ജോസഫ് മക്കാർത്തി
1947 മുതൽ 1957-ലെ മരണം വരെ അമേരിക്കൻ സെനറ്റിൽ വിസ്കോൺസിൻ സംസ്ഥാനത്തിന്റെ പ്രതിനിധി ആയിരുന്ന റിപ്പബ്ലിക്കൻ കക്ഷി നേതാവാണ് ജോസഫ് മക്കാർത്തി (ജനനം: നവംബർ 14, 1908; മരണം: മേയ് 2, 1957). 1950-കളിൽ സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും ശാക്തികച്ചേരികൾക്കിടയിലുള്ള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കക്കുള്ളിൽ കമ്മ്യൂണിസ്റ്റുകൾ നടത്തുന്നതായി പറയപ്പെട്ട അട്ടിമറിയെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വരുത്തിയ ഭീതിയുടെ ഏറ്റവും അറിയപ്പെടുന്ന വക്താക്കളിൽ ഒരാളായിരുന്നു മക്കാർത്തി.[1] അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ സർക്കാരിലും മറ്റു മേഖലകളിലും ഒട്ടേറെ കമ്മ്യൂണിസ്റ്റുകളും, സോവിയറ്റു ചാരന്മാരും നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള അവകാശവാദമാണ് മക്കാർത്തിയെ ശ്രദ്ധേയനാക്കിയത്. ഒടുവിൽ, പിഴച്ചുപോയ തന്ത്രങ്ങളും ആരോപണങ്ങൾ തെളിയിക്കുന്നതിൽ സംഭവിച്ച പരാജയവും, സെനറ്റിൽ അദ്ദേഹത്തിനെതിരായ കുറ്റപ്പെടുത്തൽ പ്രമേയത്തിലേക്കു നയിച്ചു. മക്കാർത്തിയുടെ നിലപാടുകളെ സൂചിപ്പിക്കാൻ 1950-ൽ ഉപയോഗിക്കപ്പെട്ട 'മക്കാർത്തിസം' എന്ന പ്രയോഗം താമസിയാതെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ തന്നെ പര്യായമായിത്തീർന്നു. കാലക്രമേണ അത്, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ സഹായത്തോടെ നടത്തുന്ന നെറികെട്ട എല്ലാത്തരം ആക്രമണങ്ങളുടേയും, രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ അവരുടെ സ്വഭാവശുദ്ധിയേയും ദേശസ്നേഹത്തേയും ചോദ്യം ചെയ്തു കൊണ്ടു നടത്തുന്ന പരസ്യാരോപണങ്ങളുടേയും സാമാന്യനാമമായി.[2] വിസ്കോൺസിലെ ഒരു കൃഷിയിടത്തിൽ ജനിച്ച മക്കാർത്തി മാർക്യൂട്ട് സർവകലാശാലയിലെ നിയമവിഭാഗത്തിൽ നിന്ന് 1935-ൽ ബിരുദം സമ്പാദിച്ച ശേഷം 1939-ൽ പ്രാദേശികക്കോടയിൽ, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി നിയമനം നേടി.[3] 33-ആമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. യുദ്ധാനന്തരം സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച മക്കാർത്തി റോബർട്ട് എം. ലാ ഫോല്ലെറ്റിനെ തോല്പിച്ച് സെനറ്റിൽ അംഗമായി. സെനറ്റിലെ ആദ്യവർഷങ്ങളിൽ അദ്ദേഹം മിക്കവാറും അപ്രശസ്തനായിരുന്നു. എന്നാൽ 1950-ലെ ഒരു പ്രസംഗം ആ സ്ഥിതി നാടകീയമായി മാറ്റി. അമേരിക്കൻ വിദേശകാര്യവകുപ്പിൽ നുഴഞ്ഞുകയറിയിരിക്കുന്ന "കമ്മ്യൂണിസ്റ്റ് ചാരവലയത്തിലെ അംഗങ്ങളുടെ പട്ടിക" തന്റെ കൈവശമുണ്ടെന്ന അവകാശവാദമായിരുന്നു ആ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്.[4] അമ്പരപ്പിക്കുന്ന ഈ അവകാശവാദം മക്കാർത്തിക്ക് ഒരിക്കലും തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നു വന്ന വർഷങ്ങളിൽ മക്കാർത്തി, അമേരിക്കൻ വിദേശകാര്യവകുപ്പിലും, പ്രസിഡന്റ് ഹാരി ട്രൂമാന്റെ ഭരണവൃത്തത്തിലും, വോയിസ് ഓഫ് അമേരിക്ക എന്ന പ്രക്ഷേപണസംഘടനയിലും, അമേരിക്കൻ സൈന്യത്തിലുമെല്ലാം നടന്നതായി സങ്കല്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തെ സംബന്ധിച്ച പുതിയ ആരോപണങ്ങളുമായി മുന്നോട്ടു വന്നു. ഭരണകൂടത്തിലും പുറത്തുമുള്ള ഒട്ടേറെ വ്യക്തികളെ അദ്ദേഹം കമ്മ്യൂണിസ്റ്റുകാരെന്നോ, കമ്മ്യൂണിസ്റ്റ് അനുഭാവികളെന്നോ, ദേശക്കൂറില്ലാത്തവരെന്നോ ആരോപിച്ച് ആക്രമിച്ചു. ![]() എന്നാൽ 1954-ൽ ഏറെ ജന-മാദ്ധ്യമശ്രദ്ധയുടെ അകമ്പടിയോടെ നടന്ന സൈന്യ-മക്കാർത്തി വിചാരണയോടെ മക്കാർത്തിക്കുണ്ടായിരുന്ന പിന്തുണ ഇല്ലാതാവുകയും അദ്ദേഹം വിസ്മൃതിയിലേക്കു തള്ളപ്പെടുകയും ചെയ്തു. മക്കാർത്തിയുടെ അനുചരന്മാരിൽ ഒരുവനെ വഴിവിട്ട് സഹായിക്കാൻ സൈന്യത്തിന്മേൽ സമ്മർദ്ദം നടക്കുന്നു എന്ന പരാതിയെ തുടർന്ന് സൈനികവകുപ്പും മക്കാർത്തിയും കൈമാറിയ ആരോപണപ്രത്യാരോപണങ്ങളാണ് ഈ വിചാരണയ്ക്ക് വഴിയൊരുക്കിയത്. വിചാരണയുടെ പരിണാമത്തിൽ 1954 ഡിസംബർ 2-ന് സെനറ്റ് മക്കാർത്തിയെ താക്കീതു ചെയ്യാനുള്ള ഒരു പ്രമേയം 22-നെതിരെ 67 വോട്ടുകളുടെ പിന്തുണയോടെ അംഗീകരിച്ചു. സെനറ്റിന്റെ ചരിത്രത്തിൽ, ഈവിധമൊരു നടപടിക്കു വിധേയരായ ചുരുക്കം സാമാജികരിൽ ഒരാളായിത്തീർന്നു അദ്ദേഹം. 1957 മേയ് 2-ന് മക്കാർത്തി ബെത്തെസ്ദാ നാവിക ആശുപത്രിയിൽ 48-ആം വയസ്സിൽ മരിച്ചു. കരൾ രോഗമാണ് മരണകാരണമായി പറയപ്പെട്ടത്; അതിനു കാരണമായതോ അതിനെ വഷളാക്കിയതോ, അമിതമായ മദ്യപാനമാണെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിട്ടുണ്ട്.[5] അവലംബം
|
Portal di Ensiklopedia Dunia