ദില്ലിയിലെ മംലൂക്ക് രാജവംശം
ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമാണ് മംലൂക്ക് രാജവംശം, അഥവാ ഗുലാം രാജവംശം. ഡൽഹി ആസ്ഥാനമാക്കി ഉത്തരേന്ത്യ ഭരിച്ച ആദ്യത്തെ മുസ്ളിം രാജവംശമാണിത്. 1206 മുതൽ 1290 വരെയായിരുന്നു ഇവരുടെ ഭരണകാലം. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായ കുത്തബ്ബുദ്ദീൻ ഐബക്ക് ഐബക്ക് ഗോത്രത്തിലെ ഒരു തുർക്കി അടിമയായിരുന്നു. ഐബക്ക് പിന്നീട് സൈന്യാധിപനാവുകയും മുഹമ്മദ് ഘോറിയുടെ ഇന്ത്യൻ പ്രവിശ്യകളുടെ ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. 1206-ൽ, അനന്തരാവകാശികളില്ലാതെ മുഹമ്മദ് ഘോറി മരിച്ചതിനു ശേഷം, കുത്തബ്ബുദ്ദിൻ തന്റെ എതിരാളികളോട് യുദ്ധം ചെയ്ത് മുഹമ്മദ് ഘോറിയുടെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കുത്തബ്ബുദ്ദിന്റെ തലസ്ഥാനം ആദ്യം ലാഹോറിലും പിന്നീട് ദില്ലിയിലും ആയിരുന്നു. ദില്ലിയിൽ അദ്ദേഹം കുത്തബ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചു. ![]() 1210-ൽ ഒരു അപകടത്തിൽ കുത്തബ്ബുദ്ദിൻ മരിച്ചു. പിന്തുടർച്ചയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിനു ശേഷം മറ്റൊരു തുർക്കി അടിമയായ ഇൽത്തുമിഷ് സുൽത്താനായി. ഇൽത്തുമിഷ് കുത്തബ്ബുദ്ദിന്റെ മകളെ വിവാഹം ചെയ്തു. ഒരാളൊഴിച്ച് ഈ രാജവംശത്തിലെ മറ്റെല്ലാ സുൽത്താന്മാരും ഇൽത്തുമിഷിന്റെ പിൻഗാമികളായിരുന്നു. ഇതിൽ ഇൽത്തുമിഷിന്റെ മകളായ റസിയയും ഉൾപ്പെടും. സുൽത്താന റസിയ നാലുവർഷം ഭരിച്ചു. സുൽത്താൻ ബാൽബനും ഒരു മുൻ-അടിമയായിരുന്നു. സുൽത്താൻ നസറുദ്ദീന്റെ സൈന്യാധിപനായിരുന്ന ബാൽബൻ മംഗോളിയരുടെ ആക്രമണങ്ങൾ ചെറുത്തു. ഒടുവിൽ ദില്ലി സുൽത്താനത്തിന്റെ കിരീടം സ്വന്തമാക്കി. ബാൽബന്റെ ചെറുമകന്റെയും ചെറുമകന്റെ മകന്റെയും അല്പകാലം നീണ്ടുനിന്ന ഭരണങ്ങൾക്കു ശേഷം, മംലൂക്ക് രാജവംശത്തെ ഖൽജി രാജവംശത്തിലെ ജലാലുദ്ദിൻ ഫിറോസ് ഖൽജി പരാജയപ്പെടുത്തി. മുഹമ്മദ് ഘോറിയുടെ കാലത്തുതന്നെ ബംഗാളിലും ബിഹാറിലും ഖൽജി രാജവംശം അധികാരം സ്ഥാപിച്ചിരുന്നു. സുൽത്താന്മാരുടെ പട്ടിക
ഇതും കാണുകപുറത്തുനിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia