ദോഹ ഉച്ചകോടിലോക വ്യാപാര സംഘടനയുടെ (World Trade Organisation-WTO)[1] നാലാമത് മന്ത്രിതല സമ്മേളനമാണ് ദോഹ ഉച്ചകോടി[2] എന്നപേരിൽ അറിയപ്പെടുന്നത്. 2001 നവംബറിൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സംഘടിപ്പിക്കപ്പെട്ടു. ലോക വ്യാപാര സംഘടനയുടെ കാർഷിക കരാറിലെ ആർട്ടിക്കിൾ-20 പ്രകാരം 2000-ത്തിന്റെ തുടക്കത്തിൽത്തന്നെ കൃഷിയോടനുബന്ധമായ അനുരഞ്ജന ചർച്ചകൾക്ക് ഡയറക്ടർ ജനറൽ മൈക്ക് മൂറിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ചിരുന്നു. കാർഷികമേഖലയെ സംബന്ധിച്ച് 121 അംഗരാജ്യങ്ങളും സേവനമേഖലയെ സംബന്ധിച്ച് 50 അംഗരാജ്യങ്ങളും തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 21 ഇനങ്ങളാണ് ദോഹപ്രഖ്യാപനത്തിന്റെ പരിഗണനയിൽ വന്നത്. കാർഷിക സബ്സിഡികൾ, ടെക്സ്റ്റെൽ, വസ്ത്രവ്യാപാരം, വ്യവസായം നേരിടുന്ന പ്രതിസന്ധികൾ, വ്യാവസായിക അനുബന്ധ നിക്ഷേപം, മത്സരം, പരിസ്ഥിതി, മത്സ്യബന്ധനം, കാർഷികവും കാർഷികേതരവുമായ വിപണികളുടെ സാധ്യതകൾ, കയറ്റുമതി-ഇറക്കുമതി ചുങ്കങ്ങളിലെ നിയന്ത്രണം, സാങ്കേതികവിദ്യകളുടെ കൈമാറ്റം, മരുന്നുകൾക്കുമേലുള്ള പേറ്റന്റ്, അവശ്യമരുന്നുകളുടെ ലഭ്യത, പൊതുജനാരോഗ്യം, പകർച്ചവ്യാധികളെ ചെറുക്കുവാൻ ആവശ്യമായ കർമപരിപാടികൾ, പാരമ്പര്യ അറിവുകൾക്കുമേലുള്ള ഭൗതിക സ്വത്താവകാശ നിയമങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ഉദാരവത്കരണപ്രക്രിയയെ ശക്തമാക്കുന്ന ഒട്ടനവധി തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. വികസിതരാജ്യങ്ങളുടെ പിടിവാശിമൂലം വികസ്വരരാഷ്ട്രങ്ങൾക്ക് അനുകൂലമാകേണ്ട ഒട്ടനവധി പ്രശ്നങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുക്കുവാൻ കഴിയാതെ ദോഹ ഉച്ചകോടി പിരിയുകയാണുണ്ടായത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia