ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്![]() ![]() കെ.സി. മാമ്മൻ മാപ്പിളയുടെ നേതൃത്ത്വത്തിൽ നടന്നിരുന്ന ട്രാവൻകൂർ നാഷണൽ ബാങ്കും സി. പി. മാത്തന്റെ ക്വയിലോൺ ബാങ്കും സംയോജിച്ച് 1937 ൽ കൊല്ലം ആസ്ഥാനമാക്കി സ്ഥാപിച്ച ബാങ്കാണ് ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്. ഇതിന്റെ ചെയർമാൻ മാമ്മൻ മാപ്പിളയും മാനേജിങ് ഡയറക്ടർ സി.പി. മാത്തനുമായിരുന്നു.ഡയറക്ടർ മാരിൽ ഒരാൾ മോടിശ്ശേരിൽ എം . ഓ തോമസ് വകീലുമായിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഷെഡ്യൂൾഡ് ബാങ്കായിരുന്നു ഇത്. 1939 ൽ തിരുവിതാംകൂർ സർക്കാർ ബാങ്ക് പൂട്ടിച്ചു. ചെയർമാനെയും ഡയറക്ടറെയും ജയിലിലടച്ചു. ചരിത്രം1935 - 36 കാലത്താണ് ബാങ്കിനായി കൊല്ലത്ത് കെട്ടിടം നിർമ്മിച്ചത് (ഇപ്പോൾ കൊല്ലം ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്നതിന് എതിർവശം). സി.പി. രാമസ്വാമി അയ്യരായിരുന്നു കെട്ടിട ഉദ്ഘാടനം. കൊല്ലത്ത് കശുവണ്ടി വ്യവസായം വളർത്തുന്നതിൽ ബാങ്ക് വലിയ പങ്ക് വഹിച്ചു. ന്യൂയോർക്കിലും ലണ്ടനിലും ശാഖകൾ തുടങ്ങാൻ ശ്രമം നടത്തിയിരുന്നു. [1] സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചതിനെത്തുടർന്ന് ബാങ്ക് കോൺഗ്രസുകാർക്ക് ധന സഹായം നൽകുന്നതായി ചിലർ പ്രചരിപ്പിച്ചു. ഇതിനെത്തുടർന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ശത്രുതയിലായതാണ് ബാങ്ക് പൂട്ടലിലെത്തിയതെന്ന് കരുതുന്നു. ദിവാൻ വിരുദ്ധ പ്രസംഗങ്ങൾക്കും സമരങ്ങൾക്കും മനോരമ അക്കാലത്തു പിന്തുണ നൽകിയിരുന്നു. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം മനോരമ പൂർണ്ണമായി റിപ്പോർട്ട് ചെയ്തു. കേശവനെ, സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ലോക്കപ്പിലടച്ചു. 1937ൽ കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെ ജന്മദിനം പ്രമാണിച്ച് ജയിൽ വിമോചിതനായ കേശവന് ആലപ്പുഴയിലെ കിടങ്ങാംപറമ്പ് മൈതാനത്ത് കെ.സി. മാമ്മൻ മാപ്പിളയുടെ അദ്ധ്യക്ഷതയിൽ സ്വീകരണം നൽകി. [2] കിടങ്ങാംപറമ്പ് അനുമോദന യോഗത്തിന്റെ ദീർഘമായ റിപ്പോർട്ടും മനോരമ ഒന്നാം പേജിലായി പ്രസിദ്ധീകരിച്ചു. 'കേശവ ചന്ദ്രോദയം കണ്ട മനുഷ്യമഹാസമുദ്രം' എന്നായിരുന്നു പ്രധാന റിപ്പോർട്ടിന്റെ തലക്കെട്ട്. ഇതിൽ കോപാകുലനായ സി.പി. മനോരമയ്ക്ക് നോട്ടീസ് അയപ്പിച്ചു. ഉത്തരവാദ ഭരണത്തിലേക്കുള്ള നീക്കങ്ങൾ ദിവാൻ ഭരണത്തിന്റെ അന്ത്യത്തിൽ ചെന്നെത്തുമെന്ന് കരുതിയ സി.പി. ഇതിനെല്ലാം പിന്തുണ നൽകുന്നത് കെ.സി. മാമ്മൻ മാപ്പിളയുടെ നേതൃത്ത്വത്തിലുള്ള നാഷണൽ ആന്റ് ക്വയിലോൺ ബാങ്കും മനോരമയുമാണെന്ന് കരുതി. ഹിന്ദുക്കളും സുറിയാനി ക്രിസ്ത്യാനികൾ തമ്മിലും അസ്വാരസ്യങ്ങൾ നില നിന്നിരുന്നു. കൊല്ലം ക്രിസ്ത്യാനികൾ പിടിച്ചടക്കുമെന്ന മട്ടിൽ ബാങ്കിനെതിരെ പ്രചരണങ്ങൾ നടന്നു. സർക്കാർ നിക്ഷേപിച്ചിരുന്ന 75 ലക്ഷം രൂപ പിൻവലിച്ചുവെന്നും ബാങ്ക് പൂട്ടുമെന്ന പ്രചരണത്തെത്തുടർന്ന് നിക്ഷേപകർ ഒരുമിച്ചെത്തി പണം പിൻവലിക്കാൻ ശ്രമിച്ചതു പ്രതിസന്ധിക്കിടയാക്കി. സർക്കാർ ഒരു പൈസയും ബാങ്കിൽ നിക്ഷേപിച്ചിരുന്നില്ല. നിക്ഷേപിക്കാമെന്ന് ദിവാൻ സി.പി പറഞ്ഞിരുന്നു. ബാങ്ക് പ്രവർത്തനത്തിൽ നിരവധി ക്രമക്കേടുകളും സർക്കാർ ആരോപിച്ചിരുന്നു. കുപ്രചരണത്തെത്തുടർന്ന് ബാങ്ക് തകർന്നു. ബ്രിട്ടീഷ് ഇംപീരിയൽ സർക്കാരിന്റെ ഇടപെടലിനായി ശ്രമിച്ചെങ്കിലും 20 ജൂൺ 1938 ന് ബാങ്ക് പൂട്ടപ്പെട്ടു. പൂട്ടുമ്പോൾ ബാങ്കിന് 3.75 കോടി രൂപ പ്രവർത്തന മൂലധനമുണ്ടായിരുന്നു. ബാങ്കിന്റെ ഡയറക്ടറായിരുന്ന ചട്ടനാഥകരയാളരുൾപ്പെടെ പ്രധാന ചുമതലക്കാരെല്ലാം രാജി വെച്ചു.[3]നിക്ഷേപകർ നൽകിയ കേസ് 1940 ജനുവരി 4 നു ശിക്ഷ വിധിച്ചു. മാമ്മൻ മാപ്പിളയും സി.പി. മാത്തനും ഉൾപ്പെടെ പ്രതികൾ നാലു പേരെയും ഏഴു കൊല്ലം കഠിനതടവിനു ശിക്ഷിച്ചു.[4][5][6][7] ബാങ്കിന്റെ തകർച്ചയും നിക്ഷേപകരുടെ നഷ്ടവും ബാങ്കിംഗ് മേഖലയിലെ പുതിയ നിയമ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചു. [8] അവലംബങ്ങൾ
|
Portal di Ensiklopedia Dunia