ടർബൊ തീവണ്ടി![]() വാതക ടർബൈൻ എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ദ്രുതവേഗ പാസഞ്ചർ തീവണ്ടി. മറ്റു തീവണ്ടികളെപ്പോലെ ഇതിൽ പ്രത്യേക എൻജിൻ യൂണിറ്റ് ഇല്ല; തീവണ്ടിയുടെ രണ്ടറ്റത്തുമുള്ള പവർ കാറുകളിലെ (ചിത്രം 1) വാതക ടർബൈൻ എൻജിനുകളാണ് തീവണ്ടിയെ മുന്നോട്ടു നയിക്കുന്നത്. ചരിത്രം1960-കളുടെ തുടക്കത്തിൽ അമേരിക്കയിലെ യൂണൈറ്റഡ് ടെക്നോളജീസ് കോർപ്പറേഷനിലെ (അന്നത്തെ യൂണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ) എൻജിനീയർമാരാണ് ടർബൊ തീവണ്ടി ആദ്യമായി രൂപപ്പെടുത്തിയത്. തുടർന്നു സിക്കോർസി എയർക്രാഫ്റ്റ് ഡിവിഷന്റെ സർഫസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ്, ഗതാഗതത്തിനായിട്ടുള്ള പ്രഥമ ടർബൊ തീവണ്ടി 1968 -ൽ പുറത്തിറക്കി. അമേരിക്കയിലെ ബോസ്റ്റണിനും ന്യൂയോർക്കിനുമിടയിലും ക്യാനഡയിലെ മോൺട്രിയലിനും ടൊറൊന്റോയ്ക്കുമിടയിലും 1970-കളിൽ അമേരിക്കൻ നിർമിത ടർബൊ തീവണ്ടികൾ ഓടിച്ചിരുന്നു. 1980-കളുടെ മധ്യത്തോടെ ഫ്രഞ്ച് നിർമിത ഇനങ്ങളും പുറത്തിറക്കപ്പെട്ടു. ജപ്പാൻ നിർമിത ഷിൻകെൻസെൻ ദ്രുതവേഗ വിദ്യുത് തീവണ്ടിയുടെ ആവിർഭാവവും 1970-കളിൽ ഇന്ധനങ്ങൾക്കുണ്ടായ ഭീമമായ വിലക്കയറ്റവും ടർബൊ തീവണ്ടിയുടെ പ്രചാരത്തിനു വിലങ്ങുതടിയായെങ്കിലും ഇവയിലെ നൂതന സസ്പെൻഷൻ സംവിധാനം ഇതര തീവണ്ടികളിൽ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്. ഘടനവായുഗതിക രീതിയിൽ പിൻവലിവു പരമാവധി കുറയ്ക്കാവുന്ന തരത്തിൽ ഗേജ് കൂടിയ അലൂമിനിയം കൊണ്ട് എയ്റോസ്പേസ് എൻജിനീയർമാരാണ് ടർബൊ തീവണ്ടി നിർമ്മിക്കുന്നത്. തീവണ്ടിയുടെ പവർ കാറുകൾക്കിടയിലായി 3 മുതൽ 9 വരെ പാസഞ്ചർ കാറുകൾ ഘടിപ്പിക്കാറുണ്ട്; പവർ കാറുകളിലും യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മറ്റു തീവണ്ടികളിലെ കാറുകളെ അപേക്ഷിച്ച് ഇവയിലേതിനു 75 സെ. മീ. -ഓളം പൊക്കം കുറവായിരിക്കും; കാറുകൾക്കോരോന്നിനും രണ്ടു ചക്രമേ കാണൂ. കാറുകൾക്കു ഭാരം കുറവായതിനാൽ കുറഞ്ഞ ശക്തി ഉപയോഗിച്ചു തീവണ്ടിയെ ചലിപ്പിക്കാനാകുന്നു. ഇതുമൂലം ഇന്ധനവും ലാഭിക്കാനാകും. പ്രധാന പ്രത്യേകതകൾടർബൊ തീവണ്ടിയുടെ പ്രധാന പ്രത്യേകതകൾ അവയിലെ തൂങ്ങിയാടുന്ന (pendulous) ബാങ്കിങ് സസ്പെൻഷൻ സംവിധാനവും ഗിയർ ആക്സിലുകളുമാണ്. മുകൾഭാഗത്തിനടുത്തു നിന്നു, തങ്ങളുടെ ഗുരുത്വാകർഷണ കേന്ദ്രത്തിലൂടെ കടന്നു പോകത്തക്ക രീതിയിൽ, ഒരു അ-ഇനം ചട്ടക്കൂട്ടിൽ തൂങ്ങിയാടാവുന്ന തരത്തിലാണ്, കാറുകളെ ഉറപ്പിച്ചിട്ടുള്ളത്. പവർ കാറുകളിൽ അവയിലെ കുംഭത്തിനു (dome) കീഴിലും ഇതര കാറുകളിൽ അവയ്ക്കിടയിലുമാണ് സസ്പെൻഷൻ സംവിധാനം ഉറപ്പിക്കുന്നത്. ഇതുകാരണം വലിയ വേഗതയിൽ വളവുകൾ തിരിയുമ്പോൾ ടർബൊ തീവണ്ടിയിലെ കാറുകൾ അപകേന്ദ്രബല പ്രഭാവത്താൽ വിമാനങ്ങളെപ്പോലെ പാതയിലെ വളവിന് ഉള്ളിലേക്കായിട്ടാണ് ചരിയുന്നത് (ചിത്രം 2). ഇതുമൂലം വളവുകളിൽക്കൂടി ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോഴും തീവണ്ടിയിലെ കാറുകൾക്കുള്ളിലെ ഇരിപ്പിടങ്ങളിൽ യാത്രക്കാർക്കു നിവർന്നുതന്നെ ഇരിക്കാനാകുന്നു. സാധാരണ തീവണ്ടികളെ അപേക്ഷിച്ചു 30%-40% ഉയർന്ന വേഗതയിൽ വളവുകൾ തിരിയാനും ഈ സജ്ജീകരണം ടർബൊ തീവണ്ടിയെ സഹായിക്കുന്നു. അതുപോലെ ഓരോ ജോടി കാറുകൾക്കുമിടയിലുള്ള ആക്സിലുകൾ വളവുകളിലൂടെയുള്ള പ്രയാണം സുഗമമാക്കുന്നതോടൊപ്പം കാറുകളുടെ കുലുക്കവും ചക്രങ്ങളുടെ തേയ്മാനവും കുറയ്ക്കാനും സഹായിക്കുന്നു. മുൻവശത്തു ഘടിപ്പിച്ചിട്ടുള്ള പവർ കാർ തീവണ്ടിയെ വലിക്കുമ്പോൾ പിൻഭാഗത്തെ പവർ കാർ തീവണ്ടിയെ മുന്നോട്ടു തള്ളി നീക്കുന്ന 'പുഷ്-പുൾ' രീതിയാണ് ഇവയിലുള്ളത്. ഇതര തീവണ്ടികളെ അപേക്ഷിച്ചു ഭാരം കുറഞ്ഞതും, കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നതുമാണ്, ടർബൊ തീവണ്ടി. പ്രവർത്തനവേളയിലുണ്ടാകുന്ന ശബ്ദ മലിനീകരണവും ഇതിനു കുറവായിരിക്കും. അവലംബംപുറം കണ്ണികൾ
|
Portal di Ensiklopedia Dunia