തിരുവിതാംകൂറിലെ നികുതികൾ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പാരമ്യത്തിലെത്തിയ ഒട്ടനവധി കരങ്ങളും നികുതികളും തിരുവിതാംകൂർ രാജ്യത്ത് നിലവിലുണ്ടായിരുന്നു. പൊതുവേ ദുർബലമായ രീതിയിൽ രാജ്യം ഭരിച്ചിരുന്ന ബാലരാമവർമ്മയുടെ ഭരണകാലത്ത് അധികാരത്തിലുണ്ടായിരുന്ന ഉമ്മിണിത്തമ്പി എന്ന ദിവാന്റെ ദുർഭരണകാലത്ത് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം രാജ്യമാകെ വ്യാപിച്ചു. [1] ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, പുലയാട്ടുപെണ്ണ്, കാഴ്ച, ദത്തുകാഴ്ച, പൊന്നരിപ്പ്, അറ്റാലടക്ക്, ചേരിക്കൽ, അയ്മുല, മുമ്മുല, ചെങ്കൊമ്പ്, കൊമ്പ്, കുറവ്, വാലുതോലി, ആനപിടി, ഉടഞ്ഞ ഉരുക്കൾ, തലപ്പണം, മുലപ്പണം, മാർക്കപ്പണം, രക്ഷാഭോഗം, പേരാമ്പേര്, ചങ്ങാതം, തിരുമുൽക്കാഴ്ച, ആണ്ടക്കാഴ്ച, കെട്ടുതെങ്ങ്, പൊളിച്ചെഴുത്ത്, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാൽപ്പണം, മേട്ടുകാവൽ‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ചങ്ങാതം, മീശക്കാഴ്ച, മേനിപ്പൊന്ന്, തുടങ്ങിയവയായിരുന്നു കുപ്രസിദ്ധങ്ങളായിത്തീർന്ന ഈ കരങ്ങൾ. ക്രി.വ. 1811 -ൽ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ സ്വാധീനത്തോടെ അധികാരത്തിൽ വന്ന റാണി ഗൗരി ലക്ഷ്മീഭായിയുടെ കാലത്ത് റെസിഡന്റും ദിവാനുമായ കേണൽ മൺട്രോ ഇവയിൽ പല കരങ്ങളും, പ്രത്യേകിച്ച് പാവപ്പെട്ട ജനങ്ങളെ ബാധിക്കുന്നവ, റദ്ദാക്കി ഉത്തരവിട്ടു.[1]

നാടുവാഴികൾ മുതൽ ഏറ്റവും ദരിദ്രരും അധഃകൃതരുമായ പൗരന്മാർക്കുവരെ ജീവിതം ദുസ്സഹമാക്കുന്ന വിധത്തിൽ ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി പല വിധത്തിലുമുള്ള ധനാഗമമാർഗങ്ങൾ ഈ ഭരണകാലത്ത് ആവിഷ്കരിക്കപ്പെട്ടു. പല കരങ്ങളും രാജഭരണത്തിനെ നിയന്ത്രിക്കുകയോ വിധേയമാക്കുകയോ ചെയ്തിരുന്ന വെള്ളക്കാരുടെ പ്രേരണയാലാണ് ആദ്യം തുടങ്ങിവെച്ചിരുന്നത്. എന്നാൽ യുദ്ധം, കപ്പം, ചുങ്കം തുടങ്ങിയ രാജ്യസംബന്ധമായ സാമ്പത്തികപ്രതിസന്ധികളെ നേരിടാനുള്ള ഒരു എളുപ്പവഴി എന്ന നിലയിൽ പിൽക്കാലത്ത് ഇവ അമിതശക്തിയാർജ്ജിക്കുകയാണുണ്ടായത്.[1]

ഏഴയും കോഴയും

നാടുവാഴികളുടെ വസ്തുക്കളിൽ ബലം പ്രയോഗിച്ചു കയ്യേറ്റം നടത്തി രാജകൊട്ടാരം ഉദ്യോഗസ്ഥർ എടുക്കുന്ന ദ്രവ്യമായിരുന്നു ഏഴ. കാര്യസിദ്ധിക്കായി വരുന്ന ജനങ്ങളെ നിർബന്ധിച്ച് ഉദ്യോഗസ്ഥർ സ്വന്തം വകയിലേക്കു് പണം ഈടാക്കിയിരുന്ന അഴിമതിയായിരുന്നു കോഴ. ഇവയ്ക്കു രണ്ടും നിയമപരമായി സാധുതയുണ്ടായിരുന്നില്ല. എന്നാൽ ഭരണാധികാരികളുടെ അലസതയും അശ്രദ്ധയും മൂലം ഉദ്യോഗസ്ഥർ പരക്കെ ഏഴയും കോഴയും ചുമത്തിവന്നു.[1]

തപ്പും പിഴയും

അറിയാതെ ചെയ്തുപോയ അപരാധങ്ങൾക്ക് ശിക്ഷയായി അടക്കേണ്ട പണത്തിനെ തപ്പ് എന്നും അറിവോടുകൂടി ചെയ്ത ഗൗരവതരമായ കുറ്റങ്ങൾക്ക് ഒടുക്കേണ്ട പണത്തിനെ പിഴയെന്നും വിളിച്ചുവന്നു.[1]

പുരുഷാന്തരം

സ്ഥാനികൾ മരിക്കുമ്പോൾ പുതുതായി ആ സ്ഥാനം ഏറ്റെടുക്കുന്ന ആൾ സർക്കാരിലേക്ക് അടയ്ക്കേണ്ട തുകയായിരുന്നു പുരുഷാന്തരം. ഡച്ചുകാർ ആണു് ഈ രീതി തുടങ്ങിവെച്ചത്. മാർക്കക്കാരിൽ (മതം മാറി ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേരുന്നവർ) നിന്നടക്കം അവർ ഇങ്ങനെ പുരുഷാന്തരം പിരിച്ചിരുന്നു. പക്ഷേ കൊങ്ങിണികളിൽ നിന്നുമാത്രം പുരുഷാന്തരം ഈടാക്കാറുണ്ടായിരുന്നില്ല.[1]

പുലയാട്ടുപെണ്ണ്

അഗമ്യാഗമനംകൊണ്ടു ദൂഷിതരായ സ്ത്രീകളേയും പുരുഷന്മാരേയും വിലയ്ക്കുവിറ്റുകിട്ടുന്ന സംഖ്യയായിരുന്നു പുലയാട്ടുപെണ്ണ്. രാജാവിനു നേരിട്ടായിരുന്നു ഈ തുകയുടെ അവകാശം.[1]

കാഴ്ച

രാജകുടുംബത്തിൽ ഉണ്ടാവുന്ന മരണം, പടിയേറ്റം (സിംഹാസനാരോഹണം), പള്ളിക്കെട്ട് (വിവാഹം) തുടങ്ങിയ അവസരങ്ങളിൽ കുടിയാന്മാരും ഉദ്യോഗസ്ഥന്മാരും മറ്റും കാഴ്ചവയ്ക്കേണ്ട തുക. എന്നാൽ മാർക്കക്കാരെയും അഹിന്ദുക്കളേയും ഇതിൽനിന്നും ഒഴിവാക്കിയിരുന്നു.[1]

ദത്തുകാഴ്ച

ദത്തുവേളകളിൽ കടം ഒഴിച്ചുള്ള സ്വത്തുനീക്കിയിരിപ്പിന്റെ അഞ്ചിലൊന്ന് രാജാവിനുകൊടുക്കണമായിരുന്നു. ഇതാണ് ദത്തുകാഴ്ച.[1]

തിരുമുൽക്കാഴ്ച

രാജാവിനെ മുഖം കാണിക്കുമ്പോൾ പട്ടായിട്ടും പണമായിട്ടും കൊടുക്കേണ്ട ദ്രവ്യം[1]

ആണ്ടക്കാഴ്ച

മുക്കുവർ, ചോവന്മാർ, കണക്കർ മുതലായവർ തങ്ങൾക്കു തൊഴിൽ ചെയ്യാനും തൊഴിൽപരമായ സ്ഥാനങ്ങൾ നിലനിർത്താനും വേണ്ടി പ്രതിവർഷം അടയ്ക്കേണ്ടുന്ന കരം[1]

