അനന്യമായൊരു അഖ്യാനരീതിയാണ് യോസ ഈ നോവലിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇടകലർന്നു വരുന്ന മൂന്ന് ധാരകളിലൂടെയാണ് കഥയുടെ ചുരുൾ നിവരുന്നത്:
35 വർഷത്തിനു ശേഷം മാതൃ രാജ്യത്തിൽ തിരിച്ചു വരുന്ന യുറാനിയ കബ്രാൾ എന്ന സ്ത്രീയുടെ ഓർമ്മകൾ
ഏകാധിപതിയായ ത്രൂഹിയോയുടെ ചിന്തകൾ, ഓർമ്മകൾ എന്നിവ. അയാളുടെ മന:ശാസ്ത്രം, ഭീതി, അധികാരത്തോടുള്ള അത്യാർത്തി എന്നിവയെല്ലാം ഈ ഭാഗത്തിലൂടെ അനാവരണം ചെയ്യുന്നു. അയാളുടെ അന്ത്യദിനങ്ങളാണ് കടന്നുപോകുന്നത്.
ത്രൂഹിയോയെ വധിക്കാൻ കാത്തു നിൽക്കുന്ന കുറച്ച് ആളുകൾ, അവരുടെ ഓർമ്മകൾ. ത്രൂഹിയോയെ വധിക്കാൻ അവർക്കുണ്ടായ കാരണങ്ങൾ ഇവിടെ ഓരോരുത്തരുടെയും ഓർമ്മകളിലൂടെ ചിത്രീകരിക്കുന്നു.
ചലച്ചിത്ര രൂപം
ഈ നോവലിന്റെ ചലച്ചിത്രരൂപം 2005 ൽ ലൂയിസ് യോസയുടെ സംവിധാനത്തിൽ പുറത്തിറങ്ങി.
സർവനാശത്തെക്കുറിച്ചുള്ള ഒരു ഉൾവിളിയിൽ മരവിച്ച് അയാളുണർന്നു.ഉടലാസകലം കണ്ണുകളുള്ള രോമാവൃതനായ ഒരു പ്രാണി വിഴുങ്ങാൻ തുടങ്ങുന്നതു പോലെ .ഇരുട്ടിൽ ,അതിന്റെ വലയിൽ കുടുങ്ങി നിശ്ചേഷ്ടനായിക്കിടന്ന് അയാൾ ഇരുട്ടിലേക്ക് നോക്കി. കണ്ണുചിമ്മി. കിടക്കയ്ക്കരികിൽ തോക്കും നിറച്ച സബ് മെഷീൻ ഗണ്ണും വച്ചിരിക്കുന്ന മേശപ്പുറത്തേക്ക് ആഞ്ഞ് കൈനീട്ടി. എന്നാൽ ആയുധമല്ല കൈയിൽ തടഞ്ഞത്,അലാറം ക്ലോക്കാണ്. നാലാകാൻ പത്ത് മിനിറ്റ്. അയാൾ നിശ്വസിച്ചു. ഉറക്കം ഇപ്പോൾ പൂർണമായി വിട്ടിരിക്കുന്നു. പേടിസ്വപ്നങ്ങൾ ഇനിയുമുണ്ടാകുമോ?കുറച്ചു മിനിറ്റുകൾ കൂടി ഇനിയും ബാക്കിയുണ്ട്. കൃത്യനിഷ്ഠ അയാൾക്കൊരു ഒഴിയാ ബാധയാണ്. നാലുമണിക്കു മുൻപ് ഒരിക്കലും കിടക്ക വിട്ടെണീക്കില്ല. ഒരു മിനിറ്റ് നേരത്തെയുമില്ല, ഒരു മിനിറ്റ് വൈകിയുമില്ല.