തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനംക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനം. "2 തെസലോനിയർ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. "തെസലോനിയാക്കാരുടെ സഭയ്ക്ക് പൗലോസും സിലാനോസും തിമോത്തെയോസും ചേർന്ന് എഴുതുന്നത്" എന്ന ആരംഭവാക്യത്തിലെയും "പൗലോസായ ഞാൻ എന്റെ കൈപ്പടയിൽ തന്നെ ഈ ആശംസകൾ എഴുതുന്നു, ഈ അടയാളം എന്റെ എല്ലാ എഴുത്തുകളിലും ഉണ്ടായിരിക്കും എന്ന സമാപനവാക്യത്തിലേയും സൂചനയെ അടിസ്ഥാനമാക്കി, ക്രിസ്തീയപാരമ്പര്യം ഇതിനെ പൗലോസ് അപ്പസ്തോലൻ ഗ്രീസിലെ മാസിദോനിയ പ്രവിശ്യയിൽപെട്ട തെസലോനിക്ക നഗരത്തിലെ ക്രൈസ്തവസഭയ്ക്ക് പൗലോസ് അപ്പസ്തോലൻ എഴുതിയ ലേഖനമായി കണക്കാക്കുന്നു.[1] രചനഈ ലേഖനത്തിന്റെ ആധികാരികതയെ സംബന്ധിച്ച തർക്കം ഇന്നു നിലനിൽക്കുന്നു. ഏണസ്റ്റ് ബെസ്റ്റ് അതിനെ ഇങ്ങനെ വിശദീകരിക്കുന്നു,
ആധികാരികതയുടെ പക്ഷംതെസലോനിയക്കാർക്കെഴുതിയ രണ്ടാം ലേഖനത്തിന്റെ ആധികാരികത ആദ്യലേഖനത്തിന്റേതിനേക്കാൾ അധികമായി സംശയിക്കപ്പെടുന്നെങ്കിലും പുരാതനസ്രോതസ്സുകളിൽ ഇതിന്റെ പൗലോസിയതയ്ക്കാണ് കൂടുതൽ പിന്തുണയുള്ളത്.[3] മാർഷന്റെ ക്രിസ്തീയലിഖിതസഞ്ചയത്തിലും മുറാത്തോറിയുടെ ശകലത്തിലും(Muratorian Fragment) എല്ലാം ഇതിന് ഇടം കിട്ടി; ഐറേനിയസ് ഇതിനെ പേരെടുത്തു പറയുമ്പൊൾ, അന്ത്യോക്യായിലെ ഇഗ്നേഷ്യസ്, 'രക്തസാക്ഷി' ജസ്റ്റിൻ, പോളികാർപ്പ് എന്നിവർ ഇതിൽ നിന്നു ഉദ്ധരണികൾ ഉപയോഗിക്കുന്നു.[4] പൗലോസിന്റെ ഒരു ആധികാരിക ലേഖനം മുന്നേ ലഭിച്ചിട്ടുള്ള ഒരു സഭ അദ്ദേഹത്തിന്റെ പേരിലെഴുതപ്പെട്ട ഒരു വ്യാജലേഖനം സ്വീകരിക്കുമായിരുന്നില്ലെന്നു ജി.മില്ലിഗൻ വാദിക്കുന്നു.[5] കോളിൻ നിക്കോളും ഈ ലേഖനത്തിന്റെ ആധികാരികതയ്ക്കു തെളിവായി ഒട്ടേറെ വാദങ്ങൾ [6] മുന്നോട്ടു വച്ചിട്ടുണ്ട്.[7] അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ ലേഖനം അപൗലോസീയമാണെന്ന വാദം അതിന്റെ പക്ഷപാതികളിൽ മിക്കവരും സമ്മതിക്കുന്നതിലധികം ദുർബ്ബലമാണ്. ലേഖനത്തിന്റെ ബദൽ രചനാകാലത്തേയും സ്വീകർത്താക്കളേയും കുറിച്ച് അഭിപ്രായസമന്വയത്തിലെത്താൻ കഴിയുന്നില്ലെന്നതു തന്നെ അവരുടെ വാദത്തിന്റെ ദൗർബല്യം വെളിവാക്കുന്നു: ഒരു വശത്ത്, ലേഖനം പൗലോസിന്റേതായി ധരിക്കപ്പെടണമെങ്കിൽ അത് വളരെ നേരത്തേ എഴുതപ്പെട്ടിരിക്കണം ... അതേസമയം, ആദ്യലേഖനം കണ്ടിട്ടുള്ളവരുടെ ശ്രദ്ധയിൽ പെട്ട് വ്യാജസ്വഭാവം വെളിപ്പെടാതിരിക്കാൻ മാത്രം താമസിച്ചുമായിരിക്കണം രചന.[6] ലേഖനത്തിന്റെ ആധികാരികതയെ പിന്തുണയ്ക്കുന്ന മറ്റൊരു പണ്ഡിതൻ ജെറോം മർഫി ഓകോണർ ആണ്. രണ്ടു ലേഖനങ്ങൾക്കുമിടയിൽ ശൈലീപരമായ പ്രശ്നങ്ങളുണ്ടെന്നു കരുതുന്ന അദ്ദേഹം അതിന്റെ വിശദീകരണങ്ങളിലൊന്നായി പറയുന്നത് ഒന്നാം ലേഖനം ഒന്നിലേറെ രചനകൾ ചേർന്നതാണെന്നാണ്. ഇപ്പോഴത്തെ രൂപത്തിൽ രണ്ടാം ലേഖനവും രണ്ടു കത്തുകൾ ചേർന്നതാണെന്നും മർഫി ഓകോണർ വാദിക്കുന്നു. കൂട്ടിച്ചേർക്കലുകൾ മാറ്റി കത്തുകൾ താരതമ്യപ്പെടുത്തുമ്പോൾ ആധികാരികതയ്ക്കെതിരായ വാദം തീരെ ദുർബ്ബലമാവുമെന്ന് അദ്ദേഹം കരുതുന്നു. "രണ്ടാം തെസലോനിക്കരുടെ ആധികാരികതക്കെതിരായ വാദങ്ങൾ അതീവദുർബ്ബലമായതിനാൽ അതിനെ പൗലോസിന്റെ രചനയായി കണക്കാക്കുന്ന പരമ്പരാഗതനിലപാടാണ് കൂടുതൽ സ്വീകാര്യം" എന്നാണ് ഓകോണറുടെ വിധി. [8] "പൗലോസായ ഞാൻ ഈ ആശംസ എന്റെ കൈപ്പടയിൽ എഴുതുന്നു; അങ്ങനെയാണ് എന്റെ എല്ലാ കത്തുകളിലും ഞാൻ ചെയ്യാറുള്ളത്" എന്ന അവസാന വരികളെ ആശ്രയിച്ച്, സ്വന്തം കയ്യൊപ്പു വച്ചും അതിനെ തന്റെ കർതൃത്വത്തിനു തെളിവായി എടുത്തു കാട്ടിയും ഇതിന്റെ ആധികാരികതയ്ക്ക് പൗലോസ് തന്നെ അടിവരയിട്ടിരിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[9] ലേഖനത്തിന്റെ ആധികാരികതയ്ക്കു തെളിവായി ഈ വരികൾ ബ്രൂസ് മെറ്റ്സ്ജെറും എടുത്തു കാട്ടുന്നു.[10] എതിർപക്ഷംഈ ലേഖനത്തിന്റെ ആധികാരികതയെ നിരാകരിക്കുന്ന നിലപാടിന് 1798-ൽ ജെ.ഇ.എം.ഷ്മിറ്റിന്റെ കാലത്തോളമെങ്കിലും പഴക്കമുണ്ട്.[11] കൂടുതൽ അടുത്ത കാലത്ത് ഈ നിലപാട് ആവർത്തിച്ചത് 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വില്യം വെർദേയും[12] പിന്നീട് 1933-ൽ ആഫ്രെഡ് ലോയ്സിയും[13] മറ്റുമാണ്. ഇതു പൗലോസിന്റെ രചനയല്ലെന്നും പൗലോസിന്റേതായി കരുതപ്പെട്ട നിലപാടു പിന്തുടർന്ന് അദ്ദേഹത്തിന്റെ മരണശേഷം ഏതോ ശിഷ്യൻ എഴുതിയതാണെന്നും ഇന്നു പലരും കരുതുന്നു. എർമാൻ,[14] ഗാവെന്റാ,[15] സ്മൈൽസ്,[16] ഷ്നെല്ലെ,[17] ബോറിങ്ങ്,[18] കെല്ലി[19]തുടങ്ങിയവർ ഈ നിലപാടിനെ പിന്തുണയ്ക്കുന്നു. ആദ്യലേഖനത്തെ ബോധപൂർവം അനുകരിച്ച് പൗലോസിന്റെ ചിന്തയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമായി ഈ ലേഖനത്തെ കാണുന്നതാണ് ഏറ്റവും യുക്തിസഹമായിരിക്കുകയെന്ന് നോർമൻ പെരിൻ അഭിപ്രായപ്പെടുന്നു. [20] പശ്ചാത്തലംപൗലോസിന്റെ പങ്കാളിത്തത്തോടെ ഒരു ക്രിസ്തീയസമൂഹം പിറന്ന യൂറോപ്പിലെ രണ്ടാമത്തെ നഗരമായിരുന്നു തെസലോനിക്ക. ആദ്യലേഖനത്തിന്റെ രചന നടന്ന് ഏതോ ഘട്ടത്തിൽ, പരേതർക്ക് ക്രിസ്തുവിന്റെ പുനരാഗമത്തിൽ പങ്കാളിത്തം ഉണ്ടാകുമോ എന്ന സംശയം ആ സഭയിൽ ഉടലെടുത്തു. ഈ വ്യഗ്രതയോടു പ്രതികരിച്ച് എഴുതപ്പെട്ടതാണ് തെസലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനം. ഇത്തരം ഒരു സാഹചര്യം ഉണ്ടായപ്പോൾ പൗലോസ് സ്വയം എഴുതിയതോ അദ്ദേഹത്തിന്റെ പേരിൽ മറ്റൊരാൾ എഴുതിയതോ ഇതെന്ന ചോദ്യം ഏതായാലും പ്രസക്തമാണ്.[21] ഈ ലേഖനം ആധികാരികമാണെങ്കിൽ തെസലോനിക്കാക്കാർക്കുള്ള ആദ്യലേഖനം എഴുതി അധികം വൈകാതെയോ, ഏതാനും വർഷങ്ങൾ കഴിഞ്ഞോ എഴുതപ്പെട്ടതാകാം. ഇതിനെ കപടപൗലോസീയരചനയായി കണക്കാക്കുന്നവരിൽ അധികം പേരും അതിന്റെ രചനാകാലമായി കരുതുന്നത്, ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, ക്രിസ്തുമതത്തിനെതിരെയുള്ള ശക്തികൾ ആഗോളതലത്തിൽ ശക്തിപ്പെട്ടിരുന്നപ്പോഴായിരിക്കുമെന്ന് റെയ്മണ്ട് ബ്രൗൺ പറയുന്നു. അത്തരം ശക്തികളെ നിശിതമായി വിമർശിക്കുന്ന വെളിപാടുപുസ്തകത്തിന്റെ രചന നടന്ന കാലമാണത്. ഈ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന "പാപത്തിന്റെ മനുഷ്യൻ" ഈ പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ മനുഷ്യൻ, വെളിപാടുപുസ്തകത്തിലും യോഹന്നാന്റെ ഒന്നാം ലേഖനത്തിലും പരാമർശിക്കപ്പെടുന്ന അന്തിക്രിസ്തുവോ, കലിഗുള ചക്രവർത്തിയെയോ മറ്റോ പോലുള്ള ഏതെങ്കിലും ചരിത്രപുരുഷനോ എന്നൊന്നും വ്യക്തമല്ല.[22] ഉള്ളടക്കംകോറിന്തിൽ വച്ച് ആദ്യലേഖനത്തിന്റെ രചന കഴിഞ്ഞ് അധികം താമസിയാതെ എഴുതപ്പെട്ടതാണ് ഇതെന്നാണ് പരമ്പരാഗതമായ വിശ്വാസം. ആദ്യലേഖനത്തിൽ പറഞ്ഞിരുന്ന ചില കാര്യങ്ങൾ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ പുനരാഗമത്തെ സംബന്ധിച്ചവ, തെറ്റിദ്ധരിക്കപ്പെട്ടിരിക്കണം. "കർത്താവിന്റെ ദിവസം" അടുത്തിരിക്കുന്നുവെന്നും അത് ഉടനെ നടക്കാനിരിക്കുന്നുവെന്നും തെസലോനിക്കാക്കാർ ധരിച്ചു. ഈ തെറ്റിദ്ധാരണ നീക്കാൻ വേണ്ടി എഴുതിയതാണ് 2-ആം അദ്ധ്യായത്തിലെ ആദ്യത്തെ 12 വാക്യങ്ങൾ. യുഗാന്ത്യത്തിനു മുൻപു നടക്കേണ്ടതായിട്ടുള്ള വലിയ വിശ്വാസഭ്രംശം, അന്തിക്രിസ്തുവിന്റെ വരവ് തുടങ്ങിയ കാര്യങ്ങൾ അപ്പസ്തോലൻ ഇവിടെ വിശദീകരിക്കുന്നു. ലേഖനംതെസ്സലൊനീക്യർക്കു എഴുതിയ രണ്ടാം ലേഖനം അവലംബം
|
Portal di Ensiklopedia Dunia