പൊന്നരിപ്പ്

നദികളിൽനിന്നും മറ്റും സ്വർണ്ണം അരിച്ചെടുത്താൽ അതിലൊരു ഭാഗം രാജാവിനു ചെല്ലണം[1]. (വളരെ കുറഞ്ഞ അളവിൽ മാത്രമാണു ലഭിക്കുന്നതെങ്കിലും, പുഴമണലിൽ സ്വർണ്ണത്തിന്റെ അംശം പതിവുണ്ട്. തക്കതായ അമ്ലലായനികളുപയോഗിച്ച് ഇവ വേർതിരിച്ചെടുക്കുന്നത് പലരും തൊഴിലാക്കിയിരുന്നു.

അറ്റാലടക്കം

അന്യം നിന്നുപോയ സ്വത്തു സർക്കാരിലേക്കു മുതൽകൂട്ടിയിരുന്നു. എന്നാൽ കൊങ്ങിണിമാരുടെ സ്വത്തുക്കളിൽ പകുതി സർക്കാരിലേക്കും പകുതി തിരുമല ക്ഷേത്രത്തിലേക്കുമാണ് ചെന്നുചേർന്നിരുന്നത്.[1]

ചേരിക്കൽ

കോവിലകത്തെ സ്വകാര്യചെലവുകൾ നടത്താൻ വേണ്ടി ആദായമെടുക്കുന്ന ഭൂമികളായിരുന്നു ചേരിക്കൽ എന്നറിയപ്പെട്ടിരുന്നത്.

അയ്മുല, മുമ്മുല

അസാധാരണമായ ശരീരപ്രകൃതികളോ വൈകല്യങ്ങളോ ഉള്ള കന്നുകാലികളെ സർക്കാരിലേക്കു കണ്ടുകെട്ടി ഏറ്റെടുത്തിരുന്നു. ഇവയാണ് അയ്മുല, മുമ്മുല തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്നത്.

ചെങ്കൊമ്പ്

മനുഷ്യനെ കുത്തിക്കൊന്ന കന്നുകാലികൾ. ഇവയേയും സർക്കാർ കണ്ടുകെട്ടി തടവിലാക്കി സൂക്ഷിക്കുക പതിവായിരുന്നു.

ആനപിടി

കാട്ടിൽനിന്നു പിടിയിലാവുന്ന ആനകൾ

കിണറ്റിൽപന്നി

കുഴികളിലും മറ്റും വീണുപെടുന്ന പന്നികളും മറ്റു വന്യമൃഗങ്ങളും

കൊമ്പും കുറവും

തുലാപ്പത്തു കഴിയുമ്പോൾ നായന്മാർ നായാട്ടിനുപോയി വേട്ടയാടി കൊണ്ടുവരുന്ന മൃഗങ്ങൾ, തേൻ തുടങ്ങിയ വന്യവിഭവങ്ങളുടെ ഒരു ഭാഗം കൊട്ടാരത്തിലെ രാജഭോഗമായി കൊടുക്കണമായിരുന്നു.

തലപ്പണം

വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഓരോ പ്രജയും കൊട്ടാരത്തിലേയ്ക്ക് അടക്കേണ്ട തലവരിപ്പണമായിരുന്നു തലപ്പണം അഥവാ തലക്കരം. കുട്ടികൾ ജനിച്ചാൽ അമ്മമാർ തമ്പുരാന് ഈ കാഴ്ച കൊടുത്തുവന്നു. ഇതുകൂടാതെ, കൊട്ടാരത്തിലെ ബന്ധുക്കളോ അടിയാന്മാരോ കുടിയാന്മാരോ മാർക്കത്തിൽ ചേർന്നാലും (മാർഗ്ഗം മാറി ക്രിസ്തുമതത്തിൽ ചേരുക) ഇതുപോലെ തലവരിപ്പണം നൽകണമായിരുന്നു.

രക്ഷാഭോഗം

എല്ലാവരും ശത്രുക്കളിൽനിന്നുമുള്ള തങ്ങളുടെ ദേഹസുരക്ഷയ്ക്കു വേണ്ടിയെന്ന പേരിൽ അടക്കേണ്ട കരം.

പേരാമ്പേര്

കോടതിവ്യവഹാരങ്ങൾക്കും വിധിനടത്തിപ്പിനും അടയ്ക്കേണ്ട കോടതിഫീസ്.

ചങ്ങാതം

രക്ഷയ്ക്കായി പ്രത്യേകം കാവൽസംഘത്തെ കൂടെ അയച്ചുകൊടുക്കുന്നതിനുള്ള കരം.

കെട്ടുതെങ്ങ്

മാടമ്പിമാർ കൊടുക്കേണ്ട തുക.

പൊളിച്ചെഴുത്ത്

സർക്കാർ വക (പണ്ടാരവക) സ്ഥലങ്ങളിൽ ചിലത് സിംഹാസനാരോഹണം, പള്ളിക്കെട്ട് തുടങ്ങിയ ആഘോഷാവസരങ്ങളിൽ സാധാരണക്കാർക്ക് വിട്ടുകൊടുക്കുന്നതു പതിവായിരുന്നു. ഇവയുടെ അവകാശപത്രത്തിനും അളന്നെടുക്കാനുമുള്ള ചെലവ്, രാജാവിനുള്ള ദക്ഷിണയും സൗജന്യവും തുടങ്ങിയവ പൊളിച്ചെഴുത്ത് എന്ന്പേരിൽ അറിയപ്പെട്ടു.

ഇവയിൽ തികച്ചും അന്യായവും ജനദ്രോഹകരവുമായി കരുതാവുന്ന പല നികുതികളും 1815-ഓടുകൂടി കേണൽ മൺറോ നിർത്തലാക്കി. കൂടാതെ, ഹിന്ദുക്ഷേത്രങ്ങൾക്കുവേണ്ടി ക്രിസ്ത്യാനികൾ അടക്കേണ്ടിയിരുന്ന ഊഴിയം നിർത്തലാക്കിയതും എല്ലാ സമുദായക്കാരും സ്വർണ്ണാഭരണങ്ങൾ ധരിച്ചുകൂടാ എന്ന എന്ന നിയമം റദ്ദാക്കിയതും മണ്ട്രോയുടെ നേരിട്ടോ പരോക്ഷമായോ ഉള്ള സ്വാധീനം കൊണ്ടായിരുന്നു.

പാട്ടങ്ങളും ഭൂനികുതിയും

ഉത്രം തിരുനാൾ രാജാവിന്റെ കാലംവരെ തിരുവിതാംകൂറിൽ ഭൂനികുതി ഒരു കരം എന്ന നിലയിൽ ഉണ്ടായിരുന്നില്ല. അതിനുപകരം, ഭൂമിയുടെ എല്ലാ അവകാശങ്ങളും രാജാവിൽതന്നെ നിക്ഷിപ്തമായിരുന്നു. പകരം ഭൂമിസംബന്ധമായ എല്ലാ ഇടപാടുകൾക്കും അവയിൽനിന്നു ലഭിക്കുന്ന ആദായങ്ങൾക്കും പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന വിവിധതരം പാട്ടങ്ങൾ നിലവിലുണ്ടായിരുന്നു. വെൺപാട്ടം (പണ്ടാരവക -ശ്രീഭണ്ഡാരം വക: ശ്രീപത്മനാഭക്ഷേത്രത്തിലെ ഭണ്ഡാരം വകയാണ് തിരുവിതാംകൂറിലെ സ്വത്തുക്കളപ്പാടെയും എന്ന സങ്കൽപ്പത്തിൽ- ഭൂമിയിന്മേൽ സർക്കാരിലേക്ക് വർഷംതോറും അടയ്ക്കേണ്ട പാട്ടം), വെട്ടഴിവുപാട്ടം (കാർഷികാദായങ്ങളിൽനിന്നുമുള്ള പാട്ടം; തരിശുഭൂമികളിൽ കൃഷിചെയ്യുന്നതിന്റെ ചെലവുപലിശയൊഴിച്ചുള്ളത്), മാരായപാട്ടം, മാറാപ്പാട്ടം, ഉഴവുപാട്ടം എന്നിവയായിരുന്നു ഇത്തരം പാട്ടങ്ങൾ.[1]

കൊല്ലം 1040 ഇടവം 21-ആം തീയതി (1865) ദിവാൻ ടി. മാധവരായർ പ്രസിദ്ധപ്പെടുത്തിയ ചരിത്രപ്രധാനമായ ഒരു വിളംബരത്തിലൂടെ ഈ അവസ്ഥ മാറി. ഭൂസ്വത്തുക്കൾ അന്നേവരെ ഉപയോഗിച്ചുവന്ന ആളുകൾക്കുതന്നെ സ്വന്തം നിലയിൽ കൈമാറ്റം ചെയ്യുന്നതിനോ ജാമ്യം, പണയം, കുടിശ്ശിക തീർക്കൽ എന്നിവയ്ക്ക് ഉപയോഗിക്കാനോ അവകാശം ലഭിച്ചു. ആവശ്യമെങ്കിൽ, റോഡ്, തോട്, ആറ്, കൊട്ടാരം, സർക്കാർ ആഫീസുകൾ തുടങ്ങി പബ്ലിക്ക് ആവശ്യങ്ങൾക്കു മാത്രം അത്തരം ഭൂമികൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. എങ്കിൽപ്പോലും അത്തരം സന്ദർഭങ്ങളിൽ കെട്ടിടങ്ങൾ തുടങ്ങിയവയ്ക്കടക്കം ന്യായവും കമ്പോളനിരക്കിനുചേർന്നതുമായ വില സർക്കാർ ഉടമസ്ഥനു നൽകുകയും ചെയ്യും.[1]

ഇപ്രകാരം വ്യവസ്ഥ മാറുന്നതിനുള്ള ചെലവുകൾ നേരിടാൻ വേണ്ടി പുതിയ ആധാരം എഴുതിവാങ്ങിക്കുന്നവരെല്ലാം ഒരിക്കൽ മാത്രം ഭൂമിവിലയുടെ നൂറ്റുക്കു രണ്ടുവീതം രെജിസ്റ്റ്രേഷൻ ഫീസും കൂടാതെ, പ്രതിവർഷം സർക്കാർ നിശ്ചയിക്കുന്ന കരവും ഒടുക്കേണ്ടതാണെന്നും പ്രസ്തുത വിളംബരം നിബന്ധന ചെയ്തു.[1]

തിരുവിതാംകൂറിലെ ഭൂപരിഷ്കരണചരിത്രത്തിലെ ഏറ്റവും വ്യക്തമായ ആദ്യചുവടുവെപ്പായിരുന്നു ഈ പരിഷ്കരണം എന്നു പറയാം. അക്കാലംവരെ, തന്റേതല്ലാത്തതും യാതൊരുവിധത്തിലുള്ള നിക്ഷേപസുരക്ഷിതത്വവുമില്ലാത്തതുമായ ഒരു സ്വത്ത് എന്ന നിലയിൽ പൊതുവേ ജനങ്ങൾക്ക് സ്ഥിരതയും വിലയേറിയതുമായ കെട്ടിടങ്ങൾ പണിയുന്നതിനോ ഏറെ സമയം വേണ്ടിവരുന്ന തരം കൃഷികൾ ചെയ്യുന്നതിനോ ഭൂമി തന്നെ പുഷ്ടിപ്പെടുത്തുന്നതിനോ താൽപ്പര്യമുണ്ടായിരുന്നില്ല. തങ്ങളുടെ അദ്ധ്വാനഫലം സുരക്ഷിതമായി തിരിച്ചെടുക്കാം എന്ന സാഹചര്യം വന്നതോടെ ഈ അവസ്ഥ മാറി.[1]

ഇതും കാണുക

അവലംബം

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 ആർ., നാരായണപണിക്കർ (1933). "10-12". തിരുവിതാംകൂർ ചരിത്രം. p. 625. {{cite book}}: |access-date= requires |url= (help); More than one of |author= and |last= specified (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya