ജോർജ്ജ് ഇലിയറ്റ്ജോർജ്ജ് ഇലിയറ്റ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മേരി ആനി ഇവാൻസ് (ജനനം: 22 നവംബർ 1819 – മരണം 22 ഡിസംബർ 1880), ഇംഗ്ലീഷ് നോവലിസ്റ്റും,കവയിത്രിയും, ജേണലിസ്റ്റും, വിവർത്തകയും, വിക്ടോറിയൻ ഇംഗ്ലണ്ടിലെ മുൻനിര എഴുത്തുകാരിൽ ഒരാളുമായിരുന്നു. ആഡം ബീഡ് (1859), മിൽ ഓൺ ദ ഫ്ലോസ്(1860), സിലസ് മാർനർ, (1861), റമോള (1862-1863), ഫെലിക്സ് ഹോൾട്ട്, ദി റാഡിക് (1866), മിഡിൽമാർച്ച്(1871-72), ഡാനിയേൽ ഡെറോണ്ടാ(1876) എന്നീ എട്ടു നോവലുകൾ എഴുതി. ചാൾസ് ഡിക്ക൯സിനേയും തോമസ് ഹാർഡിയേയും പോലെ ഇംഗ്ലീഷ് ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുയ൪ന്നു വന്ന എഴുത്തുകാരിയാണ് ഏലിയറ്റ്. അതിനാൽത്തന്നെ ഗ്രാമങ്ങളെ പശ്ചാത്തലമാക്കിയാണ് എലിയറ്റിന്റെ അധിക കൃതികളും എഴുതപ്പെട്ടിരിക്കുന്നത്. റിയലിസം, മനശാസ്ത്രപരമായ ഉൾക്കാഴ്ച എന്നിവ ഇവരുടെ രചനകളുടെ മുഖമുദ്രയാണ്. " മുതിർന്നവർക്കായി എഴുതിയ വളരെച്ചുരുക്കം നോവലുകളിലെന്ന് എന്നാണ് വിർജീനിയ വുൾഫ് "മിഡിൽമാർച്ച്" നെ വിശേഷിപ്പിച്ചത്. മാർട്ടിൻ ഏമിസും, ജൂലിയൻ ബാർനെസും ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച നോവലെന്ന് വിശേഷിപ്പിച്ചതും "മിഡിൽമാർച്ച്" -നെത്തന്നെയാണ്.
ജീവചരിത്രംകുട്ടികാലംഇംഗ്ലണ്ടിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കർക്കശമായിരുന്ന സാമൂഹികവും, മതപരവുമായ വിലക്കുകളോടു പൊരുതി വ്യക്തിജീവിതത്തിലും,പ്രണയജീവിതത്തിലും വിസ്മയാവഹമായ വിജയം കൈവരിച്ച അത്ഭുതപ്രതിഭയായിരുന്നു മരിയൻ. മധ്യ ഇംഗ്ലണ്ടിലെ ധനികനായ ഒരു എസ്റ്റേറ്റ് മാനേജരുടെ ഏറ്റവും ഇളയമകളായി 1819-ൽ ജനിച്ച മരിയൻ ഇവാൻസ് തീരെ കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ അസാധാരണമായ ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാനസികമായി ദുർബലയായിരുന്നു. കുഞ്ഞുമരിയൻ എല്ലായ്‌പ്പോഴും ലാളനപ്രകടനങ്ങൾക്കായി കൊതിച്ചിരുന്നെങ്കിലും കർക്കശപ്രകൃതക്കാരിയും, തന്റേടിയുമായിരുന്ന അമ്മ സ്നേഹപ്രകടനങ്ങൾ നടത്തുന്നതിൽ വിസമ്മതിച്ചു.അങ്ങേയറ്റം വാത്സല്യനിധിയായിരുന്ന അച്ഛനാകട്ടെ തിരക്കേറിയ ഔദ്യോഗികജീവിതത്തിനിടയിൽ തന്റെ കൊച്ചുമകൾക്കു മാറ്റിവയ്ക്കുവാനായി അധികസമയമൊന്നും ബാക്കിയുണ്ടായിരുന്നുമില്ല. അങ്ങനെ അവൾ തന്റെ ബാല്യകാലമിത്രം കൂടെയായ മൂത്തസഹോദരൻ ഐസക്കിനോട് പറ്റിച്ചേർന്നുവളർന്നു.സുന്ദരവും, സമൃദ്ധവുമായ ആ നാട്ടിൻപുറത്തെ പുഴക്കരയിൽ ചേട്ടനൊപ്പം കളിച്ചുനടന്ന് മരിയൻ തന്റെ സങ്കടങ്ങളെല്ലാം മറന്നു. ജീവചരിത്രം - യവ്വനംവളർന്നതോടെ തീരെ ഇടുങ്ങിയ മനസ്ഥിതിയുള്ള തികഞ്ഞ ഒരു യാഥാസ്ഥികനായി മാറിയ ഐസക് തന്റെ പുസ്തകപ്പുഴുവായ അനിയത്തിയിൽ നിന്നും തീർത്തും അകന്നുപോയി. സ്ത്രീയുടെ പ്രധാന ദൌത്യം ഭാര്യയും,അമ്മയുമാവുക എന്നതുമാത്രമായി കണക്കാക്കപ്പെട്ടിരുന്ന അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയിൽ ഇരുപതുകളിലെത്തിയിട്ടും അവിവാഹിതയായി തുടരുന്ന മരിയൻ ഇവാൻസിന് ഒരധഃകൃതസ്ഥാനമായിരുന്നു കൽപ്പിച്ചുകിട്ടിയത്. വൈകാതെ മൂത്തസഹോദരങ്ങൾ വിവാഹിതരായി ദൂരദേശങ്ങളിൽ കുടുംബജീവിതമാരംഭിച്ചു. അമ്മ മരിച്ചതോടെ മരിയനും പിതാവും ആ വീട്ടിൽ ഒറ്റപ്പെട്ടു. മോശമായ ആരോഗ്യാവസ്ഥയിൽ മി.ഇവാൻസ് റിട്ടയറായതോടെ സ്വന്തം ഗ്രാമം വിട്ട് ക്യവന്റ്രിയിലെ ഒരു പട്ടണത്തിലേക്കവർ താമസം മാറ്റി. അവിടെ വീട്ടുജോലികൾക്കും, രോഗിയായ പിതാവിനെ ശുശ്രൂഷിക്കുന്നതിനുമൊപ്പം പാവങ്ങളെ സന്ദർശിക്കാനും, സഹായിക്കാനും മരിയൻ ശ്രദ്ധിച്ചിരുന്നു.വിശ്രമമില്ലാത്ത ഈ ദിനചര്യകൾക്കിടയിലും വേഡ്സ്‌വർത്തിന്റെയും ഷേക്സ്പിയറുടെയും കവിതകളും, നോവലുകളും വായിക്കാനും തർക്കശാസ്ത്രത്തിലും, തത്ത്വചിന്തയിലും ആഴമേറിയ അറിവുനേടാനും മരിയൻ സമയം കണ്ടെത്തിയിരുന്നു. താമസിയാതെ മരിയന് കവന്റ്രിയിൽ തന്റെ ബുദ്ധിപരമായ ചേതനയെ പ്രോത്സാഹിപ്പിക്കുന്ന ,പുരോഗമനചിന്താഗതിക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളെ നേടിയെടുക്കാനായീ.പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ സ്ത്രീകൾക്കു അനുവദനീയമാക്കപ്പെട്ടിരുന്ന ചുരുക്കംജോലികളിലൊന്നായിരുന്ന അദ്ധ്യാപകവൃത്തിക്കുപോകാനും അവളാഗ്രഹിച്ചിരുന്നു.ഈ സമയത്താണ് മരിയൻ ദൈവവിശ്വാസം നഷ്ടമായതുകൊണ്ട് താനിനി പള്ളിയില്പോകില്ലെന്ന തീരുമാനം മി.ഇവാൻസിനെ അറിയിക്കുന്നത്.അന്നത്തെ യാഥാസ്ഥിതികമായ ചുറ്റുപാടിൽ മരിയന്റെ ഈ തീരുമാനം അദ്ദേഹത്തിനും,സമൂഹത്തിനും താങ്ങാവുന്നതിലപ്പുറമായിരുന്നു.അവിവാഹിതയായ മരിയന് നല്ലൊരു കുടുംബജീവിതത്തിനും,അദ്ധ്യാപകവൃത്തിയിൽ പ്രവേശിക്കുന്നതിനും ഇതു തടസ്സമാകുമെന്നതുകൊണ്ട് വീട്ടിൽ ഇക്കാര്യത്തിൽ മരിയന് കടുത്തസമ്മർദ്ദങ്ങൾ നേരിടേണ്ടിവന്നു.എന്നാൽ മരിയന്റെ പുതിയസുഹൃത്തുക്കൾ അവളെ തന്റെ പുരോഗമനചിന്താഗതികളെ തീർത്തും അനുകൂലിക്കുന്ന ഒരു പുതിയസംഘത്തിനു പരിചയപ്പെടുത്തി. ആ സമയത്ത് സമൂഹത്തിലെ ഭൂരിഭാഗവും ക്യൂൻ വിക്ടോറിയയുടെ കീഴിൽ കുടുംബമൂല്യങ്ങളെയും ചർച്ചിനേയും അനുകൂലിച്ചാണ് നിലകൊണ്ടിരുന്നതെങ്കിലും മാറ്റത്തിന്റെ ചെറിയകാറ്റ് സമൂഹത്തിൽ വീശിത്തുടങ്ങിയിരുന്നു.ശാസ്ത്രരംഗത്ത് പുതിയകണ്ടുപിടിത്തങ്ങൾ നടത്തപ്പെട്ടു.പ്രകൃതിക്കൊപ്പം മനുഷ്യസാമൂഹ്യ വ്യവസ്ഥിതികളും ശാസ്ത്രീയമായി അപഗ്രഥനത്തിനു വിധേയമായി. സോഷ്യൽ ഡാർവിനിസം,മാർക്സിസം,യുക്തിസഹജമായ മനുഷ്യത്വവാദം എന്നീ സിദ്ധാന്തങ്ങൾ പരക്കെപ്രചരിക്കപ്പെട്ടു.പുരോഹിതരേക്കാൾ തത്ത്വചിന്തകർ അംഗീകരിക്കപ്പെട്ടു.മതവും,സമ്പത്തും,സാമൂഹ്യപദവിയും തീർത്തിരുന്ന വിവേചനത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചെറിയപ്പെട്ടു.
പിന്നീടാണ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായിരുന്ന ജോർജ്ജ് ഹെന്രി ലൂയിസ് ആ ജീവിതത്തിലേക്ക് കടന്നുവരുന്നത്.അന്നത്തെ മുൻനിരപത്രക്കാരിലൊരാളും,പ്രമുഖ നിരൂപകനുമായിരുന്നു ലൂയിസ്.ദുർന്നടപ്പുകാരിയായിരുന്ന ഭാര്യയുമൊത്തുള്ള ദാമ്പത്യജീവിതം അസഹ്യമായിരുന്നുവെങ്കിലും അന്നത്തെ സമൂഹവ്യവസ്ഥിതിയിൽ, ക്രിസ്റ്റ്യൻ ആയിരുന്ന ലൂയിസിന് വിവാഹമോചനം അനുവദിച്ചുകിട്ടില്ലായിരുന്നു. എന്തായാലും മരിയൻ ലൂയിസുമൊത്ത് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ഇതോടെ സമൂഹമവളെ വീണ്ടും വേട്ടയാടാൻ തുടങ്ങി.മാന്യമായ ചടങ്ങുകളിലേക്കും,സത്കാരങ്ങളിലേക്കുമവൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.(എന്നാൽ അവിടങ്ങളിലേക്കെല്ലാം ലൂയിസ് ക്ഷണിക്കപ്പെടുകയും, സ്വീകരിക്കപ്പെടുകയും ചെയ്തുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്).കുടുംബാംഗങ്ങളും,ബന്ധുക്കളും വരെ കയ്യൊഴിഞ്ഞതോടെ ഈ ലോകത്തവളുടെ ഏകആശ്രയം ലൂയിസിന്റെ ആത്മാർത്ഥവും,അഗാധവുമായ സ്നേഹം മാത്രമായിത്തീർന്നു.
ജീവചരിത്രം - പ്രശസ്തിആദ്യകഥ നന്നായി സ്വീകരിക്കപ്പെട്ടതിനു പുറകെ മരിയന്റെ ആദ്യനോവലായ ആഡം ബീഡും വൻവിജയമായിരുന്നു.മരിയൻ, താൻ കളിച്ചുവളർന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി പിതൃസഹോദരിയും മെത്തോഡിക് പ്രീച്ചറുമായ എലിസബത് ഇവാൻസ് പറഞ്ഞൊരു കഥയെ വികസിപ്പിച്ചെടുക്കുകയായിരുന്നു. തികച്ചും സാധാരണക്കാരായ നാട്ടിൻപുറത്തുകാരുടെ മനസ്സുകളെ വ്യത്യസ്തരീതിയിൽ മനശ്ശാസ്ത്രപരമായി അപഗ്രഥിച്ചെഴുതിയ സങ്കീർണ്ണവും, അതേസമയം സ്വാഭാവികവുമായ ആ പ്രണയകഥ ഇംഗ്ലിഷ് സാഹിത്യരംഗത്തെ തികച്ചും നൂതനമായ ഒന്നായിരുന്നു. ഒരു കർഷകയുവതിയുടെ അവിഹിതബന്ധത്തേയും, ആ ബന്ധത്തിൽ പിറന്ന കുഞ്ഞിനെ അവൾ കൊല്ലുന്നതിനേയും കേന്ദ്രികരിച്ചെഴുതിയ ആ നോവൽ ഉയർന്ന നിലവാരത്തിലുള്ള ഒന്നായി ആസ്വാദകരും, നിരൂപകരും ഒന്നടങ്കം വിലയിരുത്തി. സാഹിത്യരംഗത്ത് ജോർജ്ജ് എലിയറ്റ് ഒരു പുതിയഊർജ്ജം ഉളവാക്കിയെടുത്തു.
ജീവചരിത്രം - അന്ത്യകാലംആ നാളുകളിലാണ് കുട്ടിക്കാലത്തെന്നോ നാട്ടിൽ കണ്ടുമറന്ന ചണനെയ്ത്തുകാരനെപ്പറ്റി അവളോർക്കാനിടയായത്. ഭാരംതൂക്കി കുനിഞ്ഞുപോയ ചുമലുകളും,ദുഃഖം നിറഞ്ഞ മുഖഭാവവുമുള്ള ആ മെലിഞ്ഞരൂപം മനസ്സിലുണർത്തിയ വികാരങ്ങളുടെ ഒഴുക്കിന്റെ പ്രതിഫലനമായിരുന്നു വിശ്രുതമായ“സൈലാസ് മാർനർ.” വിദ്യാഭ്യാസരംഗത്ത് എലിയറ്റിന്റേതായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട കൃതിയും ഇതുതന്നെയാണ്.എലിയറ്റിന്റെ കൃതികളിൽ ഏറ്റവും വലിപ്പക്കുറവ് ഇതിനെന്നതത്രേ കാരണം. സരളമായ ഇതിവൃത്തത്തിനും,ഘടനക്കുമൊപ്പം മരിയനിതിൽ പ്രകൃതിയെ ശക്തിയിലേക്കു നയിക്കുന്ന സന്മാർഗ്ഗികശക്തികളെക്കുറിച്ചും ഉദ്ബോധനം നടത്തിയിരുന്നു. തുടർന്നുവന്ന നോവലുകളിലും മനുഷ്യരാശിയെ ഉദ്ധരിക്കുവാനാവശ്യമായ ദയയിലും,സത്യസന്ധതയിലും,ധൈര്യത്തിലുമതിഷ്ഠിതമായ തത്ത്വചിന്തകൾ മരിയൻ പങ്കുവച്ചു.അതോടെ ക്രിസ്തുമത ബഹിഷ്ക്കരണവും,വഴിവിട്ട പ്രണയവും മൂലം സമൂഹത്തിൽ നഷ്ടമായിരുന്ന അന്തസ്സ് മരിയനുതിരികെക്കിട്ടി. എലിയറ്റിനെ നേരിൽക്കണ്ട് ആദരിക്കാൻ ഉത്സുകത പ്രകടിപ്പിച്ച പ്രമുഖരിൽ വിക്‌ടോറിയാ രാജ്ഞിയുടെ പുത്രിയും ഉൾപ്പെടുന്നു. ലൂയിയും മരിയനും നീണ്ട ഇരുപത്തഞ്ചുവർഷക്കാലം കൂടെ തീവ്രാനുരാഗത്തോടെ ദാമ്പത്യം തുടർന്നു. ഇതവർക്ക് നിയമപരമായി വിവാഹിതരായവർക്കുള്ള അതേ ബഹുമാനവും,അംഗീകാരവും സമൂഹത്തിൽ നേടിക്കൊടുത്തു.1878-ൽ ലൂയി മരണമടഞ്ഞു. 1880 മെയ് പതിനാറിന് തന്നേക്കാൾ ഇരുപതുവയസ്സു പ്രായക്കുറവുള്ള മറ്റൊരാളെ വിവാഹം ചെയ്തതോടെ ആരാധകർ വീണ്ടും മരിയനെ കല്ലെറിയാൻ തുടങ്ങി. ലൂയിയുടെ പാവനമായ ഓർമ്മകളോട് മരിയൻ വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ചായിരുന്നു ഇത്. എന്നാൽ നിയമവിധേയമായി നടത്തപ്പെട്ട ഈ വിവാഹത്തോടെ ഐസക് വീണ്ടും സഹോദരിയുമായി രമ്യതയിലായി. ഒടുവിൽ 1880 ഡിസംബർ ഇരുപത്തിരണ്ടിന് തന്റെ അറുപത്തൊന്നാം വയസ്സിൽ വൃക്കസംബന്ധമായ അസുഖത്താൽ അക്ഷരങ്ങളുടേയും,പ്രണയത്തിന്റേയും ചക്രവർത്തിനി ഇഹലോകവാസം വെടിഞ്ഞു. ക്രിസ്തുമത ബഹിഷ്ക്കരണവും ,ലൂയിയുമൊത്തുള്ള “തോന്ന്യവാസ ജീവിതവും “ മൂലം വെസ്റ്റ്മിനിസ്റ്റർ ആബ്ബിയിലെ സെമിത്തേരിയിൽ മരിയന്റെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കപ്പെട്ടില്ല. ഒടുവിൽ ലണ്ടനിലെ ,അധഃകൃതർക്കായുള്ള ഈസ്റ്റ് ഹൈഗേറ്റ് സെമിത്തേരിയിൽ വിശ്വസാഹിത്യം കണ്ട എക്കാലത്തേയും മഹാപ്രതിഭകളിലൊന്നായ ജോർജ്ജ് ഇലിയറ്റ് സംസ്ക്കരിക്കപ്പെട്ടു.
അവലംബം
|
Portal di Ensiklopedia Dunia