2005 ജനുവരിയിൽ ദക്ഷിണാഫ്രിക്കയുംഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം. കറുത്ത ട്രൗസർ ധരിച്ച രണ്ടുപേർ അമ്പയർമാരാണ്. പരമ്പരാഗത വെളുത്ത വസ്ത്രങ്ങളിൽ സാധാരണയായി ചുവന്ന പന്ത് ഉപയോഗിച്ചാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് (പകൽ/രാത്രി ടെസ്റ്റുകളിൽ പിങ്ക് പന്ത് ഉപയോഗിക്കുന്നു).
ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻനിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ ജനകീയത നിയന്ത്രിത ഓവർ മത്സരങ്ങൾക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളിൽ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്.
ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്. പരീക്ഷ എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാൻ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാർഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അർത്ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാർച്ച് 1877 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റൺസിന് വിജയിക്കുകയും രണ്ടാമത്തെ കളിയിൽ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.[1]
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് 2000 മത്തെ ടെസ്റ്റ് മാച്ച് നടന്നത്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചു.[2]
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകൾ
ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ ഏകദിന ക്രിക്കറ്റ് പോലുള്ള കളികൾ മാത്രമേ കളിക്കാൻ അർഹതയുള്ളു.
ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്.