തളിക്കോട്ട യുദ്ധം
വിജയനഗരസാമ്രാജ്യവും ഡെകാൻ സുൽത്താനത്തുകളും തമ്മിൽ 1565 ൽ നടന്ന യുദ്ധമാണ് തളിക്കോട്ട യുദ്ധം. തളിക്കോട്ട എന്ന സ്ഥലപേര് കന്നഡയിൽ താളിക്കോട്ടെ എന്നും തെലുങ്കിൽ തളിക്കോട്ട എന്നുമാണ്. (Kannada ತಾಳಿಕೋಟೆ(or Tellikota) (തെലുഗ്: తళ్ళికోట)[2]. തളിക്കോട്ട യുദ്ധം അവസാനിച്ചത് തെക്കേ ഇന്ത്യയിലെ ഹിന്ദു രാജ്യമായിരുന്ന വിജയനഗരസാമ്രാജ്യത്തിൻറെ തകർച്ചയിലാണ്. [3] ഇന്ന് വടക്കൻ കർണ്ണാടകയിലെ ബീജാപൂർ ജില്ലയിൽ ഉൾപെടുന്ന തളിക്കോട്ട താലൂക്കിൻറെ ആസ്ഥാനം, തളിക്കോട്ട എന്ന ചെറു പട്ടണമാണ്. ചരിത്ര പുസതകങ്ങളിൽ തളിക്കോട്ട യുദ്ധം എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർഥ പടക്കളം കൃഷ്ണാനദിയുടെ വടക്കെകരയിൽ സ്ഥിതിചെയ്യുന്ന രാക്ഷസി-തംഗഡി (തംഗഡാഗി എന്നും പറയും) എന്നീ ഗ്രാമങ്ങൾക്കിടയിലുള്ള സമതലമായിരുന്നെന്നു പറയപ്പെടുന്നു. അതിനാൽ ചില ചരിത്രകാരന്മാർ ഈ യുദ്ധത്തെ രാക്ഷസി-തംഗഡി യുദ്ധമെന്നും വിശേഷിപ്പിക്കുന്നു [3]. രാക്ഷസി-തംഗഡി ഗ്രാമങ്ങൾ ഇന്ന് ബീജാപൂർ ജില്ലയിലെ മുദ്ദെ ബെഹാൽ താലൂക്കിൽ ഉൾപെടുന്നു[4]. പശ്ചാത്തലംബീജാപ്പൂർ, അഹമ്മദ്നഗർ, ഗോൽക്കൊണ്ട, ബിഡാർ എന്നിവിടങ്ങളിലെ സുൽത്താന്മാരുടെ സംയുക്ത സൈന്യവും വിജയനഗര സൈന്യവും തമ്മിലായിരുന്നു യുദ്ധം. ![]() 1336-ലാണ് ദക്ഷിണേന്ത്യയിലെ കർണാടക പ്രദേശത്ത് വിജയനഗരം സ്ഥാപിതമായത്[5],[6] ഒരു ഹിന്ദുരാഷ്ട്രമായതിനാൽ അത് സ്വാഭാവികമായി ദക്ഷിണദേശത്തെ മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് ഒട്ടേറെ അഭയാർഥികളെ ആകർഷിച്ചു[7]. രാജ്യത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. അചിരേണ വിജയനഗരസാമ്രാജ്യം ഡെക്കാനിലെ പ്രബലശക്തിയായിത്തീർന്നു. വിജയനഗരത്തിലെ ഏറ്റവും പ്രബല രാജാവായ കൃഷ്ണദേവരായന്റെ കാലത്ത് (1509-50) വിജയനഗരത്തിന്റെ പ്രതാപം പാരമ്യത്തിലെത്തി.[8] "അളിയ" രാമരായർകന്നഡ-തെലുഗു ഭാഷകളിൽ അളിയ എന്ന പദത്തിന് മകളുടെ ഭർത്താവ് എന്നാണർഥം. കൃഷ്ണദേവരായരുടെ മകളുടെ ഭർത്താവായിരുന്ന രാമരായർ കൃഷ്ണദേവരായരുടെ വലം കൈയും പ്രധാനസൈന്യാധിപരിൽ ഒരാളും ഏതാനും പ്രവിശ്യകളുടെ ഭരണകർത്താവും ആയിരുന്നു[9]. എങ്കിലും കൃഷ്ണദേവരായരുടെ മരണശേഷം സഹോദരൻ അച്യുതരായരാണ് സിംഹാസനമേറിയത്. അതോടെ രാമരായരുടെ പ്രാധാന്യം കുറഞ്ഞു. അച്യുതരായർക്കു ശേഷം പുത്രൻ വെങ്കടാദ്രിക്ക് ഒരു കൊല്ലം തികച്ചു ഭരിക്കാനായില്ല.[10] കൊട്ടാര ഉപജാപങ്ങളിലൂടെ അടുത്ത കിരീടാവകാശിയായെത്തിയ സദാശിവരായൻ കുഞ്ഞായിരുന്നതിനാൽ രാമരായരാണ് രാജ പ്രതിനിധിയായി ഭരണം നടത്തിയത്[11]. എന്നാൽ പ്രായപൂർത്തിയായ ശേഷവും സദാശിവരായർ പേരിന് മാത്രമായിരുന്നു രാജാവ്. യഥാർഥ ഭരണാധികാരി രാമരായരായിരുന്നു. തന്ത്രശാലിയായിരുന്ന രാമരായർ മുസ്ലീം സുൽത്താന്മാരെ പരസ്പരം കലഹിപ്പിച്ച് നേട്ടങ്ങൾ കൊയ്തിരുന്നു. ഈ നേട്ടങ്ങൾ അദ്ദേഹത്തെ അഹംഭാവിയാക്കി മാറ്റുക മാത്രമല്ല, തത്ത്വദീക്ഷയില്ലാത്ത പല പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. 1558-ൽ ഗോൽക്കൊണ്ടയും ബീജാപ്പൂരുമായി ചേർന്ന് രാമരായർ അഹമ്മദ്നഗർ ആക്രമിച്ചപ്പോൾ മുസ്ലീം ജനതയുടേയും അവരുടെ പുണ്യസ്ഥലങ്ങളുടേയും നേരെ കാണിച്ച അക്രമങ്ങൾ രാമരായനെതിരായി മുസ്ലീം വികാരം ആളിക്കത്തിച്ചു[12]. വിജയനഗരത്തിന്റെ അനുപമമായ ഉയർച്ച അനൈക്യത്തിൽ കഴിഞ്ഞിരുന്ന മുസ്ലീം സുൽത്താന്മാർക്ക് തങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള വിപത്ത് ബോധ്യപ്പെടുത്തി[13]. രാഷ്ട്രീയ വിവാഹങ്ങൾഉൾപോരുകളെല്ലാം മറന്ന് സംഘടിക്കാൻ തീരുമാനിച്ച സുൽത്താൻമാർ ഈ കൂട്ടായ്മയെ വിവാഹബന്ധങ്ങളിലൂടെ ഊട്ടിയുറപ്പിച്ചു. അഹ്മദ്നഗർ സുൽത്താൻ നൈസാംഷാ തൻറെ മൂത്ത പുത്രി ചാന്ദ് ബീവിയുടെ വിവാഹം ബീജപൂർ സുൽത്താൻ അലി അദിൽഷായുമായും മറ്റൊരു പുത്രിയുടേത് ഗോൽക്കൊണ്ട സുൽത്താൻ കുത്തബ് ഷാഹിയുമായും നടത്തി. നൈസാം ഷായുടെ പുത്രൻ മൂർതസാ, ബീജപൂർ സുൽത്താൻ അലി അദിൽഷായുടെ സഹോദരി ഫലാബീബീ ഹദിയ സുൽത്താനയെ വേട്ടു[14]. രാജകീയ തലത്തിൽ ഹിന്ദു-മുസ്ലീം ചേരിതിരിവ് ഉണ്ടായെങ്കിലും തളിക്കോട്ട യുദ്ധം വെറുമൊരു ഹിന്ദു-മുസ്ലീം യുദ്ധമായി കാണാനാവില്ലെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരും ഉണ്ട്[15] യുദ്ധത്തിനുള്ള ഒരുക്കങ്ങൾമുസ്ലീം സൈന്യങ്ങൾ ബീജാപ്പൂർ സുൽത്തനത്തിൽ സ്ഥിതി ചെയ്തിരുന്ന തളിക്കോട്ടയിൽ സന്ധിച്ചു[16],[17]. കൃഷ്ണാനദിക്ക് ഇരുപത്തിയഞ്ചു മൈൽ വടക്കായി, ദോണിപ്പുഴയുടെ വലംകരയിലായിരുന്നു തളിക്കോട്ട സ്ഥിതി ചെയ്തിരുന്നത്[18],[19] . രാമരായർക്ക് എൺപതോ അതിലധികമോ പ്രായമായിരുന്നെന്നും പ്രായാധിക്യം കാരണം യുദ്ധക്കളത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന് സഹോദരന്മാർ വെങ്കടാദ്രി, തിരുമല (തിമ്മരാജ) എന്നിവർ അഭ്യർഥിച്ചതായും പറയപ്പെടുന്നു. എന്നാൽ രാമരായർ കൂട്ടാക്കിയില്ല[20]. വിജയനഗരസാമ്രാജ്യം മൊത്തം ഒമ്പതു ലക്ഷത്തോളം ഭടന്മാരേയും ഒരുലക്ഷത്തോളം കുതിരകളേയും യുദ്ധക്കളത്തിൽ ഇറക്കിയത്രെ. ഈ സൈന്യവ്യൂഹം മൂന്നായി വിഭജിക്കപ്പെട്ടു , സഹോദരന്മാർ ഓരോ വിഭാഗത്തെ നയിക്കാൻ തയ്യാറെടുത്തു. യുദ്ധതന്ത്രങ്ങൾ1564 ഡിസമ്പർ അവസാനത്തെ ആഴ്ച നിസാംഷായുടെ നേതൃത്വത്തിൽ സുൽത്തനത്ത് സൈന്യം തളിക്കോട്ടയിൽ നിന്ന് തെക്കോട്ടുള്ള നീക്കം ആരംഭിച്ചു. ശത്രുവിന്റെ ശക്തി മനസ്സിലാക്കിയ രാമരായർ വിപുലമായ സൈന്യത്തെ സജ്ജീകരിച്ച് കൃഷ്ണാനദിയുടെ ഇരുകരകളും പാലങ്ങളും പ്രതിരോധിച്ചിരുന്നു. സുൽത്തനത്ത് സൈന്യം കൃഷ്ണാനദിയുടെ വടക്കെകരയിൽ ദൂരെ മാറി രാക്ഷസി ഗ്രാമത്തിൽ തമ്പടിച്ചു. മുസ്ലീം സൈന്യത്തിന് കടക്കാനാവാത്തവിധം രാമരായരുടെ സൈന്യം നദിക്കു കുറുകേയുള്ള പാലങ്ങൾ കനത്ത ജാഗ്രതയിൽ കാത്തു. തന്ത്രശാലിയായ നിസാംഷാ സുൽത്തനത്ത് സൈന്യത്തെ നദിയോടടുപ്പിക്കാതെ കിഴക്കോട്ടു നയിച്ച്, വിജയനഗരസൈന്യത്തിന്റെ ശ്രദ്ധ തിരിച്ചു[18]. രാക്ഷസി ഗ്രാമത്തിനു പതിനഞ്ചു കിലോമീറ്റർ വടക്കുള്ള തഗഡി പാലത്തിലെ ജാഗ്രത കുറക്കുകയായിരുന്നു സുൽത്തനത്ത് സൈന്യത്തിൻറെ ലക്ഷ്യം. ഇതറിയാതെ വിജയനഗരസൈന്യവും ശത്രുസൈന്യത്തിനു സമാന്തരമായി കിഴക്കോട്ടു നീങ്ങി. നിർണായകനിമിഷത്തിൽ മുസ്ലീം സൈന്യത്തിലെ വലിയൊരു വിഭാഗം കുതിരപ്പട്ടാളം അതിവേഗം പിന്തിരിഞ്ഞ് തഗഡിയിലേക്കു കുതിച്ചു. ത്വരിതഗതിയിൽ പാലം കടന്ന് തെക്കെകരയിലെത്തി. വിജയനഗരസാമ്രാജ്യത്തിലെ ആനപ്പട്ടാളത്തിന് അത്രയും വേഗതയോടെ പാലത്തിനു സമീപമെത്തി പ്രതിരോധിക്കാനായില്ല[18] . യുദ്ധക്കളത്തിൽരാക്ഷസ-തംഗഡി ഗ്രാമങ്ങൾക്കിടയിലെവിടേയോ വെച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. നിർണായകമായ ഈ യുദ്ധം ആരംഭിച്ചത് 1565 ജനു. 23-നാണ്. രാമരായർ നൈസാം ഷായുടെ സൈന്യത്തേയും, വെങ്കടാദ്രി അലി അദിൽഷായുടെ സൈന്യത്തേയും തിമ്മരാജ ഇബ്രാഹിം കുതുബ്ഷായുടേയും അലി ബാരീദിൻറേയും സംയുക്തസൈന്യത്തേയും നേരിട്ടു[21],[22]. തന്റെ വിജയം സുനിശ്ചിതമാണെന്നുറപ്പിച്ച രാമരായർ, യുദ്ധത്തിനിടെ കുതിരപ്പുറത്തുനിന്നോ അഥവാ ആനപ്പുറത്തുനിന്നോ താഴെയിറങ്ങി, രാജപല്ലക്കിൽ ഉപവിഷ്ഠനായെന്നും, സ്വർണരത്നാദികൾ വാരിയെറിഞ്ഞ് സ്വന്തം ഭടന്മാരെ ഉത്തേജിതരാക്കിയെന്നും ഫെരിഷ്ത തന്റെ പുസ്തകത്തിൽ പറയുന്നു[23]. വിജയനഗരസൈന്യം ആവേശത്തോടെ മുന്നേറിക്കൊണ്ടേയിരിക്കേ പൊടുന്നനേയാണ് യുദ്ധത്തിൻറെ ഗതി മാറി വീശിയത്. പരാജയകാരണങ്ങൾനൈസാംഷായുടെ ആന കുതറിയോടി രാമരായരുടെ പല്ലക്കിനു നേരെ വന്നതോടെ ചുമട്ടുകാർ പല്ലക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വീണ്ടും കുതിരപ്പുറത്തേറാൻ ശ്രമിച്ച രാമരായരെ, നൈസാം ഷായുടെ സൈനികർ കീഴ്പെടുത്തി, നൈസാംഷായുടെ മുന്നിലെത്തിച്ചു[24]. ഷായുടെ സേനാധിപതി റൂമിഖാൻ രാമരായരുടെ തലയറുത്ത് കുന്തത്തിൽ കോർത്ത് യുദ്ധക്കളത്തിൽ പ്രദർശിപ്പിച്ചു[25]. ഇത് കണ്ട് പരിഭ്രാന്തരായ വിജയനഗരസൈന്യം ദിക്ഭാന്തരായി യുദ്ധക്കളം വിട്ടോടി. രാമരായരുടെ സഹോദരന്മാർ തിരുമലയും വെങ്കടാദ്രിയും കഠിനമായ പരിക്കുകളോടെ രണാങ്കണത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ വിജയനഗരസൈന്യത്തിലുണ്ടായിരുന്ന രണ്ടു സേനാപതികൾ അവസാനനിമിഷത്തിൽ കൂറുമാറിയതാണ് പരാജയകാരണമെന്നും പറയപ്പെടുന്നു. ഇവരുടെ പൊടുന്നനെയുള്ള കാലുമാറ്റം വിജയനഗരസൈനികരെ അന്ധാളിപ്പിച്ചെന്നും തുടർന്നുണ്ടായ കുഴപ്പവും പരിഭ്രാന്തിയുമാണ് പിന്നീടുള്ള സംഭവങ്ങൾക്കു വഴിവെച്ചതെന്നും പറയപ്പെടുന്നു. [26]. യുദ്ധാനന്തരംമുസ്ലീം സൈന്യം സമ്പദ്സമൃദ്ധമായ വിജയനഗരം മുച്ചൂടും കൊള്ളയടിച്ചു അത് മാസങ്ങളോളം നീണ്ടു നിന്നു[27],[28]. മനോഹാരിത മുറ്റിനിന്നിരുന്ന നഗരമാകെ തല്ലിത്തകർത്ത് തരിപ്പണമാക്കി. ചേതോഹരങ്ങളായ മണിമേടകളും അംബരചുംബികളായ കൊട്ടാരങ്ങളും സുഭഗങ്ങളായ ക്ഷേത്രങ്ങളും നിശ്ശേഷം നശിപ്പിച്ചു. ലോകോത്തരങ്ങളായ ശില്പങ്ങൾ തകർന്നു. വിജയനഗരം ജീർണവസ്തുക്കളുടെ ഒരു വൻ കൂമ്പാരമായിത്തീരുന്നതുവരെ വിധ്വംസനം തുടർന്നു. ചരിത്രഗതിയെ മാറ്റിമറിച്ച യുദ്ധങ്ങളിലൊന്നാണ് തളിക്കോട്ട യുദ്ധം. വിജയനഗരത്തിന്റെ നാശം ദക്ഷിണ ഭാരതത്തിലെ ഏറ്റവും ശക്തമായ ഹൈന്ദവ സാമ്രാജ്യത്തിന്റെ അന്ത്യമാണ് കുറിച്ചത്. രാമരായന്റെ സഹോദരൻ തിരുമലരായർ ശത്രുരാജാക്കന്മാരുമായി ഒത്തു തീർപ്പിലെത്തി[29]. രാജസ്ഥാനം കൈക്കലാക്കാനായി തിരുമലരായർ 1568-ൽ സദാശിവരായരെ കൊലപ്പെടുത്തി[30]. എന്നാൽ പഴയ പ്രൗഢിയോടെ സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമം വിജയിച്ചില്ല. രാക്ഷസ-തംഗഡി : ചരിത്ര നാടകംതളിക്കോട്ട യുദ്ധത്തെ ആസ്പദമാക്കി ഗിരീഷ് കാർനാഡ് കന്നഡഭാഷയിൽ രചിച്ച ചരിത്ര നാടകമാണ് രാക്ഷസ-തംഗഡി [31]. പുസ്തകത്തിൻറെ ഇംഗ്ലീഷു പരിഭാഷയും ലഭ്യമാണ്.[32]
അവലംബം
ഗ്രന്ഥസൂചി
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia