തൃശ്ശൂരിന്റെ ചരിത്രം
തൃശ്ശൂർ ജില്ലയ്ക്കു പൊതുവായതും അതേ പേരിലുള്ള ജില്ലാതലസ്ഥാനത്തിന്റെ പ്രത്യേകമായുമുള്ള ചരിത്രസംബന്ധമായ വസ്തുതകളിലേക്കും അതിന്റെ ഗവേഷണ-നിഗമനപ്രവൃത്തികൾക്കുതകുന്ന ചരിത്രസാമഗ്രികളെക്കുറിച്ചും പ്രതിപാദിക്കുന്നതാണു് ഈ ലേഖനത്തിന്റെ വിഷയം. ഭരണസൗകര്യത്തിനായി കേരളത്തെ പതിനാലുജില്ലകളായി വിഭജിച്ചിരിക്കുന്നതിൽ ഒന്നാണു് തൃശ്ശൂർ ജില്ല. 1949 ജൂലൈ 1 നാണു് ഔദ്യോഗികമായി അന്നത്തെ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ഈ ജില്ല നിലവിൽ വന്നതു്. ഒട്ടനവധി വിദ്യാഭ്യാസസ്ഥാപനങ്ങളും സാഹിത്യം, നാടകം, സുകുമാരകലകൾ, ചലച്ചിത്രം തുടങ്ങിയ സർഗ്ഗമണ്ഡലങ്ങളിൽ വ്യാപരിക്കുന്ന അക്കാദമികളും സമ്പന്നമായ ഒരു പ്രസാധനചരിത്രവും സ്വായത്തമായ ജില്ലാതലസ്ഥാനം (തൃശ്ശൂർ നഗരം) കേരളത്തിൽന്റെ സാംസ്കാരികതലസ്ഥാനം എന്നു കൂടി അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും വർണ്ണശബളിമയും ജനസംഗമസാന്നിദ്ധ്യവും അവകാശപ്പെടാവുന്ന തൃശ്ശൂർ പൂരം ഭാരതത്തിലെതന്നെ ക്ഷേത്രോൽസവങ്ങളിൽ പ്രശസ്തികൊണ്ടു് മുൻപന്തിയിൽ നിൽക്കുന്നു. കേരളത്തിന്റെയും ഭാരതത്തിന്റേയും എന്നല്ല, തെക്കനേഷ്യയുടെത്തന്നെ ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുള്ള ചരിത്രസംഭവങ്ങൾക്കു് തൃശ്ശൂർ ജില്ലയും സമീപപ്രദേശങ്ങളും സാക്ഷിയായിരുന്നിട്ടുണ്ടു്. ചരിത്രാതീതകാലത്തുള്ള ആദിമാനവികസംസ്കാരം മുതൽ വൈദികകാലവും ഗോത്രസംസ്കൃതികളും സംഘസംസ്കാരവും തരണം ചെയ്തു് പിൽക്കാലത്തു് കേരളജനതയുടെ തന്നെ സവിശേഷമായ മതരാഷ്ട്രീയസ്വഭാവങ്ങൾക്കു് അടിസ്ഥാനമായിത്തീർന്ന തനതു വികാസങ്ങളിലൂടെ ആധുനികഭാരതത്തിന്റെ സ്വാതന്ത്ര്യസമരഗാഥകളിലേക്കു് തൃശ്ശൂരിന്റെ ചരിത്രം വ്യാപിച്ചിരിക്കുന്നു. ചരിത്രഗവേഷണത്തിനു ലഭ്യമായ സാമഗ്രികൾകേരളത്തിനു മൊത്തമെന്നപോലെത്തന്നെ ക്രി.വ. 1500 വരെയുള്ള ചരിത്രം തൃശ്ശൂരിന്റെ കാര്യത്തിലും വളരെ അവ്യക്തമാണു്. ഒട്ടും ചരിത്രബോധമില്ലാത്തതും അതിന്റെ അഭാവം കൊണ്ടുതന്നെ വളരെ പരിമിതമായ ലൗകികജീവിതവീക്ഷണങ്ങളുമുള്ള ഒരു ജനത എന്ന കേരളീയരെക്കുറിച്ചുള്ള സാമാന്യമായ വിലയിരുത്തൽ തന്നെ തൃശ്ശൂരിനെ സംബന്ധിച്ചും അനുമാനിക്കാവുന്നതാണു്.[1][2][3] വാസ്തവവും നിഷ്പക്ഷവുമായ ചരിത്രം വാമൊഴിയായോ വരമൊഴിയായോ ചിത്രങ്ങളായോ രേഖപ്പെടുത്തിവെക്കുക എന്ന ശീലം കേരളീയർക്കുണ്ടായിരുന്നില്ല. സാന്ദർഭികമായി സൂചനകൾ മാത്രം നൽകുന്ന ശിലാലിഖിതങ്ങളും ചെപ്പേടുകളും ശാസനങ്ങളും മാത്രമാണു് രേഖകൾ എന്ന നിലയിൽ കണ്ടെടുക്കാവുന്നതു്. ക്ഷേത്രങ്ങൾ, ഗുഹകൾ, കോട്ടകൾ, മറ്റു തരത്തിലുള്ള സ്ഥാപനങ്ങളോ സ്മാരകങ്ങളോ കാലാകാലം കേടുതീർത്തു സംരക്ഷിക്കുന്നതിലും അവർ ശ്രദ്ധേയരായിരുന്നില്ല. പലപ്പോഴും മരം, മണ്ണു് തുടങ്ങിയ ക്ഷിപ്രജീർണ്ണമായ വസ്തുക്കൾ കൊണ്ടായിരുന്നു ഈ പ്രദേശങ്ങളിലെ വാസ്തുവിദ്യയും കരകൗശലവേലകളും നിലനിർത്തിപ്പോന്നിരുന്നതു്. അധികാരവർഗ്ഗത്തിൽ നടക്കുന്ന ചെറിയ ചെറിയ മാറ്റങ്ങൾ പോലും ഭൂതകാലത്തിന്റെ നന്മകളും തിന്മകളും തമസ്കരണം ചെയ്യുന്നതിൽ അതിയായ ശ്രദ്ധ പാലിച്ചുപോന്നു. ചരിത്രാതീതകാലംമഹാശിലായുഗം മുതൽ മനുഷ്യാധിവാസം നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു തൃശ്ശൂരും അതിന്റെ സമീപപ്രാന്തങ്ങളും എന്നതിനു വ്യക്തമായ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടു്. പുലച്ചിക്കല്ല്രാമവർമ്മപുരത്തിനും താണിക്കുടത്തിനും ഇടയിൽ വില്ലടം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന കരിങ്കല്ലുകൊണ്ടുള്ള സാമാന്യം വലിയ ശിലാസ്തംഭം കേരളത്തിലെത്തന്നെ ഏറ്റവും പ്രാചീനമായി കണക്കാക്കപ്പെട്ടിട്ടുള്ള ചരിത്രവസ്തുക്കളിൽ ഒന്നാണു്. ഏകദേശം നാലര മീറ്റർ ഉയരവും മൂന്നു മീറ്റർ വീതിയും അര മീറ്റർ ഘനവുമുള്ള ഈ സ്തംഭം പ്രാദേശികമായി അറിയപ്പെടുന്നതു് 'പുലച്ചിക്കല്ല്' അഥവാ 'പടക്കല്ല്' എന്നാണു്. ഇത്തരം നിർമ്മിതികളുടെ കൃത്യമായ പ്രായം ഇതുവരെ ശാസ്ത്രീയമായി കണക്കാക്കപ്പെട്ടിട്ടില്ല. ചിലരുടെ അഭിപ്രായത്തിൽ ഇവ വൈകിയ മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങളാണു്. നവീനശിലായുഗത്തിന്റെയോ സംഘകാലത്തിന്റെയോ ബാക്കിയാണു് ഇവയെന്നു് ചിലർ വാദിക്കുന്നു. സാമാന്യമായി പുരാവസ്തുപണ്ഡിതർ ഈ കല്ലിനു് ഏകദേശം 3000 വർഷങ്ങൾക്കും 2500 വർഷങ്ങൾക്കും ഇടയിൽ പഴക്കം അനുമാനിക്കുന്നു.1944 മുതൽ പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിലാണെങ്കിലും ഏറെക്കുറെ അനാഥമായ മട്ടിൽ, യാതൊരു സവിശേഷശ്രദ്ധയുമാകർഷിക്കാത്ത വിധത്തിലാണു് 'പുലച്ചിക്കല്ല്' ഇപ്പോൾ സ്ഥിതിചെയ്യുന്നതു്. വില്ലടത്തുള്ളതിനു സമാനമായ മറ്റൊരു കൃഷ്ണശിലാസ്തംഭം (മെൻഹിർ- Menhir) തൃശ്ശൂർ നഗരത്തിന്റെ തന്നെ വടക്കുപടിഞ്ഞാറുള്ള കുറ്റൂർ എന്ന പ്രദേശത്തുമുണ്ടു്. കുടക്കല്ലുകൾതൃശ്ശൂരിനും കുന്നംകുളത്തിനും മദ്ധേയുള്ള അരികന്നിയൂർ(ഹരികന്യാപുരം), മുളങ്കുന്നത്തുകാവു്, പോർക്കുളം, ചിറമനങ്ങാട്, എയ്യാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വളരെയെണ്ണം കുടക്കല്ലുകൾ കണ്ടെത്തപ്പെട്ടിട്ടുണ്ടു്. തൊപ്പിക്കല്ലുകൾ എന്നും അറിയപ്പെടുന്ന ഇവ അതിപ്രാചീനകാലത്തെ ശവസംസ്കാരസ്മാരകങ്ങളാണെന്നു കരുതപ്പെടുന്നു. ഇവയ്ക്കു തൊട്ടരികിലായി പലയിടത്തും ധാരാളം നന്നങ്ങാടികളും ശിലയിൽ കൊത്തിയെടുത്ത ഗുഹകളും കാണപ്പെടുന്നുണ്ടു്. പതിനഞ്ചാം ശതകത്തിലെ 'ചന്ദ്രോത്സവം' എന്ന കൃതിയിൽ അരിയന്നൂരിലെ കല്ലുകളെപ്പറ്റി പരാമർശമുണ്ടു്.
അവലംബം |
Portal di Ensiklopedia Dunia