ജോൺ നിക്കോൾസൺ
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ഒരു സൈനികനും ഭരണകർത്താവുമായിരുന്നു ജോൺ നിക്കോൾസൺ (ഇംഗ്ലീഷ്: John Nicholson). വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കുന്നതിന് ഹെൻറി ലോറൻസിനു കീഴിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ പ്രമുഖനായിരുന്നു നിക്കോൾസൺ.[1] 1857-ലെ ഇന്ത്യൻ ലഹളയിൽ ദില്ലി തിരിച്ചുപിടിക്കാൻ പഞ്ചാബിൽ നിന്നെത്തിയ ബ്രിട്ടീഷ് സംഘത്തിന്റെ നായകരിലൊരാളുമായിരുന്നു. ദില്ലിയിൽ വച്ചുനടന്ന പോരാട്ടത്തിൽ പരിക്കേറ്റ് 1857 സെപ്റ്റംബറിൽ കൊല്ലപ്പെട്ടു. ജോൺ നിക്കോൾസന്റെ സ്മാരകമായി നിക്കോൾസൺ റോഡ്, നിക്കോൾസൺ സെമിത്തേരി എന്നിവ ദില്ലിയിലെ കശ്മീരി ഗേറ്റ് പ്രദേശത്തുണ്ട്. പഞ്ചാബ് റെസിഡന്റും വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യകളുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായിരുന്ന ഹെൻറി ലോറൻസിനു കീഴിൽ 1847-48 കാലയളവിൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ജോലി ചെയ്തു. ഹെൻറിയെ പഞ്ചാബിൽ നിന്ന് പുറത്താക്കി, ജോൺ ലോറൻസ് പഞ്ചാബിന്റെ ചീഫ് കമ്മീഷണർ സ്ഥാനം ഏറ്റെടുത്തപ്പോൾ അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് നിക്കോൾസൺ കശ്മീരിലേക്ക് മാറി. പിന്നീട് വീണ്ടും പഞ്ചാബിലേക്ക് തിരിച്ചെത്തി പെഷവാറിന്റെ ചുമതലയേറ്റു. 1857-ലെ ലഹള സമയത്ത് ജോൺ ലോറൻസ് തന്നെയാണ് നിക്കോൾസണെ ദില്ലിയിലേക്കുള്ള സൈന്യത്തിന്റെ തലവനായി നിയോഗിച്ചത്. നിക്കോൾസണില്ലാതിരുന്നെങ്കിൽ ബ്രിട്ടീഷുകാർക്ക് ദില്ലി ഒരിക്കലും തിരിച്ചുപിടിക്കാൻ സാധിക്കുമായിരുന്നില്ലെന്ന് ജോൺ ലോറൻസ് തന്നെ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു.[2] വളരെ നേതൃഗുണവും, ധൈര്യവും, കൊടിയ ക്രൂരതകൾ കാണിക്കാൻ പോലും യാതൊരു മടിയുമില്ലാത്ത വ്യക്തിയായിരുന്നു നിക്കോൾസൻ. പഞ്ചാബ് അതിർത്തിയിലായിരിക്കുമ്പോൾ ചില മതവിഭാഗങ്ങളെ വളരെ പ്രചോദിപ്പിക്കുകയും അവർ അദ്ദേഹത്തെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുക വരെ ചെയ്തിരുന്നു. ലഹളക്കാലത്തെ പ്രകടനത്തിന്റെ പേരിൽ ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ആരാധനപുരുഷനായിരുന്നു നിക്കോൾസൺ. പഞ്ചാബിൽ നിന്ന് ദില്ലിയിലെത്തിയ ഉടനെത്തന്നെ ഓഗസ്റ്റ് 25 -ന് നജഫ്ഗഢിൽ ശിപായികളുമായി പോരാട്ടത്തിലേർപ്പെട്ടു. സെപ്റ്റംബർ 14-ലെ പോരാട്ടത്തെ നയിക്കുകയും അതേ ദിവസം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.[3] അവലംബം
ചിത്രങ്ങൾ
അവലംബം |
Portal di Ensiklopedia Dunia