ജെങ്കിൻസ് ചെവിയുദ്ധം
1739-നും 1748-നും ഇടയ്ക്ക് ബ്രിട്ടണും സ്പെയിനും തമ്മിൽ നടന്ന ഒരു യുദ്ധമാണ് ജെങ്കിൻസ് ചെവിയുദ്ധം (War of Jenkins' Ear). ഇതിന്റെ അസാധാരണമായ പേരിനു പിന്നിൽ, ബ്രിട്ടന്റെ കച്ചവടക്കപ്പലുകളിലൊന്നിലെ മുഖ്യനാവികനായ റോബർട്ട് ജെങ്കിൻസ് ആണ്. 1731-ൽ കപ്പലിൽ ബലം പ്രയോഗിച്ചു കയറിയ സ്പെയിനിന്റെ സമുദ്രതടസംരക്ഷകർ മുറിച്ച മാറ്റിയ തന്റെ ചെവി ജെങ്കിൻസ് ബ്രിട്ടീഷ് പാർലിമെന്റിൽ പ്രദർശിപ്പിച്ചിരുന്നു. "റെബേക്ക" എന്നുപേരായ ബ്രിട്ടീഷ് കച്ചവടക്കപ്പലിലെ മുഖ്യ നാവികനായിരുന്നു ജെങ്കിൻസ്. ജൂലിയോ ലിയോൻ ഫെർഡിനോയുടെ നേതൃത്വത്തിൽ "ലാ ഇസബെല്ല" എന്ന കപ്പലിലുണ്ടായിരുന്ന സ്പെനിയിന്റെ തടസംരക്ഷകസേനാ വിഭാഗം, ബ്രിട്ടീഷ് നാവികർ കടൽക്കൊള്ളയിൽ ഏർപ്പെട്ടിരിക്കുകയാണെന്നാരോപിച്ച് അവരുടെ കപ്പലിൽ കയറുകയും ജെങ്കിൻസിന്റെ ചെവികളിലൊന്ന് മുറിച്ചുകളയുകയും ചെയ്തെന്നായിരുന്നു ആരോപണം. "ഇനി അയാൾ ഇതു ചെയ്താൽ ഞാനും ഇതുതന്നെ ചെയ്യുമെന്ന് നിന്റെ രാജാവിനോടു പോയി പറഞ്ഞേക്ക്" എന്നു പറഞ്ഞാണത്രെ സ്പെയിൻ തടസംരക്ഷകർ പോയത്. 1738 മാർച്ചിൽ ഈ സംഭവത്തിന്റെ വിചാരണയ്ക്കായി ബ്രിട്ടീഷ് പാർലിമെന്റിലേയ്ക്ക് വിളിക്കപ്പെട്ട ജെങ്കിൻസ് വിചാരണക്കിടെ തന്റെ മുറിച്ചുമാറ്റപ്പെട്ട ചെവി പ്രദർശിപ്പിച്ചതായി പറയപ്പെടുന്നു. എന്നാൽ ഈ വിചാരണയുടെ വിശദമായ രേഖളൊന്നും ലഭ്യമല്ല.[5] മറ്റു പലവിഷയങ്ങളുടേയും വിചാരണക്കൊപ്പമാണ് ഇതും വിചാരണ ചെയ്യപ്പെട്ടത്.[6] വിചാരണയിൽ, ഈ സംഭവം ബ്രിട്ടന്റെ അഭിമാനത്തിന്റെ പ്രശ്നവും, യുദ്ധത്തിന് മതിയായ പ്രകോപനവും ആയി വിലയിരുത്തപ്പെട്ടു.[7]
അവലംബം |
Portal di Ensiklopedia Dunia