നാഗേന്ദ്ര മത്സ്യം
സൈപ്രിനിഡെ (Cyprinidae) മത്സ്യകുടുംബത്തിൽപ്പെടുന്ന വളർത്തുമത്സ്യമാണ് നാഗേന്ദ്ര മത്സ്യം. ശാസ്ത്രനാമം.: ഓസ്റ്റിയോക്കൈലസ് തോമാസ്സി (Osteochilus thomassi). ദക്ഷിണേന്ത്യയിലെ ഗോദാവരി, കൃഷ്ണ, തുംഗഭദ്ര എന്നീ നദികളിൽ ഈ മത്സ്യം ധാരാളമായി കാണുന്നു. രൂപവിവരണം60 സെ.മീ. നീളത്തിൽ വളരുന്ന നാഗേന്ദ്ര മത്സ്യത്തിന് ദീർഘായതാകൃതിയാണ്. ഇതിന്റെ മുതുകുഭാഗവും ഉദരഭാഗവും മങ്ങിയ വെളുപ്പും പാർശ്വങ്ങൾ വെള്ളിനിറവുമാണ്. ശരീരത്തിന്റെ പാർശ്വഭാഗം അല്പം പതിഞ്ഞിരിക്കുന്ന ഇതിന്റെ മോന്ത വായയുടെ മുകളിലേക്ക് അല്പം ഉന്തിനിൽക്കുന്നു. മോന്തയിൽ നിരവധി സൂക്ഷ്മസുഷിരങ്ങളുമുണ്ട്. മേൽച്ചുണ്ടിൽ ഞൊറികളുണ്ടായിരിക്കും; തൊങ്ങലുകളില്ല. മുൻപാർശ്വച്ചിറകുകൾ തലയുടെ അത്രതന്നെ നീളമുള്ളതാണ്. നാഗേന്ദ്ര മത്സ്യത്തിന് ക്രമത്തിൽ അടുക്കിയിരിക്കുന്ന വലിയ ചെതുമ്പലുകളാണുള്ളത്. പാർശ്വരേഖയിൽ 35-45 ചെതുമ്പലുകളുണ്ടായിരിക്കും. മുതുച്ചിറകിൽ 11-13 ശാഖകളുള്ള റേകൾ കാണപ്പെടുന്നു. വാൽച്ചിറകിന്റെ അരികിനു കറുപ്പുനിറമാണ്. ആഹാരംനാഗേന്ദ്ര മത്സ്യം പ്രധാനമായും ജലോപരിതലത്തിലാണ് ഇരതേടുന്നത്. ജലാശയങ്ങളുടെ കരയോടടുത്ത ഭാഗങ്ങളിലും അടിത്തട്ടിലും ചുണ്ടുകൾ കൊണ്ട് ചികഞ്ഞു നടന്ന് ഇരയെ കണ്ടെത്തുന്നു. സസ്യപ്ലവകങ്ങളും പായലുകളും ക്രസ്റ്റേഷ്യ വർഗത്തിൽപ്പെട്ട ജന്തുപ്ലവകങ്ങളുമാണ് ഇവ ഭക്ഷിക്കുന്നത്. പ്രജനനകാലംനാഗേന്ദ്ര മത്സ്യം പ്രജനനം നടത്തുന്നത് ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസക്കാലയളവിലാണ്. ഇക്കാലത്ത് അമ്പതോളം മത്സ്യങ്ങൾ കൂട്ടം ചേർന്ന് ആഴം കുറഞ്ഞതും ചരൽനിറഞ്ഞതുമായ നല്ല ഒഴുക്കുള്ള നദീതീരങ്ങളിലേക്കു പ്രജനനത്തിനായി എത്തിച്ചേരുന്നു. 25 സെന്റിമീറ്ററോളം വളർച്ചയെത്തിയ ഒരു പെൺമത്സ്യം 30,000 മുട്ടകൾ വരെ ഇടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുട്ടകൾക്ക് ഏകദേശം 1.5 മി.മീ. വരെ വ്യാസമുണ്ടാകും. മത്സ്യകൃഷിതമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും നാഗേന്ദ്ര മത്സ്യക്കൃഷിയുണ്ട്. പായലുകളും സസ്യപ്ലവകങ്ങളും നിറഞ്ഞ ഉൾനാടൻ കുളങ്ങളിലും ജലാശയങ്ങളിലും ഈ മത്സ്യം വളർത്തുന്നത് വളരെ ആദായകരമാണെന്ന് കണ്ടിട്ടുണ്ട്. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia