ ഇദ്ദേഹം നിര്യാതനായി. ടിയോപോളോയുടെ രണ്ടുപുത്രന്മാരും പില്ക്കാലത്ത് ചിത്രകാരന്മാരായി പ്രസിദ്ധിനേടിയിരുന്നു.