ദിനനാഥ് ഗോപാൽ ടെണ്ടുൽക്കർ
സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യൻ - ഇംഗ്ലീഷ്, മറാഠി സാഹിത്യകാരനുമാണ് ദിനനാഥ് ഗോപാൽ ടെണ്ടുൽക്കർ. ജീവിതരേഖമഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1909 ഒക്ടോബർ 9-ന് ജനിച്ചു. മുംബൈ, കേംബ്രിജ്, മൻബുർഗ്, ഗോട്ടിൻജൻ (ജർമനി) എന്നീ സർവകലാശാലകളിൽ പഠിച്ച് ബിരുദങ്ങൾ നേടിയെങ്കിലും ഗവൺമെന്റിന്റെ ഉന്നതപദവികളിൽ ആകൃഷ്ടനാകാതെ സ്വാതന്ത്ര്യസമരരംഗത്ത് നിലയുറപ്പിച്ചു. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യപ്രാപ്തിയോടെ ഭാരതസർക്കാർ പല പദവികളിലേക്കും ടെണ്ടുൽക്കറെ ക്ഷണിച്ചെങ്കിലും അതിൽ തത്പരനാകാതെ, സാഹിത്യം, സംഗീതം, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിൽ വ്യാപരിക്കുന്നതിനായിരുന്നു ഇഷ്ടപ്പെട്ടത്. മഹാത്മാഗാന്ധിയുടെയും ഖാൻ അബ്ദുൾ ഗാഫാർഖാന്റെയും ജീവചരിത്രങ്ങൾ ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ടവയാണ്. ഗാന്ധിജിയുടെ ജീവചരിത്രം 'മഹാത്മാ' എന്ന പേരിൽ എട്ടു വാല്യമായി ഇംഗ്ലീഷിൽ 1951-54 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പ്രസിദ്ധീകരണവിഭാഗമാണ് ഈ കൃതി പ്രസാധനം ചെയ്തത്. പല ഇന്ത്യൻ ഭാഷകളിലും ഇതിന് വിവർത്തനമുണ്ടായിട്ടുണ്ട്. കന്നഡയിൽ, പ്രശസ്തരായ ഒരു സംഘം എഴുത്തുകാർ സഹകരിച്ചാണ് വിവർത്തനം നിർവഹിച്ചത്. ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ഒരു അഭിനന്ദനഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ സമ്പാദകൻ ടെണ്ടുൽക്കറായിരുന്നു. കന്നഡ, ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിലായിരുന്നു ഈ ഗ്രന്ഥം. ഗാന്ധിജിയുടെ ചമ്പാരൻ സത്യാഗ്രഹത്തെ അധികരിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ ഗ്രന്ഥമാണ് പ്രധാനപ്പെട്ട മറ്റൊരു രചന. ജവാഹർലാൽ നെഹ്റുവിന്റെ ഉറ്റ സുഹൃത്തായിരുന്നു ടെണ്ടുൽക്കർ. നെഹ്റു എ ബഞ്ച് ഒഫ് ലെറ്റേഴ്സ് (ഒരു കൂട്ടം കത്തുകൾ) പ്രസിദ്ധീകരിച്ചപ്പോൾ കത്തുകൾ തിരഞ്ഞെടുക്കുന്നതിലും പ്രസാധനം ചെയ്യുന്നതിലും ടെണ്ടുക്കൽക്കറുടെ സഹായമാണ് സ്വീകരിച്ചത്. സഞ്ചാരപ്രിയനായിരുന്ന ഇദ്ദേഹം പല തവണ ലോകപര്യടനം നടത്തുകയും ദീർഘകാലം റഷ്യയിൽ താമസിക്കുകയും ഒരു റഷ്യൻ ചലച്ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരുകയും ചെയ്തിട്ടുണ്ട്. റഷ്യയിലെ ജീവിതത്തെ അധികരിച്ച് 'റഷ്യയിൽ മുപ്പതുമാസം' എന്ന ഗ്രന്ഥം ഇംഗ്ലീഷിലും മറാഠിയിലും പ്രസിദ്ധീകരിച്ചു. 1971 ജൂൺ 12-ന് മുംബൈയിൽ വച്ച് ടെണ്ടുൽക്കർ അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia