ഇന്ത്യയിലെ തീവ്രവാദവിരുദ്ധ കുറ്റാന്വേഷണ ഏജൻസിയാണ് ദേശീയ അന്വേഷണ ഏജൻസി അഥവാ എൻ.ഐ.എ. (National Investigation Agency). അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചൽ, ആണവോർജ്ജ നിയമത്തിന്റെ ലംഘനം, മയക്കുമരുന്ന് സ്വർണ്ണം എന്നിവയുടെ കള്ളക്കടത്ത്, അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്കുള്ള യുവാക്കളുടെ ചേരൽ, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കാണ് ഇതിൻ്റെ നിയന്ത്രണം. ന്യൂഡൽഹിയാണ് ആസ്ഥാനം.
സംഘടനയുടെ രൂപവത്കരണം
തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോളാണ് ഇത്തരം സംഘടനയുടെ ആവശ്യകതയെപ്പറ്റി ഭരണ കർത്താക്കൾ ബോധവാന്മാരായത്.
ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും[3].
അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. 1975 ബാച്ചിലെ ഐ പി എസ് ഓഫീസർ രാധാ വിനോദ് രാജുവാണ് എൻ.ഐ.എ മേധാവി. നിലവിലുള്ള സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പോലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കും.
ശ്രദ്ധേയമായ ചെയ്തികൾ
- കോഴിക്കോട് ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണത്തിലൂടെയും ലഷ്കർ ഇ തോയ്ബ അംഗം എന്നു കരുതുന്ന തടിയന്റവിട നസീറിലൂടെയും എൻ.ഐ.എയുടെ അന്വേഷണം കേരളത്തിൽ എത്തിയിരിക്കുന്നു.
- കേരളത്തിൽ സിമി ക്യാമ്പ് നടത്തിയെന്ന പേരിൽ ആദ്യമായി ഏറ്റെടുത്ത തീവ്രവാദ കേസിൽ 16 പേർ അറസ്റ്റ് ചെയ്യുകയും എന്നാല് അവര് നിരപരാധികളാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു.
- 2020 ജൂണിൽ കേരളത്തിൽ നടന്ന സ്വർണ്ണം കടത്ത് കേസിലെ പ്രതികളെ 2020 ജൂലൈ 12 ന് ദേശീയ അന്വേഷണ വിഭാഗം ബാംഗ്ലൂരിൽ നിന്നും പിടികൂടി.[4]
വിമർശനങ്ങൾ
സംസ്ഥാനങ്ങളൂടെ വിഷയമായ ക്രമസമാധാനത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ കേന്ദ്ര സംസ്ഥാന ബന്ധം വഷളാക്കുമെന്നു വിമർശനമുയർന്നിട്ടുണ്ട്[3]
ഇതും കാണുക
അവലംബം
- മാതൃഭൂമി ഹരിശ്രീ 2009 ഡിസംബർ 26