ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്
1857-ലെ വിപ്ലവത്തെ ആസ്പദമാക്കി വി.ഡി. സാവർക്കർ രചിച്ച പുസ്തകമാണ് ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് (ഇംഗ്ലീഷ്: The Indian War of Independence). 1909-ൽ മറാത്തി ഭാഷയിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.[1][2] 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ 50-ാം വാർഷികാഘോഷങ്ങൾ ബ്രിട്ടനിൽ നടക്കുമ്പോഴാണ് വി.ഡി. സവർക്കർ ഈ പുസ്തകം രചിക്കുന്നത്. പുസ്തകരചനയ്ക്കായി ഇന്ത്യാ ഓഫീസ് ആർക്കൈവുകളും രേഖകളും അദ്ദേഹം അവലംബമാക്കിയിരുന്നു. ഇന്ത്യൻ ദേശീയവാദികളായ മാഡം കാമ, വി.വി.എസ്. അയ്യർ, എം.പി.ടി. ആചാര്യ എന്നിവരുടെയും ഇന്ത്യൻ വിദ്യാർത്ഥികളുടെയും പിന്തുണ സവർക്കർക്കു ലഭിച്ചിരുന്നു.[3] ലണ്ടനിലെ ഇന്ത്യാ ഹൗസിൽ പ്രവർത്തിക്കുന്ന കാലത്താണ് വി.ഡി. സവർക്കർ "ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപ്പെൻഡൻസ്" രചിക്കുന്നത്. ഫ്രഞ്ച് വിപ്ലവവും അമേരിക്കൻ സ്വാതന്ത്ര്യസമരവും രേഖപ്പെടുത്തിയ ചരിത്ര പുസ്തകങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇന്ത്യയിലും ബ്രിട്ടനിലുമുള്ള ദേശീയവാദികളുടെ ശ്രദ്ധ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കു പതിപ്പിക്കുവാൻ ഈ പുസ്തകത്തിനു സാധിച്ചു.[4] ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന ആദ്യത്തെ സംഘടിത സമരം എന്നാണ് 1857-ലെ വിപ്ലവത്തെ സാവർക്കർ ഈ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. 1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നും സാവർക്കർ അടയാളപ്പെടുത്തിയിരിക്കുന്നു.[5] ഈ പുസ്തകത്തിന്റെ മറാത്തി പതിപ്പ് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രസിദ്ധീകരണത്തിനെത്തും മുമ്പു തന്നെ നിരോധിച്ചിരുന്നു.[6] രാജ്യദ്രോഹപരമായ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് പുസ്തകം നിരോധിച്ചത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതു വരെയും പുസ്തകത്തിന്റെ നിരോധനം തുടർന്നു.[6] ബ്രിട്ടീഷുകാരുടെ ഭീഷണിയെത്തുടർന്ന് പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്താൻ പ്രസാധകർ നിർബന്ധിതരായി. അതുകൊണ്ടു തന്നെ ഇതിന്റെ ഇംഗ്ലീഷ് പതിപ്പിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. പാരീസിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയുവാൻ ഫ്രഞ്ച് സർക്കാരിനു മേൽ ബ്രിട്ടന്റെ സമ്മർദ്ദമുണ്ടായിരുന്നു.[6] 1909-ൽ നെതർലൻഡ്സിൽ പുസ്തകം പുറത്തിറങ്ങി.[3][6][7] പുസ്തകത്തിന്റെ പുറംചട്ടയിൽ ദ പിക്വിക്ക് പേപ്പേഴ്സ് പോലുള്ള ക്ലാസിക്ക് പുസ്തകങ്ങളുടെ പേരുകൾ പതിപ്പിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കബളിപ്പിക്കുവാൻ കഴിഞ്ഞതോടെ പുസ്തകത്തിന്റെ പകർപ്പുകൾ വൻതോതിൽ ഇന്ത്യയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. വൈകാതെ തന്നെ ഈ പുസ്തകം വിപ്ലവകാരികളുടെ ബൈബിൾ ആയിത്തീർന്നു.[6] ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെന്റൻസ്.[8] ഈ പുസ്തകത്തിൽ മസ്കുലിൻ ഹിന്ദുയിസം എന്ന ആശയവും സവർക്കർ അവതരിപ്പിക്കുന്നുണ്ട്.[9] 1857-ലെ വിപ്ലവത്തെ സവർക്കർ വിലയിരുത്തുന്നതു പോലെയാണ് പല ആധുനിക ചരിത്രകാരൻമാരും നിഗമനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.[10] എന്നാൽ 1857-ലെ വിപ്ലവത്തിനു ദേശീയ സമരത്തിന്റെയോ സംഘടിത സമരത്തിന്റെയോ സ്വഭാവമില്ലായിരുന്നു എന്നാണ് ആർ.സി. മജുംദാറെ പോലുള്ള ചരിത്രകാരൻമാരുടെ അഭിപ്രായം.[2][10][11] അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia