ദ എസ്കേപ്ഡ് കോക്ക്ഇംഗ്ലീഷ് സാഹിത്യകാരൻ ഡി. എച്ച്. ലോറൻസിന്റെ ഒരു ലഘുനോവൽ ആണ് ദ എസ്കേപ്ഡ് കോക്ക് (The Escaped Cock) അഥവാ രക്ഷപെട്ട പൂവൻകോഴി. ലോറൻസിന്റെ പൂർത്തീകരിക്കപ്പെട്ട കഥകളിൽ അവസാനത്തേതാണിത്. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനെക്കുറിച്ചുള്ള ക്രിസ്തീയസങ്കല്പത്തിന്റെ പുനരാവിഷ്കരണം എന്ന മട്ടിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ അടങ്ങിയ ഇതിന്റെ ആദ്യഭാഗം 1927-ലും രണ്ടാം ഭാഗം 1929-ലും ആണ് ലോറൻസ് എഴുതിയത്. രചയിതാവ് കൊടുത്ത വിവാദപരമായ പേരിനു പകരം ദ മേൻ ഹൂ ഡൈഡ് എന്ന് പേരിലും പിൽക്കാലപ്രസാധകർ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] അല്പജീവൻ ബാക്കി നിൽക്കെ സംസ്കരിക്കപ്പെട്ട യേശു ശവക്കല്ലറയിൽ സ്വാഭാവികമായി ഉയിർത്തെഴുന്നേറ്റതായി ചിത്രീകരിക്കുന്ന ലോറൻസ്, തന്റെ മരണത്തിലേക്കു നയിച്ച പ്രഘോഷണത്തിന്റെയും ത്യാഗനിർഭരമായ ദൗത്യത്തിന്റേയും സ്മരണ ഉയർത്തഴുന്നേറ്റ യേശുവിന് അനിഷ്ടകരമാകുന്നതായും തുടർന്ന് വിരക്തിയുടെ വിപരീതദിശയിൽ അദ്ദേഹം സായൂജ്യം കണ്ടെത്തുന്നതായും സങ്കല്പിക്കുന്നു. "രക്ഷപെട്ട പുവൻകോഴി" എന്ന പേരിനു പിന്നിലുള്ള കഥ, ഈ ലഘുനോവലിന്റെ ആദ്യഖണ്ഡത്തിലാണുള്ളത്. യെരുശലേമിൽ യേശുവിന്റെ സംസ്കാരസ്ഥാനത്തിനടുത്തു ജീവിച്ചിരുന്ന ഒരു പാവപ്പെട്ട കൃഷിക്കാരൻ, വീടിനു മുന്നിൽ നീണ്ട ചരടിൽ കെട്ടിയിട്ടു വളർത്തിയിരുന്നതാണ് "രക്ഷപെട്ട പൂവൻകോഴി". ഉയിർത്തെഴുന്നേറ്റ യേശുവിന് ഭോഗവിരക്തിയുടെ എതിർദിശയിലുള്ള സായൂജ്യത്തിന്റെ മാർഗ്ഗത്തിൽ വഴികാട്ടിയാകുന്നത്, രക്ഷപെട്ട പൂവൻകോഴിയാണ്. തുടർന്ന് ദേശാടകനാകുന്ന യേശു കഥയുടെ രണ്ടാം ഭാഗത്ത് മദ്ധ്യധരണിയുടെ തീരത്തെ ഒരു മുനമ്പിലെത്തുന്നു. അവിടെ ഈജിപ്തിലെ ഐസിസ് ദേവിക്കു പ്രതിഷ്ഠിച്ചിരുന്ന ക്ഷേത്രത്തിൽ ഐസിസിന്റെ ഉപാസനയിൽ മുഴുകി അവിവാഹിതയായി ജീവിച്ചിരുന്ന 27 വയസ്സുള്ള പുരോഹിതയെ അദ്ദേഹം കണ്ടുമുട്ടുന്നു. ഐസിസിനു നഷ്ടപ്പെടുകയും അവൾ തേടി നടക്കുകയും ചെയ്തിരുന്ന കാമുകൻ ഓസൈറിസായി യേശുവിനെ കാണുന്ന പുരോഹിത യേശുവുമായി അടുക്കുന്നു. ആ ബന്ധത്തിൽ തന്റെ "ജീവന്റേയും ഉയിർപ്പിന്റേയും ബീജം വിതച്ച" യേശു, പുരോഹിതയുടെ അമ്മ അവരുടെ റോമാക്കാരൻ കാര്യസ്ഥന്റേയും അടിമകളുടേയും സഹായത്തോടെ തന്റെ ജീവനൊടുക്കാൻ ഒരുങ്ങുന്നതറിഞ്ഞ് ഒരു നൗകയിൽ രക്ഷപെടുന്നു. നൗകയിലിരിക്കുമ്പോൾ അവന്റെ മനോഗതം ഈവിധമായിരുന്നു: "എന്റെ ഉണ്മയുടെ ഹൃദയത്തിൽ അവൾ എനിക്കു പ്രിയപ്പെട്ടവളാണ്. പക്ഷേ ഇഴയുന്ന സുവർണ്ണസർപ്പം, എന്റെ വൃക്ഷത്തിന്റെ വേരിൽ നിദ്രകൊള്ളാനായി വീണ്ടും ചുരുളുകയാണ്.[൧] അതിനാൽ നൗക എന്നെ കൊണ്ടു പോകട്ടെ. നാളെ മറ്റൊരു ദിവസമാണല്ലോ." ഈ കൃതി ഒരിടത്തും യേശുവിനെ പേരെടുത്തു പറയുന്നില്ല. "മരിച്ച മനുഷ്യൻ" (ദ മേൻ ഹൂ ഡൈഡ്) എന്ന പേരാണ് ഇതിൽ യേശുവിനെ സൂചിപ്പിക്കുന്നത്.[2] നിരൂപണംക്രിസ്തുചരിതത്തിന്റെ പേഗൻ അട്ടിമറി (pagan subversion) എന്ന് ഈ കഥ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്[1] എന്നാൽ ക്രിസ്തുവിൽ ജീവിച്ചുകൊണ്ട് അദ്ദേഹത്തെ എതിർക്കുകയോ സ്നേഹിക്കുകയോ ചെയ്യാമെന്നും ക്രിസ്തുവിൽ നിന്ന് ഓടിയൊളിക്കുന്നതാണു തെറ്റെന്നും മലയാളത്തിലെ സാഹിത്യചിന്തകൻ കെ.പി. അപ്പൻ, ഈ കഥയുടെ പശ്ചാത്തലത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. ക്രിസ്തുവിൽ ജീവിച്ചുകൊണ്ട് അദ്ദേഹത്തെ എതിർക്കുകയും അദ്ദേഹത്തിനെതിരെ ഹൃദയം കഠിനമാക്കുകയും ചെയ്തവരുടെ മാതൃകയായി അപ്പൻ ഡി. എച്ച്. ലോറൻസിനെ കാണുന്നു.[3] കുറിപ്പുകൾ൧ ^ "But the gold and flowing serpent is coiling up again, to sleep at the root of my tree." അവലംബം
|
Portal di Ensiklopedia Dunia