ജ്യോത്സ്‌ന രാധാകൃഷ്ണൻ
മലയാളസിനിമയിലെ പിന്നണിഗായികയാണ് തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്‌ന രാധാകൃഷ്ണൻ. രാധാകൃഷ്ണൻ-ഗിരിജ ദമ്പതിമാരുടെ പുത്രിയായ ജ്യോത്സ്‌ന 1986 സെപ്റ്റംബർ 5നാണ് ജനിച്ചത്. കുവൈറ്റിൽ ജനിച്ച ജ്യോത്‌സ്ന പത്താം ക്ലാസു വരെ അബുദാബിയിലാണ് പഠനം നടത്തിയത്. കേരളത്തിൽ അവസാനവർഷ ഇംഗ്ലീഷ് ബിരുദത്തിനു പഠിച്ചിരുന്ന ജ്യോത്സ്‌ന , 2002-ൽ പ്രണയമണിത്തൂവലെന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമാലോകത്തെത്തിയത്. ബാംഗ്ലൂരിൽ സോഫ്റ്റ്‌വേർ എൻജിനിയറായ എറണാംകുളം സ്വദേശി ശ്രികാന്ത് ഭർത്താവ്. ജ്യോത്സ്നയുടെ വിളിപ്പേര് ചിന്നു എന്നാണ്. [1] സംഗീതസപര്യചെറുപ്പകാലം മുതലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന ജ്യോത്സ്‌ന മങ്ങാട് നടേശനിൽ നിന്ന് കർണ്ണാടക സംഗീതവും ഗുരു ദിനേശ് ദേവദാസിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ക്ലാസ്‌മേറ്റ്സ്, നോട്ട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ജ്യോത്‌സ്ന, പ്രധാന ടെലിവിഷൻ ചാനലുകളിൽ റിയാലിറ്റി സംഗീത പരിപാടികളിലും[2] പരസ്യത്തിലും പങ്കെടുക്കുന്നുണ്ട്. അവലംബം
Jyotnsa Radhakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia