ജോൺ മെയ്‌നാഡ് കെയ്ൻസ്
ആധുനിക സ്ഥൂലസാമ്പത്തിക ശാസ്ത്രത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും നിർണ്ണായക സ്വധീനം ചെലുത്തിയ ഒരു ബ്രിട്ടീഷ് ധനശാസ്ത്രജ്ഞാനായിരുന്നു ജോൺ മെയനാഡ് കെയ്ൻസ് എന്ന കെയ്ൻസ് -ഇംഗ്ലീഷ്:John Maynard Keynes, 1st Baron Keynes-(5 ജൂൺ 1883 – 21 ഏപ്രിൽ 1946). സാമ്പത്തിക മേഖലയിൽ സർക്കാറുകളുടെ ഇടപെടൽ സിദ്ധാന്തത്തിനു(interventionist) വേണ്ടി വാദിച്ച കെയ്ൻസ്, സർക്കാർ ഇടപെടലിന്റെ മുഖ്യമേഖലയായ നികുതിനയത്തിലൂടെയും സാമ്പത്തിക നയത്തിലൂടെയും(fiscal and monetary) വാണിജ്യചക്രത്തിന്റെ ദൂശ്യഫലങ്ങളായ സാമ്പത്തിക പ്രതിസന്ധിയുടേയും മാന്ദ്യത്തിന്റെയും അളവിനെ കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന് വിലയിരുത്തി. കെയ്നീഷ്യൻ സാമ്പത്തികശാസ്ത്രം(Keynesian economics) എന്നറിയപ്പെടുന്ന സാമ്പത്തിക പഠനസരണിയുടെ(school of thought) അടിസ്ഥാനം കെയ്ൻസിന്റെ ആശയങ്ങളാണ്. 1930 കളിൽ സാമ്പത്തിക ശാസ്ത്രരംഗത്ത് വിപ്ലവകരമായ ചിന്തകൾക്ക് കെയ്ൻസ് തുടക്കമിട്ടു. തൊഴിലാളികൾ തങ്ങളുടെ കൂലിയുടെ കാര്യത്തിൽ കുറെക്കൂടി അയഞ്ഞ സമീപനം സ്വീകരിക്കുന്ന കാലത്തോളം തുറന്ന വിപണിയിൽ(free market) എല്ലാവർക്കും സ്വമേധയാ തൊഴിൽ ലഭ്യമാവും എന്ന് അവകാശപ്പെട്ട നിയോക്ലാസിക്കൽ സാമ്പത്തിക വിദഗ്ദ്ധരുടെ വാദങ്ങളെ പിന്തള്ളിക്കൊണ്ടാണ് കെയ്ൻസിന്റെ ചിന്തകൾ സ്വീകാര്യത നേടിയത്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടുകൂടി അറിയപ്പെട്ട പാശ്ചാത്യൻ സമ്പത്ത് വ്യവസ്ഥകളൊക്കെ കെയ്ൻസിന്റെ സാമ്പത്തിക നയങ്ങൾ സ്വീകരിച്ചു. 1950 കളിലും 1960 കളിലും ഒരുവിധം എല്ലാ മുതലാളിത്ത രാജ്യങ്ങളും കെയ്ൻസിന്റെ നയങ്ങൾ സ്വീകരിച്ചത് കെയ്ൻസിന്റെ സാമ്പത്തികശാസ്ത്ര നയങ്ങളുടെ വിജയത്തെ പ്രഘോഷിക്കുന്നതായിരുന്നു. മിൽട്ടൻ ഫ്രീഡ്മാനെപ്പോലുള്ള സാമ്പത്തിക വിദദ്ധരുടെ വിമർശനം കാരണമായി 1970 കളിൽ കെയ്ൻസിന്റെ സ്വാധീനം പതുക്കെ കുറഞ്ഞു വന്നു. സർക്കാർ ഇടപെടലുകൾ വാണിജ്യചക്രത്തിൽ ഭാവാത്മകമായ നിയന്ത്രണങ്ങൾക്ക് ഇടവരുത്തുമെന്നുള്ള ശുഭാപ്തിവിശ്വാസം ഫ്രീഡ്മാനെ പോലുള്ളവർക്കുണ്ടായിരുന്നില്ല. എങ്കിലും 2007 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കെയ്നീഷ്യൻ ചിന്തകൾക്ക് വീണ്ടും ജീവൻ വെപ്പിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണും മറ്റു ലോകനേതാക്കളും ലോക സമ്പത്ത് വ്യവസ്ഥയെ രക്ഷിക്കുന്നതിനായുള്ള തങ്ങളുടെ പദ്ധതികളിൽ കെയ്നീഷ്യൻ സാമ്പത്തിക സദ്ധാന്തങ്ങളെ കൂട്ടുപിടിക്കുന്നുണ്ട്. 1999 ൽ ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളിൽ ഒരാളായി കെയ്ൻസിനെ തിരഞ്ഞെടുക്കുകയുണ്ടായി. സ്ഥൂലസാമ്പത്തികശാസ്ത്രത്തിന്റെ(macroeconimics) പിതാവായിട്ടാണ് കെയ്ൻസിനെ കണക്കാക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധൻ എന്നതിനു പുറമെ, ഒരു സർക്കാർ സേവകൻ, കലകളുടെ രക്ഷാധികാരി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡയറക്ടർ, നിരവധി ആധുരസേവന ട്രസ്റ്റുകളുടെ ഉപദേശകൻ,എഴുത്തുകാരൻ, സ്വകാര്യ നിക്ഷേപകൻ, കൃഷിക്കാരൻ എന്നീ നിലകളിലും കെയ്ൻസ് വ്യാപരിച്ചു.
|
Portal di Ensiklopedia Dunia