തമിഴ് സർവകലാശാല
തമിഴ് ഭാഷയുടെ വികസനത്തിനും ഗവേഷണത്തിനുമായി തഞ്ചാവൂരിൽ 1981 ൽ സ്ഥാപിതമായ സർവകലാശാലയാണ് തമിഴ് സർവകലാശാല. ഇന്ത്യയിൽ ഒരു പ്രാദേശിക ഭാഷയുടെ വികസനത്തിനുവേണ്ടി ആദ്യമുണ്ടായ സർവകലാശാലയാണിത്. അഫിലിയേറ്റഡ് കോളജുകൾ ഇല്ലാത്ത റസിഡൻഷ്യൽ യൂണിവേഴ്സിറ്റിയാണിത്. തമിഴിലെ കവിത, ചെറുകഥ, നോവൽ തുടങ്ങിയ സാഹിത്യ വിഭാഗങ്ങളിലെ ഏറ്റവും നല്ല കൃതിക്ക് ഒരു ലക്ഷം രൂപയ്ക്കുള്ള രാജരാജൻ അവാർഡ് യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ശാസ്ത്രം, പെയിന്റിങ്, സംഗീതം, ഫോക്ലോർ, വിവർത്തനം തുടങ്ങിയവയ്ക്ക് 5000 രൂപ വീതമുള്ള 10 അവാർഡുകളും നല്കിവരുന്നു. പ്രമുഖ ഭാഷാശാസ്ത്രജ്ഞനും ദ്രാവിഡ ഭാഷാശാസ്ത്രപഠനകേന്ദ്രത്തിന്റെ ഡയറക്ടറും ആയ പ്രൊഫ. വി.ഐ. സുബ്രഹ്മണ്യമാണ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക ഡയറക്ടർ. തമിഴ്നാട് ഗവർണർ ആണ് ചാൻസലർ. ചരിത്രംഅഞ്ചാം ലോക തമിഴ് സമ്മേളനത്തിൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രൻ ലോക തമിഴ് ജനതയ്ക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിധം തമിഴ് സർവകലാശാല സ്ഥാപിക്കും എന്നു പ്രസ്താവിച്ചിരുന്നു. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് എം.ജി. ആറിന്റെ അധ്യക്ഷതയിൽ അന്നത്തെ തമിഴ്നാട് ഗവർണർ ആയിരുന്ന സാദിക് അലിയാണ് തഞ്ചാവൂരിൽ സർവകാലശാല ഉദ്ഘാടനം ചെയ്തത്. എം.ജി.ആർ. കെട്ടിടത്തിന്റെ തറക്കല്ലിട്ടു പ്രസംഗിച്ചു. പ്രസംഗത്തിൽ രാഷ്ട്രീയവും മതപരവുമായ സ്ഥാപിത താത്പര്യങ്ങൾക്ക് അതീതമായിരിക്കും ഈ സർവകലാശാല എന്നും എൻജിനീയറിങ്, മെഡിസിൻ എന്നിവ തമിഴിൽ പഠിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും എന്നും എടുത്തു പറഞ്ഞു. ഉദ്ദേശ്യ ലക്ഷ്യങ്ങൾ
പഠന വകുപ്പുകൾവിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഗവേഷണ വിദ്യാർഥികൾക്കായി തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ പ്രത്യേക കോഴ്സുകളും സർവകലാശാല നടത്തിവരുന്നുണ്ട്. ബിരുദാനന്തരബിരുദങ്ങളും പിഎച്ച്.ഡി., ഡി.ലിറ്റ്. പോലുള്ള ഉന്നത ഗവേഷണ ബിരുദങ്ങളും യൂണിവേഴ്സിറ്റി നല്കിവരുന്നു. പൗരസ്ത്യഭാഷാവിഭാഗം, താളിയോല വിഭാഗം, സമുദ്രഗവേഷണ വിഭാഗം, കലാവിഭാഗം, തൊഴിൽ വിഭാഗം, വളർതമിഴ് വിഭാഗം, സയൻസ്, സാമൂഹികശാസ്ത്രം തുടങ്ങിയ വിവിധ ഫാക്കൽറ്റികളിലായി 19 ഡിപ്പാർട്ടുമെന്റുകളോടെയാണ് തമിഴ് സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. ഇവയിൽ ആദിവാസി ഗവേഷണ വിഭാഗം; ശിലാശാസന വിഭാഗം; തോണിത്തുറ, പ്രാചീനഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള മരങ്ങൾ, ചെടികൾ, കൊടികൾ, മത്സ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണവിഭാഗം; പ്രാചീന കപ്പലുകൾ, കപ്പൽ വഴികൾ എന്നിവ അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയുടെ വിട്ടുപോയ ചരിത്രം പരിശോധിക്കുന്ന വിഭാഗം; ഓട്, മരത്തൊഴിൽ, യുദ്ധോപകരണങ്ങൾ, പഴയ കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചു പഠനം നടത്തുന്ന വിഭാഗം എന്നിവ ശ്രദ്ധേയമാണ്. കലാ വിഭാഗം
Manuscriptology
തമിഴ് ഗവേഷണ വിഭാഗം
ഭാഷ
ശാസ്ത്രം
വിദൂര വിദ്യാഭ്യാസ കേന്ദ്രംതഞ്ചാവൂരിനു പുറത്തുള്ളവർക്കുള്ള പഠന കേന്ദ്രമാണിത്. മറ്റ് പ്രവർത്തനങ്ങൾമേൽപ്പറഞ്ഞവയ്ക്കു പുറമേ കലൈക്കളഞ്ചിയം (വിജ്ഞാനകോശം), പേരകരാതി (ലക്സിക്കൻ) എന്നിവയുടെ പ്രസിദ്ധീകരണ വിഭാഗം, സാംസ്കാരിക മ്യൂസിയം എന്നിവയും ഉണ്ട്. മദ്രാസ് സർവകലാശാല പ്രസിദ്ധീകരിച്ച 10 വാല്യങ്ങളിലുള്ള കലൈക്കളഞ്ചിയം, അറിവിയൽ, വാഴ്വിയൽ എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഓരോന്നും പത്തുവാല്യങ്ങൾ വീതം പുനഃപ്രസിദ്ധീകരിച്ചു. അതുപോലെ മദ്രാസ് സർവകലാശാല 6 വാല്യങ്ങൾ പ്രസിദ്ധീകരിച്ച് നിറുത്തിയ ലക്സിക്കൺ കൂടുതൽ വിപുലീകരിച്ച് 10 വാല്യങ്ങായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവയ്ക്കു പുറമേ ധാരാളം വിഷയാധിഷ്ഠിത ശബ്ദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ സമാഹരിച്ചിട്ടുള്ള ഗവേഷണോന്മുഖമായ ഒരു ലൈബ്രറിയും തമിഴ് സർവകലാശാലയ്ക്കുണ്ട്. കേന്ദ്രസാംസ്കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ കംപ്യൂട്ടർ ഉപയോഗിച്ച് തമിഴ് ഗ്രന്ഥങ്ങളുടെ ഒരു കാറ്റലോഗ് ശൃംഖലയും തയ്യാറാക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ, ഒരു ഓഡിയോ-വിഷ്വൽ സെന്ററും ഒരു ഭാഷാധ്യാപന ലബോറട്ടറിയും ഇവിടെ പ്രവർത്തിക്കുന്നു.[1] ![]() അവലംബം
പുറം കണ്ണികൾTamil University എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia