നിധീരിക്കൽ മാണിക്കത്തനാർ
മലയാളസാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്നു നിധീരിക്കൽ മാണിക്കത്തനാർ (1842–1904). കുറവിലങ്ങാട്ടു ജനിച്ചു. പത്തൊമ്പതാം വയസ്സിൽ വൈദികനായി. സിറിയൻ ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപീകരിച്ചു. നസ്രാണി ദീപികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ഇത് പിന്നീട് ദീപിക ആയി മാറി. വരാപ്പുഴ മർസലീനോസ് മെത്രാനുമായി ചേർന്ന് സത്യനാദകാഹളം എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തിനു ശ്രമിച്ചു. മലയാളമനോരമയുമായും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ചെയ്തു. ബഹുഭാഷാപണ്ഡിതനായിരുന്ന മാണിക്കത്തനാർ നിരവധി കൃതികൾ വിവർത്തനം ചെയ്യുകയും രചിക്കുകയും ചെയ്തു. പ്രധാനകൃതികൾ: മാതാവിന്റെ വണക്കമാസം, സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം. |
Portal di Ensiklopedia Dunia