ടിബറ്റിലെ ബ്രിട്ടീഷ് പര്യവേഷണം
ടിബറ്റിലെ ബ്രിട്ടീഷ് പര്യവേഷണം, ടിബറ്റിലെ ബ്രിട്ടീഷ് അധിനിവേശം അല്ലെങ്കിൽ ടിബറ്റിലേക്കുള്ള യംഗ്ഹസ്ബൻഡ് പര്യവേഷണം എന്നും അറിയപ്പെടുന്നതും 1903 ഡിസംബറിൽ ആരംഭിച്ച് 1904 സെപ്തംബർ വരെ നീണ്ടുനിന്നതുമായ ഒരു പര്യവേക്ഷണമായിരുന്നു. ടിബറ്റ് അതിർത്തി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സായുധ സേനയുടെ ഒരു താൽക്കാലിക അധിനിവേശമായി കണക്കാക്കപ്പെടുന്ന ഈ പര്യവേഷണം ടിബറ്റും സിക്കിമും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാനും നയതന്ത്ര ബന്ധം സ്ഥാപിക്കാനും ഉദ്ദേശിച്ചുള്ള ദൗത്യമായിരുന്നു.[2] പത്തൊൻപതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷുകാർ ബർമ്മയും സിക്കിമും കീഴടക്കുകയും ഒപ്പം ടിബറ്റിന്റെ തെക്കൻ ഭാഗം മുഴുവൻ ബ്രിട്ടീഷ് ഇന്ത്യയുടെ അധീനതയിലാക്കുകയും ചെയ്തു. ഗാൻഡൻ ഫോഡ്രാംഗ് സർക്കാരിന്റെ കീഴിൽ ദലൈലാമ ഭരിച്ചിരുന്ന ടിബറ്റ് 1911 ലെ വിപ്ലവം വരെ ചൈനീസ് ക്വിംഗ് രാജവംശത്തിന്റെ കീഴിലുള്ള ഒരു ഹിമാലയൻ സംസ്ഥാനമായിരിക്കുകയും ശേഷം ഒരു യഥാർത്ഥ ടിബറ്റൻ സ്വാതന്ത്ര്യ കാലഘട്ടത്തിൽ (1912-1951) തൽസ്ഥിതി തുടരുകയും ചെയ്തു. അധികവും ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെന്റിന്റെ തലവനായിരുന്ന കഴ്സൺ പ്രഭു തുടക്കമിട്ട ഈ അധിനിവേശം റഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കൻ അഭിലാഷങ്ങളെ ചെറുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. മധ്യേഷ്യയിലെ റഷ്യയുടെ മുന്നേറ്റങ്ങളെക്കുറിച്ച് വളരെക്കാലമായി ആശങ്ക പ്രകടിപ്പിച്ചിരുന്ന കഴ്‌സൺ പ്രഭു ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള റഷ്യൻ അധിനിവേശത്തെയും ഭയപ്പെട്ടിരുന്നു.[3] 1903 ഏപ്രിലിൽ ടിബറ്റിൽ തങ്ങൾക്ക് യാതൊരുവിധ താൽപ്പര്യമില്ലെന്നുള്ള വ്യക്തമായ ഉറപ്പ് റഷ്യയിൽ നിന്ന് ബ്രിട്ടീഷ് സർക്കാരിന് ലഭിച്ചു. എന്നിരുന്നാലും, റഷ്യൻ ഉറപ്പുകൾ ഉണ്ടായിരുന്നിട്ടുകൂടി, കഴ്സൺ പ്രഭു ടിബറ്റിലേക്ക് ഒരു ദൗത്യ സംഘത്തെ അയയ്ക്കാൻ സമ്മർദ്ദം ചെലുത്തിയതായി, അന്നത്തെ ഒരു ഉയർന്ന ബ്രിട്ടീഷ് രാഷ്ട്രീയ ഉദ്യോഗസ്ഥൻ കുറിച്ചിരുന്നു.[4] പര്യവേഷണ സേന ഗ്യാൻസെയിലേക്ക് യുദ്ധം ചെയ്ത് മുന്നേറുകയും ഒടുവിൽ 1904 ഓഗസ്റ്റിൽ ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെത്തുകയും ചെയ്തു. ദലൈലാമ ആദ്യം ക്വിംഗ് ഭരണത്തിൻ കീഴിലുള്ള മംഗോളിയയിലേക്കും പിന്നീട് ക്വിംഗ് ചൈനയിലേക്കുമായി ഒരു സുരക്ഷിതസ്ഥാനം തേടി ഓടിപ്പോയി. മോശം പരിശീലനവും സജ്ജീകരണവുമുള്ള ടിബറ്റുകാർ ബ്രിട്ടീഷ് ഇന്ത്യൻ സേനയുടെ ആധുനിക ഉപകരണങ്ങളോടും പരിശീലനത്തോടും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ടിബറ്റിന്റെ ഭരണത്തിൽ ഇടപെടാൻ ചൈനീസ് സർക്കാർ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ല എന്ന വ്യക്തമായ ധാരണയോടെ സെപ്റ്റംബർ മാസത്തിൽ സിക്കിമിലേക്ക് പിന്മാറുന്നതിന് തൊട്ടമുമ്പ് ലാസയിൽ അവശേഷിച്ച ടിബറ്റൻ ഉദ്യോഗസ്ഥരെ, ലാസ കൺവെൻഷനിൽ ഒപ്പിടാൻ കമ്മീഷൻ നിർബന്ധിച്ചു.[5] ഒരു സൈനിക പര്യവേഷണമായി ഈ ദൗത്യത്തെ അംഗീകരിച്ച ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ അതിൽ പങ്കെടുത്ത എല്ലാവർക്കും ടിബറ്റ് മെഡൽ എന്ന പ്രചാരണ മെഡൽ നൽകി.[6][7] പശ്ചാത്തലം![]() 1815-ൽ കുമയൂണും ഗർവാളും പിടിച്ചടക്കിയതിനുശേഷം ടിബറ്റുമായി സമ്പർക്കം പുലർത്തിയ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം, പഞ്ചാബിലേക്കും കാശ്മീരിലേക്കും അവരുടെ അധിനിവേശം വ്യാപിപ്പിച്ചു. എന്നിരുന്നാലും, ടിബറ്റുമായി ചർച്ചകൾ നടത്താനോ വ്യാപാരം നടത്താനോ ബ്രിട്ടീഷുകാർക്ക് സാധിച്ചില്ല. 1861-ൽ സിക്കിം ബ്രിട്ടീഷ് സംരക്ഷണത്തിന് കീഴിലായതിനുശേഷം, ടിബറ്റുമായുള്ള അതിർത്തി നിർവചിക്കേണ്ടതുണ്ടായിരുന്നു. ടിബറ്റുമായി വ്യാപാരം നടത്തുന്നതിന് അഭികാമ്യമായ ഒരു മാർഗമായി സിക്കിം ബ്രിട്ടീഷുകാർക്ക് മുന്നിലുണ്ടായിരുന്നു.[8] ടിബറ്റിലെ ചൈനീസ് അംബാനുകളുടെ സാന്നിധ്യം, ടിബറ്റിന്റെ മേൽ ചൈനയ്ക്ക് അധികാരമുണ്ടെന്ന് ബ്രിട്ടീഷുകാർ അനുമാനിക്കാൻ ഇടയാക്കുകയും ടിബറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ചൈനയുമായി ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.[9] എന്നിരുന്നാലും, അതിർത്തി പരിഹാരവും വ്യാപാര കരാറും ഉൾപ്പെടെയുള്ള ഈ ചർച്ചകളുടെ ഫലങ്ങൾ ടിബറ്റുകാർ നിരസിച്ചു. ചൈനയ്ക്കു നേരേയുള്ള പ്രതിഷേധങ്ങൾക്ക് ഒരു ഫലവും ലഭിച്ചില്ല.[9] ബ്രിട്ടീഷുകാരും ചൈനീസ് കമ്മീഷണർമാരും സ്ഥാപിച്ച അതിർത്തി അടയാളങ്ങൾ ടിബറ്റുകാർ നീക്കം ചെയ്തു.[10] ചൈന നൽകിയ ഇളവുകൾ ടിബറ്റ് അംഗീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ട്രേഡ് കമ്മീഷണറെ അറിയിച്ചു. ടിബറ്റുകാരുമായി നേരിട്ട് ചർച്ച നടത്താനുള്ള ബ്രിട്ടീഷ് ശ്രമങ്ങളും നിരസിക്കപ്പെട്ടു.[9] ഇളവുകൾ നടപ്പിലാക്കാനുള്ള ചൈനയുടെ കഴിവില്ലായ്മ ടിബറ്റിലെ അവരുടെ "ബലഹീനത" തുറന്നുകാട്ടി.[9] ഗവർണർ ജനറൽ ടിബറ്റിന്റെ മേലുള്ള ചൈനയുടെ ആധിപത്യം ഒരു "ഭരണഘടനാപരമായ കെട്ടുകഥ"യാണെന്നും അത് പരസ്പര സൗകര്യാർത്ഥം മാത്രം നിലനിറുത്തുകയും പ്രായോഗികമായി യാതൊരു ഫലവുമുണ്ടാക്കുകയും ചെയ്യുന്ന ഒന്നല്ല എന്നുമുള്ള നിഗമനത്തിലെത്തി.[11] ഇതിനെല്ലാമുപരി, ടിബറ്റിന്റെ കാര്യത്തിൽ റഷ്യക്കാരുമായി ചൈനീസ് സർക്കാർ രഹസ്യധാരണയുണ്ടാക്കിയെന്നും ടിബറ്റിന് റഷ്യ ആയുധങ്ങളും സൈന്യബലവും നൽകുന്നുണ്ടെന്നും ബ്രിട്ടീഷ് സർക്കാരിൽ അഭ്യൂഹങ്ങളും സംശയങ്ങളും ശക്തമായി.[12] ടിബറ്റിലെ റഷ്യൻ സ്വാധീനം അവർക്ക് ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള നേരിട്ട് പ്രവേശനം നൽകുന്നതും, ഇത് റഷ്യൻ സാമ്രാജ്യത്തിൽ നിന്ന് വടക്കോട്ട് ബ്രിട്ടീഷ് രാജിനെ വേർതിരിക്കുന്ന അർദ്ധ-സ്വയംഭരണ ബഫർ-സ്റ്റേറ്റുകളുടെ ശൃംഖല തകർക്കുന്നതുമാണെന്ന് വിലയിരുത്തപ്പെട്ടു. ടിബറ്റിലെ റഷ്യൻ പര്യവേക്ഷണവും ദലൈലാമയ്‌ക്കൊപ്പം ഒരു റഷ്യൻ സേവകനായ അഗ്‌വാൻ ഡോർജിയേവിന്റെ സാന്നിധ്യവും ഈ കിംവദന്തികളെ പിന്തുണച്ചു. ബ്രിട്ടീഷുകാരുമായി ഇടപഴകാൻ ദലൈലാമ വിസമ്മതിക്കുകയും ഡോർജിയേവ് വഴി റഷ്യയിലെ സാർ ഭരണകൂടവുമായി ബന്ധപ്പെടുകയും ചെയ്തു. 1900-ൽ ഡോർജിയേവ് മുഖേന റഷ്യൻ സംരക്ഷണത്തിനായി അദ്ദേഹം ഒരു നിവേദനം അയയ്ക്കുകയും പീറ്റർഹോഫ് കൊട്ടാരത്തിലും ഒരു വർഷത്തിനുശേഷം യാൽറ്റയിലെ സാറിന്റെ കൊട്ടാരത്തിലും ഊഷ്മളമായ സ്വീകരണം നൽകുകയും ചെയ്തു. ഈ സംഭവങ്ങൾ ടിബറ്റിനെ റഷ്യൻ സ്വാധീനവലയത്തിനുള്ളിൽ ഉറപ്പിച്ചു നിർത്താനും അതിന്റെ നിഷ്പക്ഷത അവസാനിപ്പിക്കാനുമാണ് ദലൈലാമ ഉദ്ദേശിച്ചിരുന്നത് എന്ന ഗവർണർ-ജനറൽ ലോർഡ് കഴ്സന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തി.[13] 1903-ൽ, വ്യാപാര കരാറുകൾ സ്ഥാപിക്കുന്നതിനായി സിക്കിമിന് വടക്കുള്ള ഒരു ചെറിയ ടിബറ്റൻ ഗ്രാമമായ ഖംപ സോങ്ങിൽ വെച്ച് ചർച്ചകൾക്കായി ചൈനയുടെയും ടിബറ്റിന്റെയും സർക്കാരുകൾക്ക് കഴ്സൺ ഒരു അഭ്യർത്ഥന അയച്ചു. ചർച്ചകൾക്ക് തയ്യാറായിരുന്ന ചൈനക്കാർ പതിമൂന്നാമത്തെ ദലൈലാമയോട് ഇതിൽ പങ്കെടുക്കാൻ ഉത്തരവിട്ടുവെങ്കിലും ദലൈലാമ വിസമ്മതം പ്രകടിപ്പിച്ചു.[14][15] അവലംബം
|
Portal di Ensiklopedia Dunia