2007 ൽ സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരിയാണ് ഡോറിസ് ലെസ്സിംഗ്[1] (22 ഒക്ടോബർ 1919 - 17 നവംബർ 2013). നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും അവരുടെ രചനകളിൽ പെടുന്നു.
ജീവചരിത്രം
1919ൽ
പേർഷ്യയിലാണ് ലെസ്സിംഗ് ജനിച്ചത്.[2] മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും റൊഡേഷ്യയിലുമായി ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. [3].1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങൾക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ലെസ്സിംഗിന് ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി. 17 നവമ്പ 2013-ന് ലണ്ടനിലെ വസതിയിൽ വെച്ച് മരണമടഞ്ഞു.
സാഹിത്യജീവിതം
ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് ഹാർപ്പർ കോളിന്സ് പുറത്തിറക്കിയിട്ടുണ്ട്. [4]. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്നതാണ് Golden Notebook (സുവർണ്ണപുസ്തകം). 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റേയും പുതിയ പതിപ്പ് ലഭ്യമാണ്. [5]
പ്രധാനകൃതികൾ
'ദ് ഗോൾഡൻ നോട്ട്ബുക്ക്' (സുവർണ്ണപുസ്തകം), 'ദ് ഗുഡ് ടെററിസ്റ്റ്' (നല്ലവളായ ഭീകരവാദി) എന്നീ നോവലുകൾ മലയാളത്തിലേക്കുവിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്.[6]