തുല്യാവകാശ ഭേദഗതിലിംഗ നിരപേക്ഷമായി എല്ലാ പൗരർക്കും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും വിവാഹ മോചനം, സ്വത്തവകാശം, തൊഴിൽ എന്നിവയിലും മറ്റു കാര്യങ്ങളിലും നിലനിൽക്കുന്ന നിയമപരമായ വിവേചനം അവസാനിപ്പിക്കാനും, അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടനയിൽ നിർദ്ദേശിക്കപ്പെട്ട ഒരു ഭേദഗതിയാണ് തുല്യാവകാശ ഭേദഗതി (Equal Rights Amendment-ERA).[1] ആലീസ് പോൾ, ക്രിസ്റ്റൽ ഈസ്റ്റ്മാൻ എന്നിവരാണ് ഇത് എഴുതിയുണ്ടാക്കിയത്. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രേരണയായി ഈ ഭേദഗതി കോൺഗ്രസ്സിൽ ആദ്യം അവതരിപ്പിക്കപ്പെട്ടത് 1921ൽ ആയിരുന്നു. ആദ്യകാലങ്ങളിൽ മദ്ധ്യവർഗ്ഗത്തിലുള്ള സ്ത്രീകൾ പൊതുവിൽ തുല്യാവകാശ ഭേദഗതിയെ അനുകൂലിച്ചപ്പോൾ തൊഴിലാളി സ്ത്രീകൾക്ക് തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ സമയം എന്നിവയിൽ പ്രത്യേക സംരക്ഷണങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് തൊഴിലാളി വർഗത്തിനു വേണ്ടി വാദിക്കുന്നവർ ഇതിനെ എതിർത്തു. 1960ൽ അമേരിക്കയിലെ സ്ത്രീ പ്രസ്ഥാനങ്ങളുടെ വളർച്ചയോടെ തുല്യാവകാശ ഭേദഗതി പിന്തുണയാർജിച്ചു തുടങ്ങി. 1971ൽ കോൺഗ്രസ് പ്രതിനിധിയായ മാർത്താ ഗ്രിഫിൻസ് അവതരിപ്പിച്ചപ്പോൾ 1972ൽ കോൺഗ്രസ്സിന്റെ ഇരു സഭകളും പാസാക്കുകയും സംസ്ഥാനങ്ങളുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. അംഗീകാരത്തിനായി 1979 മാർച്ച് 22 എന്ന സമയനിബന്ധന വെച്ചിരുന്നെങ്കിലും 1977ൽ ആവശ്യമായ 38 സംസ്ഥാനങ്ങളുടെ അംഗീകാരത്തിൽ 35 സംസ്ഥനങ്ങളുടെ അംഗീകാരം ലഭിച്ചു. [2] ഇരുകക്ഷികളുടെയും വ്യാപകമായ പിന്തുണ(രണ്ട് പ്രധാന പാർട്ടികൾ, കോൺഗ്രസ്സിന്റെ രണ്ട് സഭകൾ, ഫോർഡ്, കാർട്ടർ എന്നീ പ്രസിഡന്റുമാർ) ഉള്ളതുകൊണ്ട് തന്നെ കൺസർവേറ്റീവ് പാർട്ടിയിലെ സ്ത്രീകൾ ഫില്ലിസ് ഷ്ലാഫ്ലിയുടെ നേതൃത്വത്തിൽ ഈ ഭേദഗതി വീട്ടമ്മമാരെ പ്രതികൂലമായി ബാധിക്കുകയും അവർ പട്ടാളത്തിലേക്ക് ചേർക്കപ്പെടുകയും ചെയ്യും എന്ന വാദവുമായി എതിർപ്പ് ഉയർത്തുന്നത് വരെ ആവശ്യമായ പിന്തുണയോടെ തുല്യാവകാശ ഭേദഗതി അംഗീകരിക്കപ്പെടും എന്നാണ് തോന്നിച്ചത്.[3] അംഗീകാരം കൊടുത്ത നാലു സംസ്ഥാനങ്ങൾ 1979ലെ അവസാന തീയതിക്ക് മുൻപ് അംഗീകാരം പിൻവലിക്കുകയും ഉണ്ടായി. അംഗീകാരം പിൻവലിക്കുന്നതിന് മുൻകാല ഉദാഹരണങ്ങളോ ഭരണഘടനാ രീതിയോ ഇല്ലാതിരുന്നതിനാൽ ഇത് നിയമപ്രശ്നമായി മാറി. അംഗീകാരത്തിനുള്ള തീയതി 1982 ജൂൺ 30 വരെ നീട്ടിക്കൊണ്ട് 1978ൽ കോൺഗ്രസ്സിന്റെ സംയുക്ത തീരുമാനം ഉണ്ടായെങ്കിലും പിന്നീട് പുതിയതായി ഒരു സംസ്ഥാനവും ഭേദഗതിക്ക് അംഗീകാരം കൊടുക്കുകയുണ്ടായില്ല.[4] 2017 മാർച്ച് 22ന് കോൺഗ്രസ്സ് സംസ്ഥാനങ്ങൾക്ക് ഭേദഗതി സമർപ്പിച്ചതിന്റെ 45ആമത് വാർഷികത്തിന്റെ അവസരത്തിൽ നെവാദ ഭരണകൂടം ഭേദഗതിക്ക് അംഗീകാരം കൊടുത്തു.[5] പാഠം
പശ്ചാത്തലം![]() സപ്തംബർ 25, 1921ൽ ദേശീയ വനിതാ പാർട്ടി (National Woman's Party) അമേരിക്കൻ ഭരണഘടനയിൽ സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഒരു ഭേദഗതിക്കായി പ്രചരണം നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഭേദഗതിയുടെ ഉള്ളടക്കം:
പത്തൊൻപതാം ഭേദഗതി(സ്ത്രീകൾക്ക് വോട്ടവകാശം നിഷേധിക്കുന്നത് തടയുന്ന ഭേദഗതി) ലിംഗനിരപേക്ഷമായി സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന കിട്ടുന്നതിന് പര്യാപതമല്ല എന്ന അഭിപ്രായക്കാരിയായിരുന്നു ദേശീയ വനിതാ പാർട്ടിയുടെ അദ്ധ്യക്ഷയായ അലീസ് പോൾ.1923ൽ അവർ താഴെപ്പറയുന്ന രീതിയിൽ ഭേദഗതി തിരുത്തിയെഴുതി:
സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുകയും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ആദ്യ കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്ത അടിമത്ത വിരുദ്ധ പോരാളി ലുക്രീഷ്യ മോട്ടിന്റെ പേരാണ് പോൾ ഈ പതിപ്പിന് കൊടുത്തത്.[11] പതിനഞ്ചാം ഭേദഗതിയുടെയും(വോട്ടവകാശത്തിൽ വംശീയ വിവേചനം അവസാനിപ്പിക്കുന്നത്) പത്തൊൻപതാം ഭേദഗതിയുടെയും പദപ്രയോഗങ്ങൾക്ക് സമാനമായ രീതിയിൽ 1943ൽ വീണ്ടും നവീകരിച്ചു. ഈ പാഠം പിന്നീട് 1972ൽ കോൺഗ്രസ്സ് പാസാക്കിയ പതിപ്പിന്റെ ഒന്നാം ഭാഗമായി മാറി.[12] തുല്യാവകാശ ഭേദഗതിയുടെ എതിരാളികൾ 1940 കളിൽ 'ശാരീരിക ഘടനയുടെയും ജീവശാസ്ത്ര പരമായ വ്യത്യാസങ്ങളുടെയും സാമൂഹ്യ ഉത്തരവാദിത്തങ്ങളുടെയും അടിസ്ഥാനത്തിൽ ന്യായീകരിക്കാവുന്ന വിവേചനങ്ങളല്ലാതെ മറ്റൊരു ഭേദഭാവവും ലിംഗാടിസ്ഥാനത്തിൽ കാണിക്കരുതെന്ന്" പറയുന്ന മറ്റൊരു ഭേദഗതി നിർദ്ദേശിച്ചു. ഇത് തുല്യാവകാശഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വളരെപ്പെട്ടെന്ന് തന്നെ തള്ളിക്കളഞ്ഞു.[13] സ്ത്രീ സമത്വവാദികൾക്കിടയിലെ ഭിന്നിപ്പ്സ്ത്രീസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്തയെക്കുറിച്ച് സ്ത്രീ സമത്വവാദികൾക്കിടയിൽ തുല്യാവകാശ ഭേദഗതി മുൻനിർത്തി 1920കൾ മുതൽ നിശിതമായ ചർച്ചകൾ നടന്നുവന്നു. ഫെമിനിസ്റ്റുകൾക്കെതിരെ ഫെമിനിസ്റ്റുകൾ എന്നതായിരുന്നു അവസ്ഥ എന്ന് ചരിത്രകാരിയായ ജൂഡിത്ത് സീലാൻഡർ പറഞ്ഞു.[14] കുറഞ്ഞ തൊഴിൽ സമയം, രാത്രി ജോലിയിൽ നിന്നും ഭാരമേറിയ ജോലിയിൽ നിന്നും ഒഴിവ് തുടങ്ങിയ ചില സംരക്ഷണ നിയമങ്ങളുടെ സൗകര്യങ്ങൾ ഒഴിവാക്കിക്കൊണ്ടും സമ്പൂർണമായ തുല്യാവകാശത്തിനു വേണ്ടി വാദിക്കണം എന്ന് പറയുന്നവരുടെ മുൻനിരയിൽ ആലീസ് പോളും അവരുടെ ദേശീയ വനിതാ പാർട്ടിയും ആയിരുന്നു.[15] എന്നാൽ തുല്യതയിൽ ഉണ്ടായേക്കാവുന്ന നേട്ടം സ്ത്രീകൾക്കുള്ള നിയമപരമായ സൗകര്യങ്ങൾ നഷ്ടപ്പെടുത്തുന്നതിനു മാത്രം വിലയുള്ളതല്ല എന്നായിരുന്നു എതിരാളികളായ വുമൺസ് ജോയിന്റെ കോൺഗ്രഷണൽ കമ്മിറ്റി പോലുള്ള സംഘടനകളുടെ വാദം. മദ്ധ്യവർഗ വിഭാഗങ്ങൾ തുല്യാവകാശ ഭേദഗതിയെ പിന്തുണച്ചപ്പോൾ തൊഴിലാളി വിഭാഗം അതിനെ എതിർത്തു.[16] ഡോറിസ് സ്റ്റീവൻസും ആലീസ് ഹാമിൽറ്റണും തമ്മിൽ ഈ രണ്ട് കാഴ്ചപ്പാടുകളെ സംബന്ധിച്ച് ഒരു സംവാദം ദ ഫോറം നടത്തുകയുണ്ടായി.[17] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വളർന്നു വരുന്ന സ്ത്രീ സമത്വ പ്രസ്ഥാനത്തിൽ ലിംഗനീതിയെ സംബന്ധിച്ച രണ്ട് സമീപനങ്ങൾ തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ഈ സംവാദത്തിൽ പ്രതിഫലിച്ചിരുന്നു. ഒരു സമീപനം സ്ത്രീ പുരുഷന്മാർക്കിടയിലെ സാമ്യതകൾ ചൂണ്ടിക്കാട്ടി സ്ത്രീയുടെ മാനവികതയുടെ അടിസ്ഥാനത്തിൽ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചു. മറ്റേ സമീപനം സ്ത്രീകളുടെ അനന്യമായ അനുഭവങ്ങൾ ഊന്നിപ്പറയുകയും അവ പുരുഷന്മാരുടേതിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നും അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കപ്പെടണമെന്നും വാദിച്ചു.[18] 1923 മുതൽ തൊഴിലാളി സ്ത്രീകൾക്ക് വേണ്ടി തുല്യാവകാശ നിയമത്തിനെതിരായ പോരാട്ടം നയിച്ചത് മേരി ആൻഡേഴ്സണും വുമൺസ് ബ്യൂറോയുമാണ്. മിനിമം വേതനം, സുരക്ഷാ നിബന്ധനകൾ, ദിവസേനയും ആഴ്ചതോറും ഉള്ള തൊഴിൽ മണിക്കൂറുകളിൽ നിയന്ത്രണം, ഉച്ചഭക്ഷണ സമയം, മാതൃത്വ നിബന്ധനകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു നിയമ നിർമ്മാണമായിരിക്കും ആത്മസംതൃപ്തിക്ക് വേണ്ടിയല്ലാതെ സാമ്പത്തിക ആവശ്യം മുൻ നിർത്തി തൊഴിലിൽ ഏർപ്പെടുന്ന ഭൂരിഭാഗം സ്ത്രീകൾക്ക് ഉപകാരപ്രദം എന്ന് ഇവർ വാദിച്ചു.[19] തൊഴിലാളി സ്ത്രീകളും വിദഗ്ദ്ധ തൊഴിലാളികളായ സ്ത്രീകളും തമ്മിലുള്ള സംഘർഷങ്ങളും ഈ സംവാദം പുറത്തുകൊണ്ടു വന്നു. സ്ത്രീ തൊഴിലാളികളുടെ സംരക്ഷണം എന്ന പ്രഭാഷണത്തിൽ ആലീസ് ഹാമിൽടൺ പറഞ്ഞത് തുല്യാവകാശ ഭേദഗതി തൊഴിലാളി സ്ത്രീകൾ നേടിയെടുത്തിട്ടുള്ള പരിമിതമായ പരിരക്ഷകൾപോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ഭാവിയിൽ മെച്ചപ്പെട്ട അവസ്ഥ നേടിയെടുക്കാനും നിലവിൽ ആവശ്യമായ സുരക്ഷാവ്യവസ്ഥകൾ കയ്യാളാനും ശേഷിയില്ലാത്തവരാക്കുകയും ചെയ്യുമെന്നാണ്.[20] 'വിസ്കോൺസിൻ തുല്യാവകാശ നിയമം' പാസാക്കുന്നതിലൂടെ 1921ൽ ദേശീയ വനിതാ പാർട്ടി വിസ്കോൺസിനിൽ അവരുടെ നിലപാടുകൾ തെളിയിച്ചു.[21][22] ഇതിനുശേഷം പിന്നീട് വൈസ് പ്രസിഡൻ്റ് ആയ സെനറ്റർ ചാൾസ് കർട്ടിസ് 1921 ഒക്ടോബറിൽ തുല്യാവകാശ നിയമം ആദ്യമായി കോൺഗ്രസ്സിൽ അവതരിപ്പിച്ചു.1921 നും 1972നും ഇടയിൽ നടന്ന എല്ലാ കോൺഗ്രസ്സ് സമ്മേളനങ്ങളിലും തുല്യാവകാശ നിയമം അവതരിപ്പിക്കപ്പെട്ടിരുന്നു എങ്കിലും കമ്മറ്റിയിൽ തന്നെ തടയപ്പെടാറുള്ളത് കൊണ്ട് ഒരിക്കലും സെനറ്റിലോ പ്രതിനിധി സഭയിലോ വോട്ടെടുപ്പിനായി പരിഗണിക്കപ്പെട്ടില്ല. 1946ൽ മാത്രം സെനറ്റിൽ 38നെതിരെ 35 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഹൈഡൻ റൈഡറും തൊഴിൽ രക്ഷാ നിയമവുംഅരിസോണയിൽ നിന്നുള്ള സെനറ്റർ കാൾ ഹൈഡൻ അവതരിപ്പിച്ച് 'ഹൈഡൻ റൈഡർ' എന്ന ഒരു നിബന്ധനയോടു കൂടി 1950ലും 1953ലും സെനറ്റ് തുല്യാവകാശ നിയമം അംഗീകരിച്ചു. 'നിയമം സ്ത്രീകൾക്ക് നൽകിയിട്ടുള്ളതും ഇനി നൽകാൻ സാദ്ധ്യതയുള്ളതുമായ അവകാശങ്ങളും, സൗകര്യങ്ങളും ഈ വകുപ്പ് നടപ്പിലാകുമ്പോൾ നിഷേധിക്കപ്പെടരുത്' എന്നതായിരുന്നു നിബന്ധന. നിലവിലുള്ളതും ഭാവിയിൽ ലഭിക്കാനിടയുള്ളതുമായ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനാൽ തുല്യാവകാശനിയമം എതിരാളികൾക്ക് കൂടുതൽ സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ഹൈഡൻ റൈഡർ എതിരാളികൾക്ക് തുല്യാവകാശനിയമത്തോട് താല്പര്യം തോന്നാൻ കാരണമായെങ്കിലും ഈ നിയമത്തെ ആദ്യം മുതലേ പിന്തുണച്ചിരുന്നവർക്ക് ഈ നിബന്ധന ഭേദഗതിയുടെ അന്തസ്സത്ത ചോർത്തിക്കളയുന്നതായി തോന്നി. ഇതു കാരണം ഭേദഗതി പാസാക്കാൻ കഴിഞ്ഞില്ല.[23][24][25]
ഇതു കൂടി കാണുക
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia