നാസി പാർട്ടി
![]() ജർമ്മനിയിൽ 1919 നും 1945 നും ഇടയിൽ നിലനിന്നിരുന്ന തീവ്രവലതുപക്ഷപാർട്ടിയായിരുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി ആണു നാസി പാർട്ടി എന്നറിയപ്പെടുന്നത്. (German: Nationalsozialistische Deutsche Arbeiterpartei, abbreviated NSDAP).1920 ന് മുൻപ് ജർമ്മൻ വർക്കേഴ്സ് പാർട്ടി എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധാനന്തരജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് പ്രക്ഷോഭങ്ങൾക്കെതിരെ പോരാടിയ തീവ്ര ജർമ്മൻ ദേശീയവാദികളും വംശീയവാദികളും പോപ്പുലിസ്റ്റുകളുമായ ഫ്രീകോർപ്സ് അർദ്ധസൈനിക സംസ്കാരത്തിൽ നിന്നാണ് നാസി പാർട്ടി ഉയർന്നുവന്നത്.[5] കമ്മ്യൂണിസത്തിൽ നിന്നും വോൾക്കിഷ് ദേശീയതയിലേക്ക് പ്രവർത്തകരെ ആകർഷിക്കുന്നതിനാണ് പാർട്ടി സൃഷ്ടിച്ചത്.[6] തുടക്കത്തിൽ നാസിപാർട്ടിയുടെ രാഷ്ട്രീയതന്ത്രം വൻകിടബിസിനസ്സ് വിരുദ്ധ, ബൂർഷ്വാവിരുദ്ധ, മുതലാളിത്തവിരുദ്ധ പ്രഭാഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ ബിസിനസ്സ് നേതാക്കളുടെ പിന്തുണ നേടുന്നതിനായി ഈ തന്ത്രത്തിൽ മാറ്റം വരുത്തുകയും 1930-കളോടെ പാർട്ടിയുടെ പ്രധാന ശ്രദ്ധ ജൂതവിരുദ്ധവും മാർക്സിസ്റ്റ് വിരുദ്ധവുമായ വിഷയങ്ങളിലേക്ക് മാറുകയും ചെയ്തു.[7] തകർന്നുപോയ ജീവിത നിലവാരവും വലിയ തൊഴിലില്ലായ്മയും ജർമ്മൻ ജനതയെ രാഷ്ട്രീയതീവ്രവാദത്തിലേക്ക് തള്ളിവിട്ട മഹാസാമ്പത്തികമാന്ദ്യം വരെ പാർട്ടിക്ക് ജനപിന്തുണ കുറവായിരുന്നു.[8] കപടശാസ്ത്രപരമായ വംശീയ സിദ്ധാന്തങ്ങൾ നാസിസത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു.[9] "വംശീയമായി അഭിലഷണീയരായ" ജർമ്മൻകാരെ ഒന്നിപ്പിക്കാൻ പാർട്ടി ലക്ഷ്യം വെച്ചു. അതേസമയം രാഷ്ട്രീയ വിയോജിപ്പുള്ളവരോ ശാരീരികമോ ബൗദ്ധികമോ ആയി ബുദ്ധിമുട്ടുന്നുവരോ അല്ലെങ്കിൽ ഒരു വിദേശവംശത്തെ പ്രതിനിധീകരിക്കുന്നവരെയോ പാർട്ടിയിൽ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു.[10] നാസിസത്തിന്റെ പ്രധാനാശയങ്ങളിലൊന്ന് "ജനങ്ങളുടെ സമൂഹം" (Volksgemeinschaft) എന്ന ആശയത്തിൽ പ്രകടിപ്പിക്കപ്പെട്ട വംശീയവേർതിരിവായിരുന്നു.[9] "ആര്യൻ മാസ്റ്റർ വംശം" എന്ന ആശയം, വംശീയ പരിശുദ്ധി, യൂജെനിക്സ്, വിശാലമായ സാമൂഹിക ക്ഷേമ പരിപാടികൾ, വ്യക്തിഗത അവകാശങ്ങളുടെ കൂട്ടായ കീഴ്വഴക്കം എന്നിവയിലൂടെ നാസികൾ ജർമ്മൻ ജനതയെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. നാസി ആശയങ്ങൾ ജനങ്ങളെ ഭരണകൂടത്തിന്റെ നന്മയ്ക്കു വേണ്ടി ത്യാഗം ചെയ്യാൻ പ്രേരിപ്പിച്ചു. ആര്യൻ വംശത്തിന്റെ ശുദ്ധതയും ശക്തിയും സംരക്ഷിക്കുന്നതിനായി, നാസികൾ ജൂതന്മാർ, റൊമാനികൾ, പോളുകൾ, സ്ലാവുകൾ, ശാരീരികവും മാനസികവുമായ വൈകല്യമുള്ളവർ, സ്വവർഗാനുരാഗികൾ, യഹോവയുടെ സാക്ഷികൾ, രാഷ്ട്രീയ എതിരാളികൾ എന്നിവരെ വേർതിരിക്കാനും അവരുടെ വോട്ടവകാശം നിഷേധിക്കാനും ഒടുവിൽ അവരെ ഉന്മൂലനം ചെയ്യാനും ശ്രമിച്ചു.[11] നാസി പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ജർമ്മൻ ഭരണകൂടം അന്തിമപരിഹാരത്തിന് (ഫൈനൽ സൊല്യൂഷൻ) തുടക്കമിട്ടപ്പോൾ വംശഹത്യയും ഉന്മൂലനവും അതിന്റെ പാരമ്യത്തിലെത്തി. ഒരു വ്യവസായികസംവിധാനം പോലെ ഏകദേശം 6 ദശലക്ഷം ജൂതന്മാരെയും ലക്ഷക്കണക്കിന് മറ്റ് ജനവിഭാഗങ്ങളെയും കൂട്ടക്കൊല ചെയ്ത ഈ വംശഹത്യ ഹോളോകോസ്റ്റ് എന്നറിയപ്പെടുന്നു.[12] 1933 -ൽ പ്രസിഡന്റായിരുന്ന പൗൾ വോൺ ഹൈഡൻബർഗ് (Paul von Hindenburg) നാസി പാർട്ടിയുടെ 1921-മുതലുള്ള നേതാവായിരുന്ന ഹിറ്റ്‌ലറിനെ ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുത്തു. ഹിറ്റ്‌ലർ മൂന്നാം റീച്ച് എന്നറിയപ്പെടുന്ന ഒരു ഏകാധിപത്യ ഭരണം സ്ഥാപിക്കുകയും സമ്പൂർണ്ണമായ അധികാരത്തോടെ ഏകാധിപതിയായി മാറുകയും ചെയ്തു.[13][14][15][16] രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തെത്തുടർന്ന് നാസി പാർട്ടി നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ടു.[17] ഡിനാസിഫിക്കേഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിൽ നാസി ആശയങ്ങളിൽ നിന്ന് ജർമ്മൻ സമൂഹത്തെ ശുദ്ധീകരിക്കാൻ സഖ്യകക്ഷികൾ ശ്രമിച്ചു. ന്യൂറംബർഗ് വിചാരണയിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിനാൽ നാസി പാർട്ടിയുടെ നിരവധി ഉന്നത നേതാക്കൾ വിചാരണ ചെയ്യപ്പെടുകയും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും വധശിക്ഷക്കു വിധിക്കപ്പെടുകയും ചെയ്തു. ജർമ്മനിയും ഓസ്ട്രിയയും ഉൾപ്പെടെ പല യൂറോപ്യൻ രാജ്യങ്ങളിലും നാസി പാർട്ടിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണ്. ![]() അവലംബം
പുസ്തകസൂചിക
|
Portal di Ensiklopedia Dunia