നാഷണൽ മ്യൂസിയം ഓഫ് നേപ്പാൾ
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന മ്യൂസിയമാണ് നാഷണൽ മ്യൂസിയം ഓഫ് നേപ്പാൾ (നേപ്പാളി : राष्ट्रिय संग्रहालय, छाउनी ). രാജ്യത്തെ ഏറ്റവും വലിയ മ്യൂസിയമായ ഇതിന് ഏതാണ്ട് നൂറുവർഷത്തെ പഴക്കമുണ്ട്. 18 - 19 നൂറ്റാണ്ടുകളിലെ നേപ്പാൾ ചരിത്രവും പോരാട്ടങ്ങളും വിശദമാക്കുന്ന ചിത്രങ്ങൾ, ശിൽപങ്ങൾ, ആയുധങ്ങൾ, നാണയങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ പ്രദർശനത്തിനായി വച്ചിരിക്കുന്നു.[1] ബുദ്ധ ആർട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, പ്രകൃതി സംബന്ധമായ മ്യൂസിയം, ജുദ്ധ ജയാതീയ കലാശാല എന്നിങ്ങനെ നിരവധി മ്യൂസിയങ്ങളും ഇവിടെയുണ്ട്. നേപ്പാൾ സർക്കാരിനു കീഴിൽ ടൂറിസം, സാംസ്കാരികം, വ്യോമയാനം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രാലയമാണ് മ്യൂസിയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. നേപ്പാൾ ചരിത്രവും നേപ്പാളി ജനതയുടെ ജീവിതരീതികളും മനസ്സിലാക്കുവാനായി ധാരാളം പുരാവസ്തു ഗവേഷകരും വിനോദസഞ്ചാരികളും ഇവിടെയെത്തുന്നു. ചരിത്രം1928-ലാണ് നേപ്പാൾ നാഷണൽ മ്യൂസിയം സ്ഥാപിതമായത്.[1] നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന ഭീംസെൻ ഥാപ്പ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കെട്ടിടത്തെയാണ് ആദ്യം മ്യൂസിയമാക്കി മാറ്റിയത്. ആദ്യകാലത്ത് ആയുധശേഖരം മാത്രമുണ്ടായിരുന്ന മ്യൂസിയത്തിൽ പിന്നീട് വെങ്കല പ്രതിമകൾ, ചിത്രങ്ങൾ, ഫ്രഞ്ച് ഭരണാധികാരി നെപ്പോളിയൻ സമ്മാനിച്ച വാൾ എന്നിവ കൂടി ചേർത്തു.[2][1][3] 1939-ൽ നേപ്പാൾ പ്രധാനമന്ത്രി ജുദ്ധ ഷംഷെർ ജുംഗ് ബഹാദൂർ റാണയാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.കുറഞ്ഞ ചെലവിൽ നേപ്പാളി ജനതയ്ക്ക് ഇവിടെ പ്രവേശനം അനുവദിച്ച അദ്ദേഹം സ്വന്തം പേരിൽ ഒരു ആർട്ട് മ്യൂസിയം കൂടി നിർമ്മിച്ചു. 1943-ലാണ് ആർട്ട് ഗ്യാലറിയുടെ പ്രവർത്തനം ആരംഭിച്ചത്.[3] 'ആയുധശേഖരം' എന്നർത്ഥമുള്ള 'ചൗനി സിൽക്കാന' എന്ന പേരിലാണ് ആദ്യകാലത്ത് മ്യൂസിയം അറിയപ്പെട്ടിരുന്നത്. 1967-ൽ മഹേന്ദ്ര രാജാവിന്റെ കാലത്ത് മ്യൂസിയത്തിന്റെ പേര് 'രാഷ്ട്രീയ സംഗ്രഹാലയം' എന്നാക്കി. ഇംഗ്ലീഷിൽ ഇതിനെ നാഷണൽ മ്യൂസിയം എന്നുപറയുന്നു.[4] സ്ഥാനംനേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള സ്വയംഭൂനാഥ സ്തൂപത്തിനു സമീപമാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.[5] വിഷ്ണുനദിയുടെ തീരത്ത് കുന്നുകൾ നിറഞ്ഞ പ്രദേശത്താണ് മ്യൂസിയം നിലനിൽക്കുന്നത്.[3] മ്യൂസിയത്തിന്റെ ഇടതുവശത്തുള്ള ആർട്ട് ഗ്യാലറിയിൽ പ്രതിമകളും ചിത്രങ്ങളുമുണ്ട്. ബുദ്ധ ആർട്ട് ഗ്യാലറിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു. വലതുവശത്തായി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നു. ആർട്ട് ഗ്യാലറി![]() ശിലയിലും തടിയിലും ലോഹങ്ങളിലും നിർമ്മിച്ച വസ്തുക്കളാണ് ആർട്ട് ഗ്യാലറിയിൽ പ്രദർശനത്തിനായി വച്ചിരിക്കുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലിച്ചാവി രാജവംശത്തിലെ ജയവർമ്മ രാജാവിന്റെ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒൻപതാം നൂറ്റാണ്ടിലെ ബുദ്ധ പ്രതിമ, പത്താം നൂറ്റാണ്ടിലെ ഗരുഡാസന വിഷ്ണു പ്രതിമ, 12-ആം നൂറ്റാണ്ടിലെ വീണാധാരിണി സരസ്വതി പ്രതിമ, 14-ആം നൂറ്റാണ്ടിലെ സൂര്യ പ്രതിമ എന്നിവയും ഇവിടെ കാണാൻ കഴിയും.[6] 15-ആം നൂറ്റാണ്ടിൽ തടി കൊണ്ട് നിർമ്മിച്ച നൃത്തം ചെയ്യുന്ന ദേവിയുടെ പ്രതിമയും ഇവിടെയുണ്ട്. പ്രതിമകൾ കൂടാതെ ധാരാളം ചിത്രങ്ങളും ആർട്ട് ഗ്യാലറിയിൽ പ്രദർശനത്തിനായി വച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇവയിൽ പ്രധാനം. ബുദ്ധ ആർട്ട് ഗ്യാലറിബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശിൽപങ്ങളും മറ്റു വസ്തുക്കളുമാണ് ബുദ്ധ ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ യന്ത്ര, ബുദ്ധിയുടെ ദേവതയായ മഞ്ജുശ്രീ, ദീപാങ്കുര ബുദ്ധൻ എന്നിവയുടെ ആവിഷ്കാരവും ഇവിടെയുണ്ട്. ചരിത്ര മ്യൂസിയംനേപ്പാളിലെ പ്രധാനമന്ത്രിയായിരുന്ന ഭീംസെൻ ഥാപ്പ 18-ആം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ചരിത്രമ്യൂസിയം. നേപ്പാൾ ചരിത്രത്തിലെ പല യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ വിപുലമായ ഒരു ശേഖരം ഇവിടെയുണ്ട്. 1792-ലെ നേപ്പാൾ - ടിബറ്റൻ യുദ്ധവുമായി ബന്ധപ്പെട്ട് തുകലിൽ എഴുതിയ രേഖകൾ, തോക്കുകൾ, കുന്തങ്ങൾ, ഗഹേന്ദ്ര ഷംഷെർ ജുംഗ് ബഹാദൂർ റാണ കണ്ടുപിടിച്ചതായി കരുതുന്ന തോക്ക് എന്നിവ ഇവിടുത്തെ അമൂല്യ വസ്തുക്കളാണ്. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് സമ്മാനിച്ച വാൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. നേപ്പാൾ ഭരിച്ച രാജാക്കന്മാരുടെയും പ്രധാനമന്ത്രിമാരുടെയും ധാരാളം ചിത്രങ്ങൾ ചരിത്രമ്യൂസിയത്തിലുണ്ട്. അഞ്ചു മുതൽ ഏഴുവരെ നൂറ്റാണ്ടുകളിലെ ലിച്ചാവി രാജാക്കന്മാരുടെ കാലം മുതൽ ആധുനിക കാലം വരെയുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളുടെ ഒരു വലിയ ശേഖരവും ഇവിടെയുണ്ട്. ചരിത്രമ്യൂസിയത്തിനു സമീപമായി പ്രകൃതി മ്യൂസിയവും സ്ഥിതിചെയ്യുന്നു. നേപ്പാളിലെ ജൈവവൈവിധ്യമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം. സസ്യങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ, ചിത്രശലഭങ്ങൾ, പ്രാണികൾ, പക്ഷികൾ എന്നിവയെ സംബന്ധിച്ച വിവരങ്ങളും കടുവ, പുലി, ചെമ്പൻ പാണ്ട, പറക്കും അണ്ണാൻ, കാണ്ടാമൃഗം, തിമിംഗിലം എന്നിവയുടെ അസ്ഥികൂടങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia