നിക്കോളായ് വാവിലോവ്
വിശ്രുതനായ റഷ്യൻ സസ്യശാസ്ത്രജ്ഞനാണ് നിക്കോളായ് വാവിലോവ് (25 നവംബർ 1887 - 26 ജനുവരി 1943). ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ പഠനത്തിനായി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു വാവിലോവിന്റേത്. കൃഷി വിളകളുടെ ഉത്ഭവ കേന്ദ്രം (centres of origin) കണ്ടെത്തിയയാളെന്ന നിലയിൽ പ്രശസ്തനായിരുന്നു. തടവറയിൽ മരണമടഞ്ഞു. ജീവിതരേഖ![]() മോസ്കോയിൽ വ്യസായ കുടുംബത്തിൽ ജനിച്ചു. പ്രമുഖ ഭൗതിക ശാസ്ത്രഞ്ജനായ സെർജി ഇവാനോവിച്ച് വാവിലോവ് സഹോദരനാണ്. ബാല്യത്തിൽ നേരിട്ട വറുതിയും വിശപ്പും റഷ്യയുടെയും ലോകത്തിന്റെയും ഭക്ഷ്യ ക്ഷാമം അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ വാവിലോവിനെ പ്രേരിപ്പിച്ചു. മോസ്കോ അഗ്രികൾച്ചറൽ ഇൻസ്റ്റ്യൂട്ടിൽ നിന്ന് 1910 ൽ ബിരുദം നേടി ബ്യൂറോ അപ്ലൈഡ് ബോട്ടണി, ബ്യൂറോ ഓഫ് മൈകോളജി ആൻഡ് ഫൈറ്റോ പാത്തോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 1924 മുതൽ 1935 വരെ ലെനിൻ ഗ്രാഡിലെ ആൾ യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചൽ സയൻസസ് ഡയറക്ടറായി പ്രവർത്തിച്ചു. പ്രമുഖ കനേഡിയൻ ഫൈറ്റോ പത്തോളജിസ്റ്റായ മാർഗരറ്റ് ന്യൂട്ടണെപോലെയുള്ളവരെ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു പ്രവർത്തിക്കുവാനായി ക്ഷണിച്ചു. കൃഷി വിളകളിലെ ഉത്ഭവ കേന്ദ്രങ്ങളെ (centres of origin) സംബന്ധിച്ച സിദ്ധാന്ത രൂപവൽക്കരണത്തിനായി നിരവധി സസ്യ - കാർഷിക പര്യവേക്ഷണങ്ങൾ നടത്തിയ വാവിലോവ് ലോകത്തിന്റെ മുക്കിലും മൂലയിലും നിന്ന് വിവിധയിനം വിത്തുകൾ ശേഖരിച്ചു. ലെനിൻഗ്രാഡിൽ ലോകത്തിലെ ഏറ്റവും വലിയ വിത്തു ശേഖരണ കേന്ദ്രം സ്ഥാപിച്ചു. ലെനിൻഗ്രാഡിന്റെ 28 മാസകാലം നീണ്ട ഉപരോധ സമയത്തു പോലും ഈ വിത്തു ശേഖരം സംരക്ഷിച്ചു. പട്ടിണി മൂലം വാവിലോവിന്റെ ഒരു സഹായി മരണപ്പെട്ടിട്ടു പോലും ഈ ഈ വിത്തു ശേഖരം തൊടാതെ സൂക്ഷിച്ചു. ഹിറ്റ്ലറിന്റെ പട്ടാളം ലെനിൻഗ്രാഡ് വളഞ്ഞപ്പോൾ 700,000 ത്തിലധികം ജനങ്ങൾ പട്ടിണിയും രോഗവും മൂലം മരണമടഞ്ഞിരുന്നു. വിത്തു ശേഖരണ കേന്ദ്രത്തിലെ രണ്ടര ലക്ഷത്തിലധികം വരുന്ന വിത്തുകളും വേരുകളും പഴങ്ങളും സംരക്ഷിക്കുവാനായി പ്രത്യേകമൊന്നും ചെയ്യപ്പെട്ടിരുന്നില്ല. വാവിലോവി ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ശാസ്ത്രഞ്ജൻമാർ വിത്തുകളുടെയും മറ്റു ശേഖരങ്ങളുടെയും ഒരു പരിച്ഛേദം കെട്ടിടത്തിന്റെ താഴെ നിലയിലേക്കു മാറ്റുകയും ഊഴം വച്ച് കാവലിരുന്ന് അവയെ സംരക്ഷിക്കുകയും ചെയ്തു. ഈ വിത്തു ബാങ്ക് കൈയ്യടക്കാൻ ഹിറ്റ്ലർ പ്രത്യേകമായ ഒരു കമാൻഡോ യൂണിറ്റിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നുള്ള വിവരം പിന്നീട് ചരിത്ര രേഖകൾ വഴി പുറത്തു വന്നിട്ടുണ്ട്. ഈ വിത്ത് ബാങ്ക് കൈയടക്കുക വഴി ലോക ഭക്ഷ്യ വിതരണം കൈയാളാമെന്ന് ഹിറ്റ്ലർ കരുതിയിരുന്നു. കഴിക്കാൻ ഒരു അരിമണി പോലുമില്ലാതിരുന്നപ്പോഴും വിത്തുകളുടെ കാവാലാളായി നിന്നവർ അതു തൊട്ടില്ല. 1944 ൽ ഉപരോധം അവസാനിച്ചപ്പോഴേക്കും വിത്തിനു കാവലായി നിന്നവരിൽ ഒൻപതു പേർ മരിച്ചിരുന്നു.[2] മെൻഡേലിയൻ തത്ത്വങ്ങളോട് യോജിപ്പില്ലാതിരുന്ന ട്രോഫിം ലൈസൻകോ എന്ന ശാസ്ത്രഞ്ജന്റെ നിശിത വിമർശകനായിരുന്നു വാവിലോവ്. സ്റ്റാലിനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ലൈസൻകോയുടെ സ്വാധീനത്താൽ വാവിലോവ് 1940 ൽ അറസ്റ്റു ചെയ്യപ്പെട്ടു.[3] ഉക്രയിനിലേക്കുള്ള ഒരു പര്യവേക്ഷണത്തിനിടെയായിരുന്നു അത്. 1941 ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും 20 വർഷ തടവായി പിന്നീടു ശിക്ഷ കുറവു ചെയ്യപ്പെട്ടു. 1943 ൽ തടവറയിൽ വച്ച് മരണപ്പെട്ടു. മരണാനന്തരം കുറ്റങ്ങളിൽ നിന്നെല്ലാം ഒഴിവാക്കപ്പെട്ട വാവിലോവ് സോവിയറ്റ് ശാസ്ത്ര ശാഖയുടെ നായകനായി വാഴ്ത്തപ്പെട്ടു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾNikolai Vavilov എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia