തിരുവത്താഴശുശ്രൂഷ
![]() ക്രിസ്തുവിന്റെ തിരുവത്താഴത്തെ അനുസ്മരിച്ചു കൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണു തിരുവത്താഴ ശുശ്രൂഷ. ഉയിർപ്പു ഞായറാഴ്ചയ്ക്കു മുമ്പ് നാല്പതു ദിവസം നീണ്ടു നില്ക്കുന്ന നോമ്പിന്റെ അവസാന ദിവസങ്ങളാണ് പെസഹാ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ. ഇതിൽ പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകളാണ് തിരുവത്താഴത്തെ അനുസ്മരിച്ചുള്ളത്. ഉയിർപ്പുതിരുനാൾകാലത്തെ ആദ്യ ദിവസമായ വ്യാഴാഴ്ച പല പേരുകളിലും അറിയപ്പെടുന്നു. പെസഹാ വ്യാഴാഴ്ചയെന്നാണ് ഈ ദിവസം പൊതുവേ അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ഈ ദിവസത്തെ ഉയിർപ്പിനു തൊട്ടു മുമ്പുള്ള വ്യാഴാഴ്ച എന്നു വിളിക്കുന്നു. വലിയ വ്യാഴാഴ്ച എന്നും ഈ ദിനം അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഈ ദിവസത്തെ മോണ്ടി തെർസ്ഡേ (Maundy Thursday) എന്നു പറയുന്നു. ക്രിസ്തു അന്ത്യ അത്താഴ സമയത്ത് ഒരു പുതിയ ഉടമ്പടി -"ഇതെന്റെ ശരീരമാകുന്നു............. ഇതെന്റെ രക്തമാകുന്നു എന്ന ഉടമ്പടി-നല്കിയതിനാലാണ് അതിന്റെ അനുസ്മരണ ദിനത്തിന് മോണ്ടി തെർസ്ഡേ എന്ന പേർ ലഭിച്ചത്. ജർമനിയിൽ ഈ ദിവസത്തെ ഗ്രീൻ തെഴ്സ്ഡേ (Green Thursday) എന്നു വിളിക്കുന്നു. ഷീർ തെഴ്സ്ഡേ (Sheer Thursday) എന്ന പേരും ഈ ദിവസത്തിനുണ്ട്. തിരു അത്താഴ ശുശ്രൂഷ വളരെ പഴക്കമേറിയ ഒന്നാണ്. കർത്താവിന്റെ അത്താഴത്തിന്റേതായ വ്യാഴാഴ്ച (Thursday of the Last Supper) എന്നാണ് ആദ്യകാലങ്ങളിൽ ഈ ദിവസം അറിയപ്പെട്ടിരുന്നത്. ക്രിസ്തു പരിശുദ്ധ കുർബാന സ്ഥാപിച്ചതാണ് തിരു അത്താഴത്തിന്റെ പ്രാധാന്യം. വിശുദ്ധ കുർബാനയുടെ അനുസ്മരണമാണ് ഈ ദിവസത്തിലെ പ്രധാന ശുശ്രൂഷ.
വിശുദ്ധ വ്യാഴാഴ്ചയിലെ ശുശ്രൂഷാക്രമം വളരെ പഴക്കമുള്ളതാണെങ്കിലും, ആദ്യ നൂറ്റാണ്ടുകളിൽ ഉയിർപ്പു തിരുനാളിന്റെ (Easter Vigil) ഭാഗമായിട്ടല്ല വിശുദ്ധ വ്യാഴാഴ്ചയിലെ ശുശ്രൂഷകൾ നടത്തിവന്നത്. അക്കാലത്ത് ഉയിർപ്പു ദിനാഘോഷമെന്നു പറഞ്ഞാൽ മൂന്നു ദിവസത്തെ പരിപാടികൾ-(ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഉയിർപ്പു ഞായറാഴ്ച) മാത്രമായിരുന്നു. ഉയിർപ്പ് ആഘോഷത്തിനായുള്ള ഒരുക്ക ദിനമായി മാത്രമേ വ്യാഴാഴ്ചയിലെ പരിപാടികളെ കരുതിയിരുന്നുള്ളൂ. വിശുദ്ധ ത്രിദിനാചരണത്തിനുള്ള ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഉയിർപ്പു ഞായറാഴ്ച-പശ്ചാത്താപത്തിന്റേതായ ഒത്തുതീർപ്പുണ്ടാക്കൽ (Reconciliation of Penetance) ആയി വ്യാഴാഴ്ചയിലെ ശുശ്രൂഷകളെ പരിഗണിച്ചിരുന്നു. എ.ഡി. 7-ാം ശ. വരെ ഉയിർപ്പുദിനത്തിൽ മാമോദീസ നല്കുന്നതിനുള്ള തൈലം ബിഷപ്പ് ആശിർവദിച്ചിരുന്നത് ഞായറാഴ്ച രാവിലെതന്നെയായിരുന്നു. പില്ക്കാലത്ത് ഉയിർപ്പു കാലഘട്ടത്തിലെ തിരക്ക് ഒഴിവാക്കുവാൻ വേണ്ടി ബിഷപ്പ് തൈലം ശുദ്ധീകരിക്കുന്ന ചുമതല പരിശുദ്ധ വ്യാഴാഴ്ചയിലേക്കു മാറ്റി. വിശുദ്ധ കുർബാന സ്ഥാപിച്ച വ്യാഴാഴ്ച തന്നെ അതിന്റെ അനുസ്മരണ നിലനിർത്തുവാൻ ഇതിനോടനുബന്ധിച്ചുള്ള പ്രത്യേകം ശുശ്രൂഷാ കർമങ്ങൾ വേണമെന്നുള്ള ചിന്താഗതി വളർന്നപ്പോഴാണ് വിശുദ്ധ വ്യാഴാഴ്ചയുടെ പ്രാധാന്യം വർദ്ധിച്ചത്. ആദ്യ കാലങ്ങളിൽ സ്ഥലത്തെ ബിഷപ്പും ജനങ്ങളും ഒന്നു ചേർന്ന് ഈ ദിനം ആചരിച്ചിരുന്നു. (ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്തവ സഭയിൽ സാധാരണ പുരോഹിതർ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ബിഷപ്പുമാരും ഡീക്കന്മാരും ആയിരുന്നു ഇക്കാലത്തെ സഭാപ്രമാണികൾ. എ.ഡി.നാലാം നൂറ്റാണ്ടിൽ ഈ ദിവസം അന്ത്യ അത്താഴത്തിന്റേതായ വ്യാഴാഴ്ച എന്നറിയപ്പെട്ടിരുന്നു. ദിവ്യകുർബാന സ്ഥാപിച്ച വ്യഴാഴ്ച വൈകുന്നേരം തന്നെ ഇതിനുവേണ്ടിയുള്ള അനുസ്മരണചടങ്ങുകൾ ആരംഭിച്ചത് ജെറുസലേമിൽ ആണെന്നു വിശ്വസിക്കുന്നു. കത്തോലിക്കരേയും പൗരസ്ത്യ സഭാംഗങ്ങളേയും സംബന്ധിച്ചിടത്തോളം ഒരു പ്രധാന ദിവ്യബലിയാണ് തിരു അത്താഴ ശുശ്രൂഷയിൽ പ്രധാനപ്പെട്ട ഇനം. അന്നു രാവിലെ എല്ലാ കത്തീഡ്രലുകളിലും (ബിഷപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമാണ് കത്തീഡ്രൽ) തൈലം ആശിർവദിക്കുന്നതിനു വേണ്ടി ബിഷപ്പു തന്നെ നടത്തുന്ന ഒരു ദിവ്യബലിയും ഉണ്ടായിരിക്കും. അന്ന് ഉച്ച കഴിഞ്ഞ് എല്ലാ ദേവാലയങ്ങളിലും ആഘോഷമായ ദിവ്യബലി നടത്തുന്നു. പൂജാ സമയത്ത് അൾത്താര കമനീയമാംവിധം അലങ്കരിച്ചിട്ടുണ്ടാവും. ദിവ്യപൂജയ്ക്കിടയിൽ തിരു അത്താഴത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള ഒരു പ്രസംഗവും ഉണ്ടായിരിയ്ക്കും. തൊട്ടടുത്ത ദിവസമായ ദുഃഖവെള്ളിയാഴ്ച ദിവ്യബലി നടത്താത്തതിനാൽ അന്ന് വിശ്വാസികൾക്കു നല്കേണ്ട കുർബാനയും വ്യാഴാഴ്ചത്തെ പൂജാ സമയത്തു തന്നെ തയ്യാറാക്കുന്നു. പരിശുദ്ധ വ്യാഴാഴ്ചയിലെ ദിവ്യബലി തീർന്ന ഉടനെ അടുത്ത ഉപ അൾത്താരയിലേക്ക് (Repose) കുർബാനയും കൊണ്ടുള്ള ഘോഷയാത്രയും വളരെ പഴക്കമുള്ള ഒരു ആചാരമാണ്. ആദ്യ നൂറ്റാണ്ടുകളിൽ ഈ വിധം തയ്യാറാക്കപ്പെട്ട കുർബാനയെ (അഥവാ വോസ്തിയെ) അടുത്ത ഉപ അൾത്താരയിലേക്ക് ഡീക്കൻ തന്നെ മാറ്റിയിരുന്നു. ആ വോസ്തിയെ അവിടെ ഒരു ദിവസം സൂക്ഷിച്ച് ജനങ്ങൾ ഭക്തിയോടു കൂടി ആരാധിച്ചിരുന്നു. ഈ വിധത്തിൽ കുർബാനയെ അടുത്ത ഉപ അൾത്താരയിലേക്കു മാറ്റുമ്പോൾ അതിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ ഘോഷയാത്ര ആരംഭിച്ചത് 11-ാം ശ.-ത്തിലാണ്. ദുഃഖ വെള്ളിയാഴ്ച ദിവ്യബലി ഇല്ലാത്തതിനാൽ ഈ വിധം സൂക്ഷിക്കുന്ന കുർബാനയെ ദുഃഖവെള്ളിയാഴ്ച ഭക്തർക്കു നല്കുന്നു. പ്രധാന അൾത്താരയിൽ നിന്നും കുർബാനയെ ഉപ അൾത്താരയിലേക്കു മാറ്റുന്നതോടൊപ്പം മുഖ്യ അൾത്താരയിലെ അലങ്കാര വസ്തുക്കളും മെഴുകുതിരിക്കാലുകളും നീക്കം ചെയ്യപ്പെടുന്നു. ക്രിസ്തുവിന്റെ കുരിശാരോഹണത്തിനു മുമ്പായി അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മാറ്റപ്പെട്ടതിനെ അനുസ്മരിക്കാൻ വേണ്ടിയാണ് ഈ ചടങ്ങ്. പാദം കഴുകൽ ശുശ്രൂഷ പുരോഹിതർ മാത്രമല്ല, മറ്റു പല പ്രശസ്ത വ്യക്തികളും നടത്തിയിരുന്നു. എ.ഡി. 15-ാം ശ.വരെ ഇംഗ്ളണ്ടിലെ രാജാക്കന്മാർ കാരുണ്യത്തിന്റെ അടയാളമായി പന്ത്രണ്ട് ദരിദ്രരുടെ പാദങ്ങൾ ഈ ദിവസം കഴുകിയിരുന്നു. പ്രൊട്ടസ്റ്റന്റ് മതനവീകരണ പ്രസ്ഥാനം നിലവിൽ വന്നതോടു കൂടി ഈ പതിവ് ഇംഗ്ലണ്ടിൽ അവസാനിച്ചു. എന്നാൽ പണ്ടത്തെ ഓർമയെ അനുസ്മരിക്കുന്നതിനു വേണ്ടി ലണ്ടനിലുള്ള ഒരു പ്രത്യേക ദേവാലയത്തിൽ പരിശുദ്ധ വ്യാഴാഴ്ച ദിനം ബ്രിട്ടിഷ് രാജകുടുംബക്കാർ സാധുക്കൾക്ക് പ്രത്യേകതരം ദാനങ്ങൾ നല്കുന്ന പതിവ് ഇന്നും ഉണ്ട്.
ഇതും കാണുക |
Portal di Ensiklopedia Dunia