തുങ്കു അബ്ദുൽ റഹ്മാൻ
മലേഷ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു തുങ്കു അബ്ദുൽ റഹ്മാൻ (ഇംഗ്ലീഷ്: Tunku Abdul Rahman Putra Al-Haj ibni Almarhum Sultan Abdul Hamid Halim Shah). 1903 ഫെബ്രുവരി 8-ന് കെഡാസുൽത്താനായ അബ്ദുൽ ഹമീദ് ഹലീംഷായുടെ ഏഴാമത്തെ പുത്രനായി ജനിച്ചു. തുങ്കു (രാജകുമാരൻ) എന്നത് ഇദ്ദേഹത്തിന്റെ സ്ഥാന പേരാണ്. ഇദ്ദേഹത്തിന്റെ മാതാവ് തായ്‌ലണ്ടുകാരി ആയിരുന്നു. മലയായിലും ഇംഗ്ലണ്ടിലും (1919-25) വിദ്യാഭ്യാസം നടത്തിയതിനു ശേഷം 1931-ൽ കെഡാ സിവിൽ സർവീസിൽ ഉദ്യോഗം സ്വീകരിച്ചു. ജപ്പാൻ കൈയേറ്റ കാലത്ത് (1941-45) അബ്ദുൽ റഹ്മാൻ കെഡായിൽ തന്നെ കഴിഞ്ഞു കൂടി. 1947-ൽ ഇദ്ദേഹം വീണ്ടും ഇംഗ്ലണ്ടിൽ പോയി നിയമ പഠനം തുടരുകയും 1949-ൽ ബാരിസ്റ്റർ പരീക്ഷ പാസ്സാവുകയും ചെയ്തു. തുടർന്ന് കെഡാസ്റ്റേറ്റിൽ ഡെപ്യൂട്ടി പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിതനായ അബ്ദുൽ റഹ്മാൻ രണ്ടു കൊല്ലത്തിനുശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടാൻ വേണ്ടി ജോലി രാജിവച്ചു. യുണൈറ്റഡ് മലേയ് നാഷണൽ ഓർഗനൈസേഷൻ (UMNO) രൂപവത്കരണത്തിലും പ്രവർത്തനത്തിലും ഇദ്ദേഹം പ്രധാനമായ പങ്കു വഹിച്ചു. 1952-ൽ ആ സംഘടനയുടെ പ്രസിഡന്റായും മലയൻ ഫെഡറൽ ഭരണ നിർവഹണ സമിതിയിലും നിയമ സഭയിലും അംഗമായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മലയൻ ഫെഡറേഷന്റെ പ്രധാനമന്ത്രി1955-ൽ അബ്ദുൽ റഹ്മാൻ മലയൻ ഫെഡറേഷന്റെ പ്രധാനമന്ത്രിയായി. മലയയുടെ സ്വാതന്ത്ര്യ സമ്പാദനത്തിന് മലയൻ പാർട്ടികളുടെ ഏകീകരണം അത്യാവശ്യമാണെന്നു ബോധ്യംവന്ന ഇദ്ദേഹം സ്വന്തം പാർട്ടിക്കാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, 1961 - ൽ മലയൻ ചൈനീസ് അസോസിയേഷനുമായും 1955 - ൽ മലയൻ ഇന്ത്യൻ കോൺഗ്രസ്സുമായും യോജിപ്പുണ്ടാക്കി. അക്കൊല്ലം നടന്ന പൊതു തെരഞ്ഞെടുപ്പിൽ അലയൻസ് പാർട്ടി വിജയം കരസ്ഥമാക്കി. അബ്ദുൽ റഹ്മാൻ വീണ്ടും പ്രധാനമന്ത്രിയായി. 1956-ൽ അലയൻസ് പാർട്ടി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബ്രിട്ടിഷ് ഗവൺമെന്റുമായി മലയൻ സ്വാതന്ത്ര്യത്തിനുവേണ്ടി കൂടിയാലോചന നടത്തി. മലയയ്ക്കു ഉടൻ തന്നെ സ്വയംഭരണം നൽകാനും 1957 ആഗസ്റ്റിൽ പൂർണ സ്വാതന്ത്ര്യമനുവദിക്കാനും ബ്രിട്ടിഷ് ഗവൺമെന്റ് സമ്മതിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിന്റെയും സംഘടനാ പാടവത്തിന്റെയും ഫലമായിട്ടാണ് മലയ സ്വതന്ത്രമായത്. 1957 ആഗസ്റ്റ് 31-ന് മലയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ അബ്ദുൽ റഹ്മാൻ സ്വതന്ത്ര മലയയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. വിവിധ വർഗക്കാർ അധിവസിക്കുന്ന മലയയുടെ സ്വാതന്ത്ര്യം ഇത്രവേഗം കൈവന്നതും, സ്വതന്ത്ര മലയയ്ക്ക് പൊതുവിൽ സ്വീകാര്യമായ ഒരു ഭരണ ഘടന നിർമ്മിക്കാൻ സാധിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വവും വ്യക്തി മഹത്ത്വവും മൂലമാണ്. എല്ലാം തികഞ്ഞ നയതന്ത്രജ്ഞൻ1959 ആഗസ്റ്റ് 9-ലെ തെരഞ്ഞെടുപ്പുകളെ തുടർന്നു അബ്ദുൽ റഹ്മാൻ രണ്ടാം പ്രാവശ്യവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിദേശ സർവകലാശാലകൾ ഡോക്ടറേറ്റ് ബിരുദങ്ങൾ നൽകി ഇദ്ദേഹത്തെ ബഹുമാനിച്ചു. 1963 സെപ്റ്റംബറിൽ മലേഷ്യൻ ഫെഡറേഷൻ നിലവിൽ വന്നപ്പോൾ അതിന്റെ പ്രധാനമന്ത്രി ആയതും അബ്ദുൽ റഹ്മാൻ തന്നെയായിരുന്നു. 1964 ഏപ്രിലിലെ പാർലമെന്ററി തെരഞ്ഞെടുപ്പിലും വിജയിച്ച് മൂന്നാം പ്രാവശ്യവും ഇദ്ദേഹം പ്രധാനമന്ത്രിയായി. 1965 ആഗസ്റ്റിൽ സിംഗപ്പൂർ മലേഷ്യയിൽനിന്നു വിട്ടു പോകുന്ന അവസരത്തിൽ അബ്ദുൽ റഹ്മാൻ കാണിച്ച നയതന്ത്രജ്ഞതയുടെ ഫലമായി സിംഗപ്പൂർ ഇന്നും മലേഷ്യയുമായി ഉറ്റ ബന്ധത്തിൽ കഴിയുന്നു. 1966-ൽ ഇന്തോനേഷ്യയുമായി രക്തരൂഷിതമായൊരു സമരം ഉണ്ടാവുന്നത് ഒഴിവാക്കാനും അബ്ദുൽ റഹ്മാൻ മുൻകൈയെടുത്തു. 1969-ൽ നാലാം പ്രാവശ്യവും ഇദ്ദേഹം മലേഷ്യൻ പ്രധാനമന്ത്രിയായി; 1970 സെപ്റ്റംബറിൽ തത്സ്ഥാനം രാജിവച്ചു. രാജ്യകാര്യങ്ങൾക്കു പുറമേ, സ്പോർട്സിൽ ഇദ്ദേഹം അതീവതത്പരനായിരുന്നു. മലായ് ഭാഷയിൽ സ്മരണീയനായ ഒരെഴുത്തുകാരനുമാണ് ഇദ്ദേഹം. മലയയെപ്പറ്റി അബ്ദുൽ റഹ്മാനെഴുതിയ മഹ്സൂരി എന്ന നാടകം പ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ രാജാ ബെർസിങ് എന്ന നാടകം ചലച്ചിത്രമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന് മാഗ്സെസെ അവാർഡ് (1970) ലഭിച്ചിരുന്നു. 1990 ഡിസംബർ 6-ന് അബ്ദുൽ റഹ്മാൻ തുങ്കു അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia