ദുലാദേവ ക്ഷേത്രം
മധ്യപ്രദേശിലെ ഖജുരാഹോയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ദുലാദേവ ക്ഷേത്രം അഥവാ ദുലാദിയോ ക്ഷേത്രം (ദേവനാഗരി: दुलादेव मंदिर). ലിംഗരൂപത്തിലുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.[1][2]. ദുലോഡിയോ എന്ന വാക്കിന്റെ അർത്ഥം 'വിശുദ്ധനായ വരൻ' എന്നാണ്.[3] ഈ ക്ഷേത്രം 'കുൻവർ മഠ്' എന്ന പേരിലും അറിയപ്പെടുന്നു. കിഴക്കു ദിക്കിനെ അഭിമുഖീകരിക്കുന്ന ക്ഷേത്രം ഒരു രഥത്തിന്റെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. [4] എ.ഡി. 1000-നും 1150-നുമിടയിൽ ചന്ദേലവംശത്തിലെ രാജാക്കൻമാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്. [2] ക്ഷേത്രത്തിന്റെ ചുവരുകളിൽ മനോഹരമായ ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. അപ്സരസ്സുകൾ മൈഥുനത്തിലേർപ്പെട്ടിരിക്കുന്ന തരത്തിലുള്ള ശില്പങ്ങളാണ് പ്രധാന ആകർഷണം.[5][6] 1986-ൽ യുനെസ്കോ ഖജുരാഹോയിലെ എല്ലാ ക്ഷേത്രങ്ങളെയും ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[7] സ്ഥാനംഖജുരാഹോയിൽ ഈ ക്ഷേത്രത്തോടൊപ്പം നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയെ പശ്ചിമ മേഖല, കിഴക്കൻ മേഖല, ദക്ഷിണ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ദുലാദേവ ക്ഷേത്രവും ചതുർഭുജ ക്ഷേത്രവും ഉൾപ്പെടുന്നതാണ് ദക്ഷിണ മേഖല. ഖജുരാഹോ ഗ്രാമത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന ഖോഡാർ (Khodar) നദിയുടെ തീരത്താണ് ദുലാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള ഖോഡാർ നദി ഈ പ്രദേശത്ത് ആറു കിലോമീറ്റർ വിസ്തൃതിയിൽ ഒഴുകുന്നു.[8][1] യാത്ര ചെയ്യാൻ പ്രയാസമേറിയ പരുക്കൻ റോഡുകളാണ് നദീ തീരത്തുള്ളത്.[9] ചരിത്രം![]() പത്താം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയ്ക്ക് മധ്യഭാരതം ഭരിച്ചിരുന്ന രാജവംശമാണ് ചന്ദേല രാജവംശം. എ.ഡി. 1202-ലെ മുസ്ലീം ആക്രമണത്തോടെയാണ് ഈ രാജവംശത്തിന് അന്ത്യം സംഭവിച്ചത് . ചന്ദേല രാജാക്കൻമാരുടെ കാലത്താണ് ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും നിർമ്മിക്കപ്പെട്ടത്. ഖജുരാഹോയിൽ ചന്ദേലൻമാർ പണികഴിപ്പിച്ചിട്ടുള്ള 87 ക്ഷേത്രങ്ങളിൽ 22 എണ്ണവും ശിവക്ഷേത്രങ്ങളാണ്. ഈ ശിവക്ഷേത്രങ്ങളിലൊന്നാണ് ദുലാദേവ ക്ഷേത്രം. എ.ഡി. 950-നും 1050-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം മികച്ച രീതിയിൽ നടന്നതെന്നു വിശ്വസിക്കപ്പെടുന്നു.[10] ചന്ദേല മഹാരാജാവായ മദനവർമ്മന്റെ (1128-1165) ഭരണകാലത്താണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നും അഭിപ്രായങ്ങളുണ്ട്.[11] 1335-ൽ ക്ഷേത്രം നിലനിന്നിരുന്നു എന്ന് ലോക പ്രശസ്ത മൊറോക്കൻ സഞ്ചാരി ഇബുനു ബത്തൂത്ത സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉത്തർപ്രദേശിലെ കാൺപൂരിനടുത്തുള്ള ജേംസറിൽ നിന്നും കണ്ടെത്തിയിട്ടുള്ള ക്ഷേത്രാവശിഷ്ടങ്ങളിൽ ധാരാളം ശില്പങ്ങളുണ്ടായിരുന്നു. ഈ ശില്പങ്ങൾക്ക് ദുലാദേവ ക്ഷേത്രത്തിലെ ശില്പങ്ങളുമായി ഏറെ സമാനതകളുണ്ടായിരുന്നു. രണ്ടു സ്ഥലത്തെയും ശില്പങ്ങൾ നിർമ്മിച്ചത് ഒരേ ശില്പികൾ തന്നെയാകാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ചന്ദേല മഹാരാജാവായ കീർത്തിവർമ്മന്റെ ഭരണകാലത്താകാം (1060-1100) ഇവ നിർമ്മിക്കപ്പെട്ടത്.[12] എന്നാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങൾ പ്രകാരം എ.ഡി. 950-നും 1150-നും മധ്യേയാണ് ക്ഷേത്രനിർമ്മാണം നടന്നത്. ദുലാദേവ ക്ഷേത്രത്തിനുള്ളിൽ പലയിടത്തും 'വാസല' എന്ന പേര് ആലേഖനം ചെയ്തിട്ടുണ്ട്. ശില്പങ്ങൾ നിർമ്മിച്ച പ്രധാന ശില്പിയുടെ പേരായിരിക്കാം ഇത്. നിർമ്മാണവും വാസ്തുവിദ്യയുംഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യാശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഹൈന്ദവ ദേവനായ ശിവനാണ് ഇവിടുത്തെ ആരാധനാ മൂർത്തി. ശിവന്റെ വാസസ്ഥാനമായ കൈലാസ പർവ്വതത്തെ അനുകരിച്ചുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശിവലിംഗത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവലിംഗത്തിന്റെ പുറത്ത് 999 ചെറു ലിംഗങ്ങൾ കൊത്തിവച്ചിരിക്കുന്നു. അതിനാൽ തന്നെ ഇവിടുത്തെ ശിവലിംഗത്തെ ഒരു തവണ വലം വയ്ക്കുന്നത് ആയിരം ശിവലിംഗങ്ങളെ വലം വയ്ക്കുന്നതിനു തുല്യമാണ്.[13] 'നിരന്തര' എന്ന വിഭാഗത്തിൽപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ദുലാദേവ ക്ഷേത്രം. സ്ഥിരമായ ഒരു പ്രവേശന കവാടമോ പ്രധാന മണ്ഡപമോ ഇല്ലാത്ത ക്ഷേത്രങ്ങളെയാണ് പൊതുവെ 'നിരന്തര ക്ഷേത്രങ്ങൾ' എന്നുപറയുന്നത്.[14][1] ചന്ദേല രാജവംശത്തിന്റെ അന്ത്യനാളുകളിൽ നിർമ്മിക്കപ്പെട്ടതിനാലാണ് ക്ഷേത്രത്തിന് ഒരു പ്രവേശന കവാടമോ പ്രധാന മണ്ഡപമോ ലഭിക്കാതിരുന്നത്.[15] ക്ഷേത്രത്തിന്റെ പ്രധാന ഭാഗം അഷ്ടഭുജാകൃതിയിലുള്ളതും വിശാലവുമാണ്. ഇതിന്റെ മുകൾ ഭാഗത്ത് നിരവധി ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. അപ്സരസ്സുകൾ, സുന്ദരിമാർ, ദേവൻമാർ, ത്രിമൂർത്തികൾ, അമാനുഷികർ എന്നിവരുടെ ശില്പങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. ഖജുരാഹോയിലെ ക്ഷേത്രങ്ങളിലെല്ലാം ഇതുപോലുള്ള നിരവധി ശില്പങ്ങൾ കാണാൻ സാധിക്കും.[8] ക്ഷേത്രത്തിലെ പല ഭാഗങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ചില ഭാഗങ്ങൾ പുതുക്കിപ്പണിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നുണ്ട്. നിലവിൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നാണ് ഈ ക്ഷേത്രം.[7] ചിത്രശാല
കൂടുതൽ വായനയ്ക്ക്
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia