തൊലുവിള ബുദ്ധപ്രതിമ
ശ്രീ ബുദ്ധന്റെ ഇരിക്കുന്ന രൂപത്തിലുള്ള ഒരു പ്രതിമയാണ് തൊലുവിള ബുദ്ധപ്രതിമ. 1900-ൽ ശ്രീലങ്കയിലെ അനുരാധപുരയിലാണ് ഈ ശിൽപ്പം കണ്ടെത്തപ്പെട്ടത്. നാലമത്തെയോ അഞ്ചാമത്തെയോ നൂറ്റാണ്ടിലാണ് ഈ ശില്പം നിർമിച്ചതെന്ന് കണക്കാക്കപ്പെടുന്നു. കരിങ്കല്ലിൽ കൊത്തിയെടുത്ത ഈ ശിൽപ്പം ശ്രീലങ്കയിൽ ലഭ്യമായിട്ടുള്ള പുരാതന കാലത്തെ ശില്പങ്ങളിൽ നാശനഷ്ടങ്ങൾ ഏറ്റവും കുറവായുള്ള ഒന്നാണ്. അനുരാധപുരയിലെത്തന്നെ സമാധി ശില്പത്തോട് ഈ ശില്പത്തിന് വളരെ സാദൃശ്യമുണ്ട്. മഥുര ശില്പകലാശൈലിയുടെ സ്വാധീനം ഈ ശില്പത്തിനുണ്ടെന്ന് ചില ലക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ ശിൽപ്പം ഇപ്പോൾ കൊളംബോയിലെ ദേശീയ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. രൂപവും സവിശേഷതകളുംപുരാതന ശ്രീലങ്കയിലെ ശിലയിൽ ശിൽപ്പങ്ങൾ കൊത്തുന്ന കലയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് തൊലുവിള ബുദ്ധ പ്രതിമ എന്നാണ് കണക്കാക്കപ്പെടുന്നത്. അത്യുത്തമമായ ഒരു ശിൽപ്പമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. അനുരാധപുരയിലെ തന്നെ സമാധി ശിൽപ്പവും തൊലുവിള ബുദ്ധപ്രതിമയും ഈ വിഭാഗത്തിൽ പെടുന്ന ശിൽപ്പങ്ങളിൽ ഏറ്റവും മികച്ചവയാണ്.[1][2] ശ്രീലങ്കയിൽ നിന്ന് ലഭിച്ചിട്ടുള്ള ശ്രീ ബുദ്ധന്റെ പ്രതിമകളിൽ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിമകളിൽ ഒന്നാണ് ഇത്.[3] ഒരു ഒറ്റ കരിങ്കല്ലിൽ കൊത്തിയെടുത്ത ശിൽപ്പമാണിത്. ഇതിന് സമാധി ശിൽപ്പവുമായി നല്ല സാദൃശ്യമുണ്ട്. സമാധി ശിൽപ്പത്തിനാണ് തൊലുവിള ബുദ്ധപ്രതിമയെ അപേക്ഷിച്ച് അൽപ്പം വലിപ്പക്കൂടുതലുള്ളത്. തൊലുവിള ബുദ്ധപ്രതിമയുടെ വലിപ്പം 5 അടി 9 ഇഞ്ചാണ്. ഇരിക്കുന്ന ശ്രീ ബുദ്ധന്റെ കാലുകൾ പിണച്ചാണ് വച്ചിരിക്കുന്നത്. ബുദ്ധന്റെ കൈകൾ കൂട്ടിപ്പിടിച്ചിരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. കൈകൾ ധ്യാന മുദ്രയിലാണ്.[4] ഇരിപ്പിന്റെ രീതി വീരാസനം എന്ന പേരിലാണ് അറിയപ്പെടുന്നത്.[5] തോളുകൾ തമ്മിലുള്ള അകലം മൂന്നടി അഞ്ചിഞ്ചാണ്. ശിൽപ്പത്തിന്റെ കാലിന്റെ മുട്ടുകൾ തമ്മിലുള്ള അകലം 5 അടി 9 ഇഞ്ചുകളാണ്.[4] തോട ഇട്ടതുകൊണ്ട് നീണ്ടതുപോലെ ഉള്ള ചെവികൾ ഇക്കാലത്തെ പല ബുദ്ധപ്രതിമകളിലും കാണാറുണ്ട്. പക്ഷേ തൊലുവിള ബുദ്ധപ്രതിമയിൽ ഈ പ്രത്യേകത കാണാനില്ല. പ്രതിമയിൽ ശ്രീ ബുദ്ധന്റെ ചെവികൾ ചെറുതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബുദ്ധന്റെ കഴുത്തിന് മുന്നിലായുള്ള മൂന്ന് വരകളാണ് ശ്രീലങ്കയിലെ മറ്റ് പ്രതിമകളിൽ സാധാരണ കാണപ്പെടാത്ത പ്രത്യേകത. ഇത് ഇന്ത്യയിലെ മഥുര ശിൽപകലാ ശൈലിയുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് കരുതപ്പെടുന്നു.[4] തൊലുവിള ബുദ്ധപ്രതിമയെപ്പോലെയുള്ള അനുരാധപുരത്തെ പ്രതിമകൾ മറ്റ് രാജ്യങ്ങളിലെ പ്രതിമകളെ സ്വാധീനിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. തായ്‌ലാന്റിലെ ചയ്‌യ എന്ന സ്ഥലത്തെ വാട്ട് ഫ്രാ ബോറോം താട്ട് ക്ഷേത്രത്തിലെ പ്രതിമ ഉദാഹരണമാണ്.[6] ചരിത്രംഅനുരാധപുര കാലഘട്ടത്തിന്റെ രണ്ടാം പകുതിയിലാണ് ഈ ശില്പം നിർമ്മിക്കപ്പെട്ടതെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആവണം പ്രതിമയുടെ നിർമ്മാണം നടന്നതെന്ന് കണക്കാക്കപ്പെടുന്നു.[1][5] വിസ്മൃതിയിലാണ് കിടക്കുകയായിരുന്ന ഈ ശില്പം രണ്ടാമത് വീണ്ടും കണ്ടെത്തപ്പെടുകയായിരുന്നു. ഹാരി ചാൾസ് പുർവിസ് ബെൽ എന്ന ആർക്കിയോളജിസ്റ്റ് നടത്തിയ ഉദ്ഘനനത്തിന്റെ ഭാഗമായി 1900 -ലാണ് ഈ പ്രതിമ രണ്ടാമതും കണ്ടെത്തപ്പെട്ടത്.[5] ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അനുരാധപുരയിൽ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ടതും മികച്ചതുമായ ചരിത്രാവശിഷ്ടമാണ് ഈ പ്രതിമ.[4] തൊലുവിള ബുദ്ധപ്രതിമ പിന്നീട് കൊളംബോയിലെ ദേശീയ മ്യൂസിയത്തിലേയ്ക്ക് കൊണ്ടു പോയി. ഇന്നുവരെ പ്രതിമ അവിടെയാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. മ്യൂസിയത്തിന്റെ കൈവശമുള്ള പുരാതന ശ്രീലങ്കയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള പ്രതിമയാണ് ഇതെന്നാണ് കണക്കാക്കുന്നത്.[3] ഈ പ്രതിമ മ്യൂസിയത്തിന്റെ പ്രധാനകവാടത്തിനു മുന്നിലായി പ്രദർശിപ്പിച്ചിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia