ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ്
വിഖ്യാത ഇംഗ്ലീഷ് കുറ്റാന്വേഷണനോവലിസ്റ്റ് ആർതർ കോനൻ ഡോയൽ, ഷെർലക് ഹോംസ് എന്ന സാങ്കല്പിക അപസർപ്പകനെ കേന്ദ്രമാക്കി എഴുതിയ നാലു നോവലുകളിൽ മൂന്നാമത്തേതാണ് ദ ഹൗണ്ട് ഓഫ് ദ ബാസ്കർവിൽസ് (ബാസ്കർവില്ലയിലെ വേട്ടനായ). ഭീതിയും നിഗൂഢതയും കൊലപാതകവും ചേരുവകളായുള്ള ഈ നോവൽ കുറ്റാന്വേഷണസാഹിത്യത്തിലെ എക്കാലത്തേയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.[2] കഥതെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഡെവൺഷയറിലെ ഡാർട്ട്മൂർ എന്ന തരിശുഭൂമി പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന ഈ കഥയിൽ കോനൻ ഡോയലിന്റെ കുറ്റാന്വേഷകൻ, അവിടെ ജീവിച്ചിരുന്ന ബാസ്കർവിൽസ് കുടുംബത്തിലെ സർ ചാൾസ് ബാസ്കർവിൽസിന്റെ ദാരുണമായ മരണത്തിന്റേയും അദ്ദേഹത്തിന്റെ അനന്തരാവകാശി സർ ഹെൻട്രി ബാസ്കർവിൽസിനെ ചൂഴ്ന്നുനിന്ന മരണഭീതിയുടേയും രഹസ്യം അനാവരണം ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുൻപു ജീവിച്ചിരുന്ന പൂർവികന്മാരിൽ ഒരുവന്റെ കർമ്മദോഷം ശാപമായി, നായ്പ്പിശാചിന്റെ (spectral hound) കരാളരൂപത്തിൽ ബാസ്കർവിൽസ് കുടുംബത്തിലെ തലമുറകളെ വേട്ടയാടി പ്രതികാരം ചെയ്യുന്നുവെന്ന സാമാന്യധാരണ നിലവിലുണ്ടായിരുന്നു. ഈ വിശ്വാസത്തെ പിന്തുണക്കുന്നതായി തോന്നിച്ച സംഭവങ്ങളുടേയും സൂചനകളുടെയും പശ്ചാത്തലത്തിലാണ് ഷെർലക് ഹോംസിന്റെ അന്വേഷണം തുടങ്ങുന്നതും മുന്നോട്ടുപോകുന്നതും. ഏകാന്തവിഷാദമായ പാഴ്ഭൂമിയുടെയും പുരാതനമായ ശാപങ്ങളുടേയും പ്രേതപ്രത്യക്ഷാനുഭവങ്ങളുടേയും ചുറ്റുപാടുകളിൽ നടക്കുന്ന ഈ അന്വേഷണത്തിൽ ഷെർലക് ഹോംസ് ബാസക്ർവിൽസിന്റെ രഹസ്യം പടിപടിയായി തുറന്നു കാട്ടുന്നു. ഒടുവിൽ അതിഭൗതികമായ നായ്പ്പിശാചിന്റേതെന്നു കരുതപ്പെട്ട ഭീഷണിയുടെ വിശദീകരണം തികച്ചും ഭൗതികവും മാനുഷികവും ആണെന്നു തെളിയിക്കുന്ന കുറ്റാന്വേഷകൻ നോവലിലെ കഥാപാത്രങ്ങൾക്കും എല്ലാക്കാലത്തേയും അതിന്റെ വായനക്കാർക്കും ആശ്വാസം പകരുന്നു.[3] അവലംബം
|
Portal di Ensiklopedia Dunia