ജോർജ്ജ് തോമസ്
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, പത്രപ്രവർത്തകനും, അധ്യാപകനും സർവ്വോപരി മുൻ കേരള നിയമസഭാംഗവുമായിരുന്നു കെ. ജോർജ്ജ് തോമസ്[1]. കല്ലൂപ്പാറ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചാണ് അദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കേരളാ കോൺഗ്രസിന്റെ ഒരു സ്ഥാപാകംഗവുംകൂടിയായിരുന്നു ഇദ്ദേഹം. കോട്ടയം കല്ലറക്കൽ കുടുംബത്തിൽ 1926 മാർച്ച് മാസത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തോമസ് അദ്ദേഹത്തിന്റെ പിതാവും റേച്ചൽ തോമസ് ഭാര്യയുമാണ്. ഇവർക്ക് ഒരു മകനും മകളുമുണ്ടായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ പൊതു പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന അദ്ദേഹം കേരളാകോൺഗ്രസിന്റെ സ്ഥാപക നേതാവ് എന്ന നിലയിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കോട്ടയത്തെ സി.എം.എസ്. കോളേജിലെ അധ്യാപകവൃത്തിക്ക് ശേഷം അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ അദ്ദേഹം വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഗവേഷണ ബിരുദം നേടി. പൗരധ്വനി എന്ന പത്രത്തിന്റെ സബ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കേരളധ്വനി, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളുടെ മനേജിംഗ് ഡയറക്ടറും പബ്ലിഷറുമായിരുന്നു[2]. ഇ.ജെ. കാനം തുടങ്ങിവച്ച മനോരാജ്യം എന്ന പ്രസിദ്ധീകരണം ജോർജ്ജ് തോമസ് വിലയ്ക്ക് വാങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ തോമസ് കുറച്ച് കാലം മനോരാജ്യത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു എന്നാൽ റേയ്ച്ചലിന്റെ മരണത്തെ തുടർന്ന് ഇത് വ്യവസായിയും സിനിമാ നിർമ്മാതാവുമായിരുന്ന ഗുഡ്നൈറ്റ് മോഹൻ വാങ്ങുകയും പിൽക്കാലത്ത് വാരികയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തു. ജോർജ്ജ് തോമസിന്റെ ഏക പുത്രൻ ജോർജ് തോമസ് ജൂനിയർ (വിജു - 28 വയസ്) 1987 ജൂൺ 2 ന് തീക്കോയി എസ്റ്റേറ്റിലെ വെള്ളച്ചാട്ടത്തിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞിരുന്നു.[3] 1965-ലെ തിരഞ്ഞെടുപ്പിൽ കല്ലൂപ്പാറയിൽ നിന്ന് കേരളാ കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം വിജയിച്ചത്, 1966-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് മടങ്ങിപ്പോവുകയും തൊട്ടടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ കല്ലൂപ്പാറയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച് മൂന്നാം കേരള നിയമസഭയിൽ അംഗമാവുകയും, കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഉപനേതാവാകുകയും ചെയ്തു. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia