ജെയിംസ് സ്കിന്നർ![]() പതിനെട്ട് - പത്തൊമ്പത് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആംഗ്ലോ-ഇന്ത്യൻ പടയാളിയാണ് ജെയിംസ് സ്കിന്നർ (ഇംഗ്ലീഷ്: James Skinner, ജീവിതകാലം: 1778 – 1841 ഡിസംബർ 4). സിക്കന്ദർ സാഹിബ് എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം ബ്രിട്ടീഷുകാർക്കുവേണ്ടി ഹൻസിയിൽ രൂപീകരിച്ച സ്കിന്നേഴ്സ് ഹോഴ്സ് എന്ന കുതിരപ്പടകളുടെ പേരിലാണ് പ്രശസ്തനായത്.[1] ഡെൽഹിയിലെ പുരാതനമായ സെയിന്റ് ജെയിംസ് പള്ളി പണികഴിപ്പിച്ചതും ജെയിംസ് സ്കിന്നറാണ്. ജീവിതംഇന്ത്യൻ ശൈലിയിൽ ജീവിച്ചിരുന്ന സ്കിന്നർ പേർഷ്യൻ ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം പേർഷ്യനിൽ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കിത്താബ്-ഇ തസ്രീ അൽ-അഖ്വാം (ഇന്ത്യയിലെ വിവിധ ജാതികളുടെ ഉദയത്തിന്റെയും അടയാളങ്ങളുടെയും ചരിത്രം)[2][3] ഇതിലൊന്നാണ്. സ്കോട്ടിഷ് കൂലിപ്പടയാളിയായിരുന്ന ഹെർക്കുലീസ് സ്കിന്നറുടെ പുത്രനായിരുന്നു ജെയിംസ് സ്കിന്നർ. ഹെർക്കുലീസ് സ്കിന്നർ, മോൺട്രോസിലെ പ്രോവോസ്റ്റിന്റെ പുത്രനായിരുന്നു. ജെയിംസ് സ്കിന്നറുടെ അമ്മ, ബോജ്പൂരിൽനിന്നുള്ള ഒരു രജപുത്രസ്ത്രീയായിരുന്നു.[4] സ്കിന്നർ ജനിച്ചത് കൽക്കത്തിയിൽ വച്ചായിരുന്നു. മറാഠർക്കുവേണ്ടി പടപൊരുതിയിരുന്ന സ്കിന്നറെ, അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പിതൃത്വം മൂലം അവർ പുറത്താക്കി. തുടർന്ന് സ്കിന്നർ ഇംഗ്ലീഷുകാരുടെ സൈന്യത്തിൽച്ചേർന്നു. എന്നാൽ അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അദ്ദേഹത്തിന്റെ ഇന്ത്യൻ വംശീയതയുടെ പേരിൽ അവിടെയും അവഗണന നേരിട്ടു. മുഗളർ അദ്ദേഹത്തിന് നാസിറുദ്ദൗള കേണൽ ജെയിംസ് സ്കിന്നർ ബഹാദൂർ ഗാലിബ് ജംഗ് എന്ന സ്ഥാനം സമ്മാനിച്ചു. ഇതിനെച്ചുരുക്കി, അലക്സാണ്ടറെ അനുസ്മരിപ്പിക്കുംവിധം സിക്കന്ദർ സാഹിബ് എന്നാണ് ഡെൽഹിയിലുള്ളവർ അദ്ദേഹത്തെ വിളിച്ചിരുന്നത്.[4] ഇന്ത്യയിൽ ജനിച്ചുവളരുകയും പൂർണ്ണമായും മുഗൾ ശൈലിയിൽ ജീവിക്കുകയും ചെയ്തിരുന്ന സ്കിന്നറുടെ ഇംഗ്ലീഷ് ഭാഷ അത്ര ഒഴുക്കുള്ളതല്ലായിരുന്നു. കൂടാതെ അതിൽ വ്യാകരണത്തെറ്റുകളും പ്രകടമായിരുന്നു. അദ്ദേഹം പതിനാലോളം ഇന്ത്യൻ സ്ത്രീകളെ വിവാഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുഖ്യഭാര്യയായിരുന്ന അശൂരി ഖാനം ഒരു മുസ്ലീം സ്ത്രീയായിരുന്നു. അവർ തന്നെ ഒരു സമീന്ദാരിണിയും അവരുടെ പിതാവ്, മിർസ അസിം ബൈഗ്, ഹരിയാണയിലെ ശക്തനായ സമീന്ദാരുമായിരുന്നു. അദ്ദേഹം സ്കിന്നറുടെ ഹൻസിയിലെ അവ്യവസഥാപിത കുതിരപ്പടയുടെ ബാരക്കിലെ മേൽനോട്ടക്കാരനായിരുന്നു. എന്നിരുന്നാലും സ്കിന്നർ തന്റെ ക്രിസ്തുമതവിശ്വാസം മുറുകെപ്പിടിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഡെൽഹിയിലെ ഇംഗ്ലീഷ് സമൂഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന സെയിന്റ് ജെയിംസ് പള്ളി അദ്ദേഹമാണ് നിർമ്മിച്ചത്. അതേ സമയത്തുതന്നെ തന്റെ മുസ്ലീം ഭാര്യമാർക്കായി തന്റെ ഹവേലിയിലെ മുഗൾ മോസ്ക് പുനരുദ്ധരിക്കുകയും ഹിന്ദു ഭാര്യമാർക്കായി ഒരു അമ്പലം പണിയുകയും ചെയ്തിരുന്നു.[4] ജെയിംസ് സ്കിന്നറുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മക്കൾ ഡെൽഹിയിൽ പ്രധാന ജമീന്ദാരന്മാരും സഭാംഗങ്ങളും ആയിരുന്നു. ഡെൽഹി ഗസറ്റ് പത്രത്തിന്റെ എഡിറ്ററായിരുന്ന ജോർജ് വാഗൻട്രീബർ, സ്കിന്നറുടെ പുത്രിയായ എലിസബത്തിനെയാണ് വിവാഹം കഴിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബ്രിട്ടീഷുകാരിൽ ഇന്ത്യക്കാരോടുനേരെയുള്ള മനോഭാവത്തിലെ മാറ്റം മൂലം സ്കിന്നർ കുടുംബത്തിലെ പലരും തങ്ങളുടെ സങ്കരപൈതൃകത്തെയോർത്ത് വിഷമിച്ചിരുന്നു.[4] അവലംബം
ഗ്രന്ഥങ്ങൾ
|
Portal di Ensiklopedia Dunia