കോട്ടയത്ത് നിന്നുള്ള എം.എൽ.എയും മുൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്നു
തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജനനം: 1949 ഡിസംബർ 26).
ജീവിതരേഖ
കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949 ഡിസംബർ 26-ൽ കോട്ടയം ജില്ലയിലെതിരുവഞ്ചൂരിൽ ജനിച്ച രാധാകൃഷ്ണൻ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.[1] കോട്ടയത്തെ എം.ടി സെമിനാരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയം ബസേലിയസ് കോളജിൽ നിന്ന് ബിരുദവും, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 1976 മുതൽ കോട്ടയം ബാറിൽ അഭിഭാഷകനായി പരിശീലനം തുടങ്ങിയെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തനം തുടർന്നു.
2004-ൽ ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന തിരുവഞ്ചൂർ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകൾ വഹിച്ചിരുന്നു.
2011-ൽ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി നിയോഗിതനായി.
പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9-ന് വിജിലൻസ് വകുപ്പിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞപ്പോൾ ഈ വകുപ്പിന്റെ ചുമതല കൂടി തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറപ്പെട്ടു.
2012 ഏപ്രിൽ 12-ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിക്കുകയും അദ്ദേഹത്തിന്റെ ചുമതലയിലുണ്ടായിരുന്ന റവന്യൂ വകുപ്പ് അടൂർ പ്രകാശിന് നൽകപ്പെടുകയും ചെയ്തു.