ഡേവിഡ് ഡേബിഡീൻഒരു ഗയാനീസ് നിരൂപകനും നോവലിസ്റ്റുമാണ് ഡേവിഡ് ഡേബിഡീൻ. ഡിസംബർ 9, 1955 ഗയാനയിൽ ജനിച്ചു. കേംബ്രിജിൽ വിദ്യാഭ്യാസം ചെയ്ത ഇദ്ദേഹം ഇംഗ്ളണ്ടിൽ താമസമാക്കി. ഡിസപ്പിയറൻസ് (1993), കൂലി ഒഡിസി (1988), സ്ളേവ് സോങ് (1984) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. വിവിധ സംസ്കാരങ്ങളുടെ സമാഗമവും സമന്വയവുമാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യവിഷയം. ഗ്രാമീണ ഇംഗ്ളണ്ടിന്റെ കാണാമറയത്തുള്ള അധോലോകത്തിന്റെ സംഭ്രമജനകമായ ചിത്രം ആദ്യ കൃതിയിൽ കാണാം. ഗയാനയിലെ വരുത്തരായ കൂലിപ്പണിക്കാരുടെ ജീവിതത്തിന്റെ ദയനീയത വരച്ചുകാട്ടുന്ന കൃതിയാണ് കൂലി ഒഡിസി. മാറിമറിഞ്ഞുവരുന്ന ഭാഷാപ്രയോഗരീതികൾ സ്ളേവ് സോങിൽ മുഖ്യവിഷയമായി കടന്നുവരുന്നു. കൊളോണിയൽ ഭരണത്തിന്റെ സംസ്കാരോന്മൂലന പ്രവണതയാണ് ഡേവിഡ് ഡേബിഡീന്റെ മുഖ്യ ശ്രദ്ധാവിഷയം. ചരിത്രം അതിൽ പങ്കാളിയാകുന്ന ഓരോ മനുഷ്യനെയും ഏതെല്ലാം രീതിക ളിൽ വികലമാക്കുന്നുവെന്ന് ഇദ്ദേഹം കാട്ടിത്തരുന്നു. വിവിധ മാനു ഷിക സ്വത്വങ്ങൾ തമ്മിലുള്ള സംഘർഷമാണ് ചരിത്രത്തിന്റെ ചാലകശക്തിയെന്നത്രേ ഡേബിഡീന്റെ പക്ഷം. വിഖ്യാത ഇംഗ്ളീഷ് ചിത്രകാരനായ ഹോഗാർത്തിന്റെ ചിത്രങ്ങളിൽ നിത്യസാന്നിധ്യമായി നിറഞ്ഞുനില്ക്കുന്ന കറുത്തവർഗക്കാരെക്കുറിച്ചുള്ള ഹോഗാർത്ത്സ് ബ്ളാക്സ്: ദി ഇമേജ് ഒഫ് ബ്ളാക്സ് ഇൻ ഇംഗ്ളീഷ് ആർട് (1985) എന്നൊരു ഗ്രന്ഥം കൂടി ഡേബിഡീന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
|
Portal di Ensiklopedia Dunia