തൊപ്പിക്കാരൻ കുരങ്ങ്
ഹനുമാൻ കുരങ്ങിനെക്കാൾ വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് തൊപ്പിക്കാരൻ കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: പ്രസ്ബൈറ്റിസ് പൈലിയേറ്റസ് (Pressbytis pileatus), സെർക്കോപിത്തക്കസ് പൈലിയേറ്റസ് (Cercopithecus pileatus). ഇന്ത്യയിൽ അസം മലനിരകളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. ശരീര ഘടനപൂർണവളർച്ചയെത്തിയ ആൺകുരങ്ങിന്റെ തലയ്ക്കും ഉടലിനും കൂടി ഏകദേശം 60 സെന്റിമീറ്ററും വാലിന് 30-40 സെന്റിമീറ്ററും നീളം വരും; ഭാരം 12 കിലോഗ്രാമും. പെൺകുരങ്ങിന് ആൺകുരങ്ങിനേക്കാൾ വലിപ്പം കുറവാണ്. തലയിൽ പിന്നിലേക്കു നീണ്ടുവളരുന്ന രോമങ്ങൾ ഒരു തൊപ്പി പോലെ വർത്തിക്കുന്നതിനാലാണ് ഇവയ്ക്ക് തൊപ്പിക്കാരൻ കുരങ്ങ് എന്ന പേരുലഭിച്ചത്. ഇതിന്റെ കവിളിലെ നീളംകൂടിയ രോമങ്ങൾ ചെവിയെ പൂർണമായും മറയ്ക്കുന്നില്ല. തൊപ്പിക്കാരൻ കുരങ്ങിന്റെ ശരീരത്തിനും കൈകാലുകൾക്കും ഇരുണ്ടചാരനിറവും കവിൾത്തടത്തിനും കീഴ്ഭാഗത്തിനും മഞ്ഞകലർന്ന തവിട്ടുനിറവും വിരലുകൾക്ക് മഞ്ഞനിറവുമാണ്. ജീവിത രീതിവൃക്ഷങ്ങളുടെ ഇലകളും പുഷ്പങ്ങളും ഫലങ്ങളും ഭക്ഷിച്ച് വൃക്ഷങ്ങളിൽത്തന്നെ കഴിഞ്ഞുകൂടാൻ തൊപ്പിക്കാരൻ കുരങ്ങുകൾ ഇഷ്ടപ്പെടുന്നു. ശൈത്യകാലത്താണ് ഇവ ഇണചേരുക. ഈ സമയത്ത് ഒരു ആൺ കുരങ്ങിനോടൊപ്പം മൂന്നോ നാലോ പെൺ കുരങ്ങുകളുണ്ടായിരിക്കും. കുഞ്ഞുങ്ങൾക്ക് ഇളം മഞ്ഞനിറമാണ്. ആൺ-പെൺ കുരങ്ങുകൾ ഒന്നിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. പ്രായപൂർത്തിയെത്തുന്ന കുഞ്ഞുങ്ങളെ കൂട്ടത്തിൽനിന്നു പുറന്തള്ളും. ഇത്തരത്തിൽ പുറന്തള്ളപ്പെട്ട കുരങ്ങുകളെല്ലാംകൂടി ഒന്നിച്ചു ജീവിക്കുക പതിവാണ്. ആൺ കുരങ്ങുകൾ മാത്രം ഉൾപ്പെട്ട കൂട്ടങ്ങൾ തൊപ്പിക്കാരൻ കുരങ്ങുകൾക്കിടയിൽ സാധാരണമാണ്. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia