ജേക്കബ് തോമസ്
ഇന്ത്യൻ പോലീസ് സർവ്വീസിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനും എഴുത്തുകാരനും ഗവേഷകനുമാണ് ജേക്കബ് തോമസ് (ജനനം 1960).[1] കേരളത്തിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (വിഎസിബി) മുൻ ഡയറക്ടർ ജനറലുമായിരുന്ന ഇദ്ദേഹത്തിനു മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മലയാള മനോരമയുടെ ന്യൂസ് മേക്കർ ഓഫ് ദ ഇയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്നപേരിൽ ഇദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്. ജീവിതരേഖ1960 മെയ് 15 ന് കോട്ടയം ജില്ലയിലെ തീക്കോയി എന്ന ഗ്രാമത്തിൽ ജനിച്ച ജേക്കബ് തോമസ് തീക്കോയിയിലെ സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ പ്രീഡിഗ്രി കോഴ്‌സ് പൂർത്തിയാക്കി. കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചറൽ സയൻസിൽ ബിരുദം നേടി.[2] തുടർന്ന് കൃഷിശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി. ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു. പിന്നീട് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റിൽ രണ്ടാം ഡോക്ടറൽ ബിരുദം നേടി. എൻവയണ്മെന്റ് ആന്റ് സസ്റ്റെയിനബിൾ ഡെവലപ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1984-ൽ അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പാസായി 1985-ൽ സർവ്വീസിൽ പ്രവേശിച്ചു.[3] തന്റെ സർവ്വീസിന്റെ അവസാന വർഷങ്ങളിൽ ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു ജേക്കബ് തോമസ്. 2019 ഒക്ടോബറിലാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയമിച്ചത്. സർക്കാരുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് നിയമനത്തോട് തുടക്കത്തിൽ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 2020 മേയ് 31-ന് സർവ്വീസിൽ നിന്നും വിരമിച്ചു.[4] ഡെയ്‌സിയാണ് ജേക്കബ് തോമസിന്റെ ഭാര്യ.[5] സർവ്വീസിൽ1987-ൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പോലീസിൽ സേവനം ആരംഭിച്ചു. ആദ്യത്തെ സർവ്വീസ് നിയമനങ്ങൾ തൊടുപുഴയിലും കാസർഗോഡുമായിരുന്നു. 1989-ൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് 1991 വരെ ആ സ്ഥാനത്തു തുടർന്നു. 1991-ൽ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി.[6] 1993-ൽ കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രൊഡക്റ്റ്സ് ഡവലപ്മെന്റ് കോർപ്പറേഷനിൽ (ഹോർട്ടികോർപ്പ്) മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടു.[7] 1997-ൽ കൊച്ചി പോലീസ് കമ്മീഷണറായി വീണ്ടും പോലീസ് വകുപ്പിൽ മടങ്ങിയെത്തി.[8] 1998 ഏപ്രിൽ 2-ാം തിയതി കമ്മീഷണർ സ്ഥാനത്തു നിന്നും മാറ്റി,[9] 1998-ൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ |ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി നിയമിക്കപ്പെട്ടു. എന്നാൽ, അടുത്ത വർഷം തന്നെ അദ്ദേഹത്തെ കേരള വനിതാ കമ്മീഷൻ ഡയറക്ടറായി നിയമിച്ചു. ഇവിടെ 2003 വരെ സർവ്വീസിൽ ഉണ്ടായിരുന്നു. തുടർന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റിൽ ഗതാഗത കമ്മീഷണറായി നിയമിതനായി.[10] 2003-ൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായും 2004-ൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റെ സീനിയർ അഡ്മിനിസ്ട്രേറ്റർ, 2004-ൽത്തന്നെ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചെയർമാനും ഡയറക്ടറുമായിരുന്നു.[3] കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനായിരുന്നു.[11]അതേ സമയം തന്നെ ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ബോർഡ് ഓഫ് ഗവർണർ അംഗമായും സേവനമനുഷ്ഠിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായും കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായും[12] 2010 വരെ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായും നിയമിതനായി.[6][13] പോർട്ടിന്റെ ഡയറക്ടർ സ്ഥാനവും അദ്ദേഹം വഹിച്ചു.[14] ജേക്കബ് തോമസിനെ അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ ആയി 2014-ൽ നിയമിച്ചു. പിന്നീട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറായി അദ്ദേഹം 2015 വരെ തുടർന്നു.[15] അദ്ദേഹം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് ആന്റ് ഹോം ഗാർഡ്സ് എന്നിവയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. 2017 ൽ കേരള സർക്കാരിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ ജനറലായി അദ്ദേഹത്തെ നിയമിച്ചു.[16][17] എന്നാൽ 2017 ഡിസംബറിൽ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശത്തിന്റെ പേരിലായിരുന്നു ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്.[18] സസ്പെൻഷൻ കാലയളവിനുശേഷം അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 2018 ഏപ്രിൽ മാസത്തിൽ അദ്ദേഹത്തിന് രണ്ടാമത്തെ സസ്പെൻഷൻ നോട്ടീസ് നൽകി.[19] സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതാണ് ഇതിനു കാരണമായത്. 2018 ഡിസംബറിൽ അദ്ദേഹത്തിന്റെ സസ്‌പെൻഷൻ കാലാവധി ആറ് മാസം കൂടി നീട്ടി. [20] ഇതേത്തുടർന്ന് അദ്ദേഹം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് രണ്ടുവർഷത്തെ സസ്പെൻഷനു ശേഷം മെറ്റൽ ഇൻഡസ്ട്രീസിലെ പദവി വഴി ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തി. 2019 ഒക്ടോബറിലാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് തലപ്പത്ത് നിയമിതനാവുന്നത്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് പ്രകാരമായിരുന്നു നടപടി. പൊലീസ് സേനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ജേക്കബ് തോമസ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും സർക്കാർ അദ്ദേഹത്തെ മറ്റൊരു ചുമതലയിൽ നിയമിക്കുകയായിരുന്നു. 2020 മേയ് 31-ന് സർവ്വീസിൽ നിന്നും വിരമിച്ചു. വിവാദംസ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്നപേരിൽ ഇദ്ദേഹത്തിന്റെ ആത്മകഥ സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് എഴുതിയത് എന്നതിനാൽ വിവാദം സൃഷ്ടിച്ചു. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കെ.സി. ജോസഫ് കത്തയച്ചിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറി.[21] പോലീസിലെ പ്രധാന ചുമതലകളിൽനിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ രാജപാളയത്ത് നൂറേക്കർ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന പരാതിയിൽ ജേക്കബിനെതിരെ 2019-ൽ വിജിലൻസ് അന്വേഷണം നടന്നു. അന്വേഷണത്തിനെതിരെ സ്‌റ്റേ വേണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം കോടതി നിരസിച്ചു. 19 വർഷം മുമ്പ് 33 പേരിൽ നിന്നായി 50.33 ഏക്കർ ഭൂമി ജേക്കബ് തോമസ് വാങ്ങി. ഇസ്രേയലിലെ കൃഷിരീതി പരിചയപ്പെടുത്തുന്നതിനായാണ് ഇൻഫ്രാ അഗ്രോ ടെക്‌നോളജി എന്ന കമ്പനിക്ക് വേണ്ടിയാണ് സ്ഥലം വാങ്ങിയതെന്നും ചില നിയമപരമായ വ്യവസ്ഥകൾ കൂടി കണക്കിലെടുത്താണ് തന്റെയും ഭാര്യയുടെയും പേരിൽ ഈ ഭൂമി വാങ്ങിയതെന്നും ജേക്കബ് തോമസ് വാദിച്ചു. കേസ് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നും പോലീസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം വിജിലൻസിന് കൈമാറിയതിൽ ദുദ്ദേശ്യമുണ്ടെന്നും ജേക്കബ് തോമസ് ബോധിപ്പിച്ചു.[22] പുരസ്കാരങ്ങളും ബഹുമതിയുംനാഷണൽ പോലീസ് അക്കാദമിയുടെ അത്‌ലറ്റിക്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് തോമസ്. കൂടാതെ അക്കാദമിയുടെ മികച്ച പ്രൊബേഷണറുമായിരുന്നു. 2015-ൽ മനോരമ ന്യൂസ് മേക്കറായി തിരഞ്ഞെടുക്കപ്പെട്ടു.[23] 2016-ൽ മികച്ച പോലീസ് സേവനത്തിന് രാഷ്ട്രപതിയിൽ നിന്നു് മെഡൽ ലഭിച്ചു.[24] പുസ്തകങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia