ടി.പി. ചന്ദ്രശേഖരൻ വധക്കേസ് |
---|
 ടി.പി.ചന്ദ്രശേഖരൻ |
സ്ഥലം | വടകര, കോഴിക്കോട് , കേരളം |
---|
തീയതി | മേയ് 4, 2012 (2012-05-04)- |
---|
ആക്രമണത്തിന്റെ തരം | കൊലപാതകം |
---|
ആയുധങ്ങൾ | മാരകായുധങ്ങൾ |
---|
മരിച്ചവർ | 1 |
---|
ഇര(കൾ) | ടി.പി.ചന്ദ്രശേഖരൻ |
---|
റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി)യുടെ സ്ഥാപക നേതാവായ[1] ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസ് ആണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ്.
തന്റെ പാർട്ടിയായ സിപിഐ(എം) -ൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്ന് പരസ്യമായി വിമർശിച്ച് 2009-ൽ ചന്ദ്രശേഖരൻ സി.പി.ഐ(എം) വിട്ടുപോയി. തുടർന്നു് അദ്ദേഹം കോഴിക്കോട് വടകര താലൂക്കിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകി. സംഘടനയുടെ ഓഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ഇദ്ദേഹം. ക്രമേണ സി.പി.ഐ(എം)-ന്റെ ഔദ്യോഗിക നിലപാടുകൾക്കെതിരെ പോരടിക്കുന്നവരുടെ പ്രതിഷേധത്തിന്റെ മുഖമായി ചന്ദ്രശേഖരൻ മാറി [2]. സി.പി.ഐ(എം)-ന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി പിടിച്ചെടുത്തത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. 2012 മേയ് 4നു് കൊല ചെയ്യപ്പെട്ടതിനു ശേഷം ചന്ദ്രശേഖരനു വാർത്താമാദ്ധ്യമങ്ങളിൽ വമ്പിച്ച ജനശ്രദ്ധ ലഭിച്ചു.[3][4][5]
വധം
2012 മെയ് 4-ന് രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് സംശയിക്കുന്നതായി കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടിയും ആരോപിച്ചിരുന്നു.[6][7] എന്നാൽ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ വ്യക്തമാക്കി.[8]. ചന്ദ്രശേഖരന്റെ വധം കേരളീയ രാഷ്ട്രീയ സാമൂഹിക മാധ്യമരംഗങ്ങളിൽ വ്യാപകമായ ചർച്ചാവിഷയമാവുകയുണ്ടായി.[9].
കോടതി വിധി
പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണപിഷാരടി തയ്യാറാക്കിയ 359 പേജുള്ള വിധിന്യായത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു. [10]
സി.പി.എം. വിമതനും ആർ.എം.പി. നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുകാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. [11]
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേസിലെ 14-ാം പ്രതിയുമായ പി. മോഹനനെതിരെ സ്വീകാരയോഗ്യമായ തെളിവുകൾ ഇല്ലാത്തതുകൊണ്ടാണ് കുറ്റമുക്തനാക്കിയതെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.
കൊലയാളിസംഘാംഗങ്ങൾ
നരഹത്യാക്കുറ്റം തെളിഞ്ഞ കൊലയാളിസംഘത്തിന് ജീവപര്യന്തം തടവിനൊപ്പം അരലക്ഷംരൂപവീതം പിഴയും ശിക്ഷവിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവ് അധികമായി അനുഭവിക്കണം.
- ഒന്നാം പ്രതി കണ്ണൂർ പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടിൽ എം.സി. അനൂപ് (32) [12]
- രണ്ടാം പ്രതി മാഹി പന്തക്കൽ നടുവിൽ മാലയാട്ട് വീട്ടിൽ മനോജ് കുമാർ എന്ന കിർമാണി മനോജ് (32)
- മൂന്നാം പ്രതി കണ്ണൂർ നിടുമ്പ്രം ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ വീട്ടിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (31)
- നാലാം പ്രതി കണ്ണൂർ പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടിൽ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ് (35)
- അഞ്ചാം പ്രതി കണ്ണൂർ ചൊക്ലി ഓറിയന്റൽ സ്‌കൂളിനുസമീപം പറമ്പത്ത് വീട്ടിൽ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി (29)
- ആറാം പ്രതി കണ്ണൂർ അരയാക്കൂൽ ചമ്പാട് പാലോറത്ത് വീട്ടിൽ എസ്. സിജിത്ത് എന്ന അണ്ണൻ സിജിത്ത് (25)
- ഏഴാം പ്രതി മാഹി പള്ളൂർ കോഹിനൂർ ആശീർവാദ് നിവാസിൽ കന്നാറ്റിങ്കൽ വീട്ടിൽ കെ. ഷിനോജ് (30)
വധഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടവർ
വധഗൂഢാലോചന നടത്തിയ സി.പി.എം. നേതാക്കൾ ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപവീതം പിഴയടയ്ക്കണം.
- എട്ടാം പ്രതി സി.പി.എം. കുന്നുമ്മക്കര ലോക്കൽകമ്മിറ്റി അംഗം ജയസുര വീട്ടിൽ കെ.സി. രാമചന്ദ്രൻ (54)
- 11-ാം പ്രതി സി.പി.എം. കടുങ്ങോൻപൊയിൽ ബ്രാഞ്ച് സെക്രട്ടറി കണ്ണൂർ തുവ്വക്കുന്ന് കൊളവല്ലൂർ ചെറുപറമ്പ് വടക്കെയിൽ വീട്ടിൽ ട്രൗസർ മനോജ് (49)
- 13-ാം പ്രതി സി.പി.എം. പാനൂർ ഏരിയാകമ്മിറ്റി അംഗം കൊളവല്ലൂർ കേളോത്തന്റവിട പി.കെ. കുഞ്ഞനന്തൻ (62)
വധപ്രേരണക്കുറ്റം
വധപ്രേരണാക്കുറ്റംചെയ്ത വായപ്പടച്ചി റഫീഖും ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപവീതം പിഴയടയ്ക്കണം.
- കൊലയാളികൾക്ക് ഇന്നോവ കാർ എടുത്തുകൊടുത്തതിന് വധപ്രേരണാക്കുറ്റം തെളിഞ്ഞ 18-ാം പ്രതി മാഹി പള്ളൂർ വലിയപുത്തലത്ത് വീട്ടിൽ പി.വി. റഫീഖ് എന്ന വായപ്പടച്ചി റഫീഖ് (38)
കഠിന തടവ്
കൊലയ്ക്ക് ഉപയോഗിച്ച വാളുകൾ കിണറ്റിലിട്ട് തെളിവ് നശിപ്പിച്ച 31-ാം പ്രതി കണ്ണൂർ ചൊക്ലി മാരാംകുന്നുമ്മൽ വീട്ടിൽ എം.കെ. പ്രദീപൻ എന്ന ലംബു പ്രദീപന് (36) മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. ശിക്ഷ നാലുവർഷത്തിൽ കുറവായതിനാൽ പ്രദീപന് കോടതി ജാമ്യം അനുവദിച്ചു.
കേസിന്റ നാൾവഴി
2012
- മെയ് 4 - ടി.പി.ചന്ദ്രശേഖരൻ വധിക്കപ്പെടുന്നു.
- മെയ് 5 - കൊലയാളി സംഘം ഉപയോഗിച്ച ഇന്നോവ കാർ മാഹിക്കടുത്ത് ചോക്ലിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. കാറിൽ രക്തത്തുള്ളികൾ കണ്ടെത്തുന്നു.
- മെയ് 10 - കാറിനെ പിന്തുടർന്ന് നടന്ന അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ കൊടി സുനി, വായിപ്പടച്ചി റഫീക്ക് എന്നിവരടക്കം 12 പേരെ ഉൾപെടുത്തി പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കി.
- മെയ് 11 - പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടിസ് പുറത്തിറക്കി.
- മെയ് 15 - സി.പി.എം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി അംഗം പടയംകണ്ടി രവീന്ദ്രൻ ഉൾപെടെ 5 പേർ അറസ്റ്റിൽ .
- മെയ് 16 - സി.പി.എം കുന്നുമങ്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രൻ അറസ്റ്റിൽ .
- മെയ് 19 - സി.പി.എം കുന്നോത്തുപാറ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു അറസ്റ്റിൽ .
- മെയ് 23 - ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ആദ്യത്തെയാൾ അറസ്റ്റിൽ . അണ്ണൻ എന്ന സിജിത്തിനെ മൈസൂരിൽ നിന്നും പിടികൂടി.
- മെയ് 24 - സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ സി.എച്ച്.അശോകനെയും ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായ കെ.കെ.കൃഷ്ണനെയും അറസ്റ്റ് ചെയ്തു.[13]
- മെയ് 25 - സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം പി.പി.രാമകൃഷ്ണൻ അറസ്റ്റിൽ .
- മെയ് 30 - വായിപ്പടച്ചി റഫീക്ക് പോലീസിനു കീഴടങ്ങി.
- ജൂൺ 7 - കൊലയാളി സംഘത്തിൽ പെട്ട രജീഷ് മുംബെയിൽ അറസ്റ്റിൽ .
- ജൂൺ 11 - കൊലയാളി സംഘത്തിലെ എം.സി.അനൂപ് അറസ്റ്റിൽ .
- ജൂൺ 14 - കൊലയാളി സംഘത്തലവൻ കൊടി സുനി, കിർമാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ കണ്ണൂരിലെ സി.പി.എം ശക്തികേന്ദ്രമായ മുടക്കൊഴി മലയിലെ ഒളിത്താവളത്തിൽ വെച്ച് പോലീസ് സാഹസികമായി പിടികൂടി.
- ജൂൺ 23 - സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തൻ കോടതിയിൽ കീഴടങ്ങി.
- ജൂൺ 29 - സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.
- ജൂലൈ 5 - കൊലപാതകക്കേസിലെ പ്രതികളെ ഒളിവിൽ പാർക്കാൻ സഹായിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷിനെ പ്രതി ചേർത്തു.
- ജൂലൈ 10 - സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയെറ്റ് അംഗം കാരായി രാജനെ പോലീസ് അറസ്റ്റ് ചെയ്തു.
- ജൂലൈ 12 - കൊലയാളി സംഘത്തിന് വഴികാട്ടികളായിരുന്ന ഷിനോജ്, രജികാന്ത് എന്നിവർ വടകര കോടതിയിൽ കീഴടങ്ങി.
- ജൂലൈ 18 - സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷിനെ അറസ്റ്റ് ചെയ്തു.
- ആഗസ്റ്റ് 13 - 76 പേരടങ്ങുന്ന പ്രതിപ്പട്ടികയോടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
2013
- 2013 ഫെബ്രുവരി 11 - കേസിലെ സാക്ഷികളുടെ വിസ്താരം എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിൽ ജഡ്‌ജി ആർ നാരായണപ്പിഷാരടി മുമ്പാകെ തുടങ്ങി. ഏപ്രിൽ 17 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി വിസ്താരം നടക്കും.
- ഏപ്രിൽ 10 - - കേസിലെ മൂന്നു സാക്ഷികൾ കൂടി കൂറുമാറിയതായി സംശയിച്ച്, അവരെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കി.[14] കേസിലെ 26-ആം പ്രതി സി.പി.ഐ.എം. കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് അംഗം കാരായി രാജനെതിരേ ആകെയുള്ള 3 സാക്ഷികളാണ് കൂറുമാറിയതായി സംശയിക്കപ്പെട്ട് നീക്കം ചെയ്യപ്പെട്ടത്.[14] കൊലയാളിസംഘാംഗമായ അണ്ണൻ സിജിത്തിന് വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ കാരായി രാജൻ സഹായിച്ചു എന്നു തെളിയിക്കാനായി ചേർത്ത സാക്ഷികളാണിവർ.[14] കൂറുമാറിയ കാക്ഷികളും അവരുടെ ആദ്യ സാക്ഷിമൊഴിയും താഴെ കൊടുത്തിരിക്കുന്ന പ്രകാരമായിരുന്നു.
- കതിരൂർ കളവട്ടത്ത് പ്രകാശൻ - കൃത്യം നടത്തുന്നതിനിടെ കൈയിൽ മുറിവേറ്റ ആറാം പ്രതി അണ്ണൻ സിജിത്തിനെ മെയ് അഞ്ചിന് കൂത്തുപറമ്പ് സഹകരണ ആസ്പത്രിയിൽ കൊണ്ടുപോയ കാറിന്റെ ഡ്രൈവർ.[14]
- എരുവട്ടി കിഴക്കേകരമ്മൽ ഷിനോദ് തറ്റിയോട്ട് - മെയ് അഞ്ചിന് രാവിലെ എട്ടരയോടെ കൂത്തുപറമ്പ് സഹകരണ ആസ്പത്രിയിൽവെച്ച് കാരായി രാജനൊപ്പം അണ്ണൻ സിജിത്തിനെ കണ്ടയാൾ.[14]
- സരീഷ് - നെടുമ്പ്രത്തെ ഒരു വീട്ടിൽവെച്ച് കൊടി സുനിയും കാരായി രാജനും തമ്മിൽ സംസാരിക്കുന്നത് കണ്ടയാൾ.[14]
- സെപ്റ്റംബർ 11 -- സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കാരായി രാജൻ അടക്കം 20 പേരെ തെളിവില്ലെന്നു കണ്ട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി വെറുതെ വിട്ടു. ബാക്കിയുള്ള പ്രതികൾക്കെതിരെ വിചാരണ തുടരുന്നു[15]
- സെപ്റ്റംബർ 24: പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിച്ചു.
- സെപ്റ്റംബർ 28: പി. മോഹനൻ അടക്കം അഞ്ചു ടി.പി. കേസ് പ്രതികളെ സ്വർണക്കടത്തു കേസ് പ്രതി ഫയാസ് ജയിലിൽ സന്ദർശിച്ചെന്ന് ജയിൽ ഡി.ഐ.ജി.യുടെ അന്വേഷണ റിപ്പോർട്ട്.
- ഒക്ടോബർ 30: കേസിൽ അന്തിമവാദം തുടങ്ങി.
- ഡിസംബർ 2: ടി.പി. കേസ് പ്രതികൾ ജയിലിനുള്ളിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന വിവരം പുറത്ത്.
- ഡിസംബർ 10: ജയിലിൽ നടത്തിയ പരിശോധനയിൽ എട്ട് ഫോണുകൾ ലഭിച്ചു.
- ഡിസംബർ 20: അന്തിമവാദം പൂർത്തിയായി. വിധി ജനവരി 22-ന് പ്രഖ്യാപിക്കുമെന്ന് കോടതി.
2014
- ജനുവരി 1: കൂറുമാറിയ 52 സാക്ഷികളിൽ 16 പേർക്കെതിരെ നടപടി ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ ഹർജി നൽകി.
- ജനുവരി 2: കൂറുമാറിയ ആറ് സാക്ഷികളോട് ഹാജരാകാൻ കോടതി നോട്ടീസ്.
- ജനുവരി 16: ഫെയ്‌സ്ബുക്ക് കേസിൽ ആറ് ടി.പി. കേസ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
- ജനുവരി 23: 36 പ്രതികളിൽ 12 പേർ കുറ്റക്കാരെന്നുകണ്ടെത്തിയും 24 പേരെ വിട്ടയച്ചും കോടതിവിധി.
- ജനുവരി 28: 12 പ്രതികളിൽ 11 പ്രതികൾക്കും ജീവപര്യന്തം. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 31-ാം പ്രതിക്ക് മൂന്നുവർഷം തടവുശിക്ഷ.
2024
- ഫെബ്രുവരി 19: ശിക്ഷിക്കപ്പെട്ട 12 പ്രതികൾ വിധിക്കെതിരേ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഒഞ്ചിയം സി.പി.എം. മുൻ ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതേവിട്ടത് റദ്ദാക്കി.
അവലംബം